സബേർബൻ കൂട്ടത്തോടെ റദ്ദാക്കും; കാത്തിരിക്കുന്നത് യാത്രാ പ്രതിസന്ധി
Mail This Article
ചെന്നൈ ∙ താംബരം യാഡിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ സബേർബൻ ട്രെയിൻ സർവീസുകൾ നാളെ മുതൽ കൂട്ടത്തോടെ റദ്ദാക്കുന്നതോടെ യാത്രക്കാരെ കാത്തിരിക്കുന്നതു വലിയ പ്രതിസന്ധി. ബീച്ച്–ചെങ്കൽപെട്ട് റൂട്ടിൽ നാളെ മുതൽ 14 വരെ 55 സർവീസുകളാണു നിർത്തിവയ്ക്കുക. കഴിഞ്ഞ ശനിയും ഞായറും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും അവധി ദിനങ്ങളായതിനാൽ സ്ഥിരം യാത്രക്കാരെ കാര്യമായി ബാധിച്ചില്ല. എന്നാൽ പ്രവൃത്തി ദിനങ്ങളിലുണ്ടാകുന്ന നിയന്ത്രണം വലിയ പ്രതിസന്ധിയാകാൻ സാധ്യതയുണ്ട്.
ബസിലും റോഡിലും തിരക്കേറും
ബീച്ചിൽനിന്നു ചെങ്കൽപെട്ടിലേക്കും തിരിച്ചും രാവിലെ 9.30 മുതൽ 1 വരെയും രാത്രി 7.30നു ശേഷവുമാണ് സർവീസുകൾ നിർത്തിവയ്ക്കുക. യാത്രാദുരിതം കുറയ്ക്കുന്നതിനായി ബീച്ച്–പല്ലാവരം, ഗുഡുവാഞ്ചേരി–ചെങ്കൽപെട്ട് റൂട്ടുകളിൽ കഴിഞ്ഞയാഴ്ച സ്പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തിയിരുന്നു. ഈ ട്രെയിനുകളിലും അധികമായി ഏർപ്പെടുത്തിയ എംടിസി ബസുകളിലും വലിയ തിരക്കാണ്. സ്പെഷൽ ട്രെയിൻ ഓടിക്കാത്ത പല്ലാവരം–ഗുഡുവാഞ്ചേരി റൂട്ടിൽ എംടിസി ബസുകളിലെ വാതിൽപടിയിൽ വരെ നിന്നാണു പലരും യാത്ര ചെയ്തത്. വരും ദിവസങ്ങൾ പ്രവൃത്തി ദിനങ്ങൾ കൂടിയായതിനാൽ ബസുകളിൽ സൂചി കുത്താൻ ഇടമില്ലാത്ത വിധം തിരക്ക് വർധിക്കാനിടയുണ്ട്.ട്രെയിനുകളിൽ യാത്ര ചെയ്തിരുന്ന പലരും സ്വകാര്യ വാഹനങ്ങളുമായി ഇറങ്ങിയതോടെ റോഡുകളിൽ തിരക്ക് വർധിച്ചു. പ്രധാന റോഡുകളിൽ വൈകുന്നേരങ്ങളിൽ വലിയ ഗതാഗതക്കുരുക്കാണ്.
വരും ദിനങ്ങളിൽ ബസിലും റോഡിലും തിരക്ക് ഇതിലേറെ വർധിക്കാനാണു സാധ്യത. കഴിഞ്ഞ ശനിയാഴ്ച ഓഫിസുകളിൽ പോയവർ നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങിയും മറ്റുമാണു പ്രതിസന്ധി മറികടന്നത്. അവസാന നിമിഷങ്ങളിലെ യാത്ര ഒഴിവാക്കുകയും ട്രെയിനില്ലാത്ത പകൽ സമയത്ത് കൃത്യമായ ധാരണയോടെ യാത്ര ചെയ്യുകയും വഴി ദുരിതമൊഴിവാക്കാനാകും.
അധിക സർവീസ് ഏർപ്പെടുത്താതെ മെട്രോ
സബേർബൻ ട്രെയിനുകളുടെ കുറവ് പരിഹരിക്കാൻ സിഎംആർഎൽ അധിക മെട്രോ സർവീസുകൾ ഏർപ്പെടുത്താത്തത് ദുരിതം വർധിപ്പിക്കും. സാധാരണ ദിവസങ്ങളിലെ പോലെ തന്നെയാണു വരും ദിവസങ്ങളിലും മെട്രോ സർവീസ് നടത്തുക. സബേർബൻ ട്രെയിനുകൾ കടന്നു പോകുന്ന റൂട്ടുകളിൽ മെട്രോ ട്രെയിനുകളുടെ എണ്ണം വർധിപ്പിച്ചാൽ ആശ്വാസമാകുമെന്നു യാത്രക്കാർ പറയുന്നു.