മിൽക് ഷേക്ക്, ബിസ്കറ്റ്, നെയ്യ്... ആവിൻ ഉൽപന്നങ്ങൾ റേഷൻ കടകളിലും
Mail This Article
ചെന്നൈ ∙ ആവിൻ ഉൽപന്നങ്ങൾ ഇനി റേഷൻ കടകളിലും ലഭിക്കും. മിൽക് ഷേക്ക്, ബിസ്കറ്റ്, നെയ്യ് തുടങ്ങിയ ഉൽപന്നങ്ങൾ സംസ്ഥാനത്തെ 34,567 റേഷൻ കടകളിലൂടെയും വിവിധ സഹകരണ സംഘങ്ങളിലൂടെയും വിതരണം ചെയ്യാനുള്ള നടപടി ക്ഷീരവകുപ്പ് ആരംഭിച്ചു. ആദ്യപടിയായി സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ ആവിൻ ഉൽപന്നങ്ങളുടെ മൊത്തവ്യാപാര കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. പാൽ വിതരണം പരമാവധി ശേഷി കൈവരിച്ചതിനാൽ പാൽ ഉൽപന്നങ്ങളുടെ വിൽപനയിലൂടെ കൂടുതൽ വരുമാനം കണ്ടെത്താനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
വിതരണം മെച്ചപ്പെടുത്താൻ ആവിൻ
ഉൽപന്നങ്ങൾ വൻതോതിൽ വിപണിയിലെത്തിക്കാനാണ് ആവിൻ മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. ഗ്രാമങ്ങളിലെ ക്ഷീരോൽപാദക സഹകരണ സംഘങ്ങളെയും വിപണനത്തിൽ പങ്കാളികളാക്കും. 7,650 സഹകരണ സംഘങ്ങളും 9,500 ക്ഷീരോൽപാദക സംഘങ്ങളും പദ്ധതിയുടെ ഭാഗമാകും. വിവിധ ഉൽപന്നങ്ങളുടെ വിൽപനയിൽ പ്രതിവർഷം 20 ശതമാനമെങ്കിലും വർധനയാണു ലക്ഷ്യമിടുന്നതെന്ന് ആവിൻ മാനേജിങ് ഡയറക്ടർ എസ്.വിനീത് പറഞ്ഞു.
സഹകരണ വകുപ്പിന്റെ വിതരണ ശൃംഖല ഉപയോഗിച്ച് വിൽപന കൂട്ടാനാകുമെന്നാണ് കണക്കുകൂട്ടൽ. 2023 –2024 സാമ്പത്തിക വർഷത്തിൽ 524 കോടി രൂപയുടെ പാലുൽപന്നങ്ങളാണ് ആവിൻ വിറ്റത്. പുതിയ പദ്ധതിയിലൂടെ പ്രതിമാസം 8 കോടി രൂപ മുതൽ 9 കോടി രൂപ വരെ അധിക വരുമാനം കണ്ടെത്താനാകുമെന്ന് അധികൃതർ പറഞ്ഞു. സഹകരണ വകുപ്പിന്റെ കീഴിൽ സംസ്ഥാന വ്യാപകമായുള്ള 24 സൂപ്പർ മാർക്കറ്റുകൾ, 209 മിനി സൂപ്പർ മാർക്കറ്റുകൾ, 13 ചില്ലറ വിൽപന ശാലകൾ എന്നിവയിലും ഉൽപന്നങ്ങൾ ലഭ്യമാക്കും.
ഒരു ലക്ഷം രൂപ വരെ വില വരുന്ന ആവിൻ ഉൽപന്നങ്ങൾ സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക ഈടാക്കാതെ സഹകരണ സംഘങ്ങൾക്കു നൽകാനാണ് പദ്ധതി. 12,000 രൂപയോളം വില വരുന്ന ഉൽപന്നങ്ങൾ 10,500 രൂപ നിരക്കിൽ സംഘങ്ങൾക്ക് ലഭിക്കും. ഇതിൽ നിന്ന് കമ്മിഷൻ ഇനത്തിൽ 1500 രൂപയോളം സംഘങ്ങൾക്ക് വരുമാനമുണ്ടാക്കാം. ഗ്രാമീണ ക്ഷീരോൽപാദക സഹകരണ സംഘങ്ങളുടെ ഇപ്പോഴത്തെ പ്രതിമാസ വരുമാനം ഏകദേശം 4000 രൂപ മുതൽ 5000 രൂപവരെ മാത്രമാണ്. പാലുൽപന്നങ്ങളുടെ വിൽപനയിലൂടെ ചുരുങ്ങിയത് 2000 രൂപ മുതൽ 3000 രൂപ വരെ അധിക വരുമാനം സഹകരണ സംഘങ്ങൾക്കു ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
ശരീര പുഷ്ടിക്ക് ഹെർബൽ മിൽക്
ശരീര പുഷ്ടിക്ക് സഹായിക്കുന്ന പരമ്പരാഗത ഔഷധക്കൂട്ടുകൾ ചേർത്ത അശ്വഗന്ധ പാൽ, ഇഞ്ചിപ്പാൽ തുടങ്ങിയവ പുറത്തിറക്കാൻ പദ്ധതിയുള്ളതായി ക്ഷീര വികസന വകുപ്പ് മന്ത്രി മനോ തങ്കരാജ് പറഞ്ഞു. സാധാരണ പാലിനു പുറമേ ആരോഗ്യ ഗുണങ്ങൾ കൂടുതലുള്ള പാലിനങ്ങൾ കൂടി ലഭ്യമാക്കുകയാണ് ലക്ഷ്യം. കന്നുകാലികളെ ചികിത്സിക്കാനുളള പരമ്പരാഗത രീതികളിൽ ആവിന്റെ ഫീൽഡ് സ്റ്റാഫിന് പരിശീലനം നൽകുകയാണ് മറ്റൊരു പദ്ധതി. ഇതുവഴി കന്നുകാലികൾക്കുള്ള ചികിത്സച്ചെലവ് കുറയ്ക്കാൻ ക്ഷീരകർഷകരെ സഹായിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പാൽ പാക്കിങ്ങിന് മെഷീനുകൾ
യന്ത്രത്തിൽ വസ്ത്രം കുടുങ്ങിയുണ്ടായ അപകടത്തിൽ തിരുവള്ളൂരിലെ പ്ലാന്റിൽ കരാർ തൊഴിലാളി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാൽ പാക്കിങ് പൂർണമായും യന്ത്രവൽകൃതമാക്കുമെന്ന് മന്ത്രി മനോ തങ്കരാജ് പറഞ്ഞു. സംസ്ഥാനത്തെ 6 ആവിൻ ഡയറികളിൽ ഓട്ടമാറ്റിക് പാക്കിങ് മെഷീനുകൾ സ്ഥാപിക്കാൻ 30 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നഗരത്തിലെ ഷോളിങ്കനല്ലൂർ, അമ്പത്തൂർ, മാധവാരം ഡയറികളിലും കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി ഡയറികളിലുമാണ് യന്ത്രങ്ങൾ സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ മറ്റ് ഡയറികളിലും സമ്പൂർണ യന്ത്രവൽക്കരണം നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
റേഷൻകടകൾ നാളെയും തുറക്കും
റേഷൻ കടകൾ 31ന് പ്രവർത്തിക്കും. മാസാവസാനം സാധാരണ നിലയിൽ റേഷൻ കടകൾ പ്രവർത്തിക്കാറില്ല. പൊതുതിരഞ്ഞെടുപ്പ് കാലത്ത് ഉൽപന്നങ്ങളുടെ ശേഖരണവും വിതരണവും വൈകിയതിനാൽ പലയിടങ്ങളിലും റേഷൻ വിതരണം വൈകിയിരുന്നു. ഓഗസ്റ്റിൽ വിതരണം ചെയ്യേണ്ട പല ഉൽപന്നങ്ങളും റേഷൻ കടകളിൽ കൃത്യസമയത്ത് എത്തിയിരുന്നില്ല. ഇതു കണക്കിലെടുത്താണ് ഇതുവരെ ഈ മാസത്തെ റേഷൻ ഉൽപന്നങ്ങൾ വാങ്ങാത്തവർക്കായി 31ന് കടകൾ തുറന്നു പ്രവർത്തിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.