രാജ്യത്ത് ആദ്യമായി രാത്രി കാറോട്ട മത്സരം: ആവേശത്തിൽ ചെന്നൈ നഗരം; നിയമ തടസ്സങ്ങളില്ല, സുരക്ഷ ഉറപ്പ്
Mail This Article
ചെന്നൈ ∙ നഗരത്തിന്റെ വരും രാത്രികൾ റേസിങ് കാറുകളുടെ ചീറിപ്പായലിനും എൻജിനുകളുടെ ഇരമ്പലിനും സാക്ഷ്യംവഹിക്കും. രാജ്യത്തെ ആദ്യ രാത്രികാല തെരുവു കാറോട്ട മത്സരത്തിന് നഗരത്തിൽ അരങ്ങൊരുങ്ങിക്കഴിഞ്ഞു. ഇന്നു രാവിലെ തുടങ്ങുന്ന സന്നാഹ മത്സരങ്ങൾ സൗജന്യമായി കാണാൻ പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് കായികമന്ത്രി ഉദയനിധി സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. രാത്രികാല മത്സരങ്ങൾ കാണാൻ ടിക്കറ്റ് എടുത്തിരിക്കണം.
നിയമ തടസ്സങ്ങളില്ല; സുരക്ഷയും ഉറപ്പ്
ഉയർന്ന ശബ്ദത്തിലും ഗതാഗത പ്രശ്നങ്ങളുണ്ടാക്കുന്ന തരത്തിലും നഗരത്തിൽ കാറോട്ട മത്സരങ്ങൾ നടത്തുന്നതിനെതിരെ ഒട്ടേറെ പരാതികളാണ് കോടതിയിലെത്തിയത്. എന്നാൽ, സുരക്ഷാക്രമീകരണങ്ങളോടെ മത്സരം നടത്താമെന്ന സംഘാടകരുടെ ഉറപ്പ് വിശ്വാസത്തിലെടുത്ത കോടതി പരാതികളെല്ലാം തള്ളുകയായിരുന്നു. ഐലൻഡ് ഗ്രൗണ്ടിനു ചുറ്റും പ്രത്യേകമായി നിർമിച്ച ചെന്നൈ ഫോർമുല റേസിങ് സർക്കീറ്റിന് രാജ്യാന്തര സംഘടനയുടെ (എഫ്ഐഎ) സുരക്ഷാ സർട്ടിഫിക്കറ്റ് നേടണമെന്ന നിർദേശം മാത്രമാണ് കോടതി നൽകിയത്. ആശുപത്രികളിലേക്കും സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കും യാത്ര ചെയ്യുന്നവർക്ക് അസൗകര്യമുണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും സർക്കാരിനോട് കോടതി പറഞ്ഞു. സർക്കീറ്റുകൾക്കുള്ള എഫ്ഐഎ സർട്ടിഫിക്കറ്റ് സാധാരണ റേസുകൾക്ക് തൊട്ടുമുൻപു മാത്രമാണ് നൽകാറുള്ളത്.
രണ്ടാം റൗണ്ടിന് ഇരട്ടി ആവേശം
2022ൽ ആരംഭിച്ച ഇന്ത്യൻ റേസിങ് ലീഗിന്റെ മൂന്നാം സീസണിലാണ് രാത്രികാല തെരുവു കാറോട്ട മത്സരം നടത്തുന്നത്. കഴിഞ്ഞ സീസണിൽ സമാനമായ മത്സരത്തിനായി ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നെങ്കിലും നഗരത്തിൽ വീശിയടിച്ച മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് മത്സരം റദ്ദാക്കുകയായിരുന്നു. ചെന്നൈ, ബെംഗളൂരു, ഡൽഹി, ഗോവ, ഹൈദരാബാദ്, കൊൽക്കത്ത കൊച്ചി, അഹമ്മദാബാദ് എന്നിങ്ങനെ 8 ടീമുകൾ എഫ് 4 റേസിലും കൊച്ചിയും അഹമ്മദാബാദും ഒഴികെയുള്ള 6 ടീമുകൾ ഇന്ത്യൻ റേസിങ് ലീഗ് (ഐആർഎൽ) മത്സരങ്ങളിലും മാറ്റുരയ്ക്കും. 2 ഇന്ത്യൻ ഡ്രൈവർമാരും 2 വിദേശ ഡ്രൈവർമാരും അടങ്ങുന്നതാണ് ഐആർഎൽ ടീമുകൾ. എല്ലാ ടീമുകളിലും ഓരോ വനിതാ ഡ്രൈവർമാരുമുണ്ടാകും.
5 റൗണ്ടുകളിലായി നടക്കുന്ന റേസിന്റെ ആദ്യ റൗണ്ട്, കഴിഞ്ഞ ഓഗസ്റ്റ് 24, 25 തീയതികളിൽ ശ്രീപെരുംപുത്തൂർ ഇരുങ്ങാട്ടുകോട്ടയിലെ മദ്രാസ് ഇന്റർനാഷനൽ സർക്കീറ്റിൽ നടത്തിയിരുന്നു. രണ്ടാം റൗണ്ട് മത്സരങ്ങളാണ് ചെന്നൈ ഫോർമുല റേസിങ് സർക്കീറ്റിൽ രാത്രികാല സ്ട്രീറ്റ് റേസായി നടത്തുന്നത്. മൂന്നാം റൗണ്ട് സെപ്റ്റംബർ 13, 14, 15 തീയതികളിൽ കോയമ്പത്തൂർ കാരി മോട്ടർ സ്പീഡ് വേയിൽ നടത്തും. 4, 5 റൗണ്ടുകളുടെ വേദി പിന്നീട് തീരുമാനിക്കും.
തുടക്കം ഐലൻഡ് ഗ്രൗണ്ടിൽ നിന്ന്
ഐലൻഡ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് ഫ്ലാഗ് സ്റ്റാഫ് റോഡ്, വിക്ടറി വാർ മെമ്മോറിയൽ, പല്ലവൻ റോഡ്, ശിവാനന്ദ റോഡ്, നേപ്പിയർ ബ്രിജ് വഴി ഐലൻഡ് ഗ്രൗണ്ടിൽ തിരികെയെത്തുന്ന മൂന്നര കിലോമീറ്ററാണ് എഫ് 4 സർക്കീറ്റ്. ദക്ഷിണേഷ്യയിലെ ഏറ്റവും നീളമുള്ള സ്ട്രീറ്റ് സർക്കീറ്റാണിത്.19 വളവുകുള്ള സർക്കീറ്റിലെ രാത്രിമത്സരം ഡ്രൈവർമാർക്കും കാണികൾക്കും വ്യത്യസ്തമായ അനുഭവമാകും.
വിജയകരമായി മത്സരം നടത്തുന്നതിലൂടെ, രാത്രികാല സ്ട്രീറ്റ് റേസിന് പേരുകേട്ട സിംഗപ്പൂർ, സൗദി അറേബ്യ തുടങ്ങിയ സർക്കീറ്റുകളുടെ കൂടെ ചെന്നൈയും എണ്ണപ്പെടുമെന്നതാണ് ഗുണം. ലോക മോട്ടർ സ്പോർട്സ് ഭൂപടത്തിൽ ഇടം നേടാനും സ്ട്രീറ്റ് റേസ് നഗരത്തെ സഹായിക്കും.
റേസിങ് ഇങ്ങനെ
∙രാവിലെ നടക്കുന്ന യോഗ്യതാ റൗണ്ടിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ആദ്യ റേസിലെ സ്റ്റാർട്ടിങ് പൊസിഷനുകൾ തീരുമാനിക്കുക. യോഗ്യതാ റൗണ്ടിൽ മുന്നിലെത്തുന്നയാൾക്കാണ് പോൾ പൊസിഷൻ. മറ്റ് മത്സരാർഥികളേക്കാൾ മുൻതൂക്കം പോൾ പൊസിഷനു ലഭിക്കും. രണ്ടാം റേസിലെ പോൾ പൊസിഷൻ ആദ്യ റേസിന്റെ ഫലം അനുസരിച്ചായിരിക്കും.
16 ലാപ്പുകളാണ് ഒരു റേസിൽ ഉണ്ടാകുക. മൂന്നര കിലോമീറ്റർ സർക്കീറ്റിൽ 16 ലാപ് ഓടുന്നതിലൂടെ ആകെ 56 കിലോമീറ്ററാണ് ഓരോ കാറുകളും താണ്ടേണ്ടത്. ഒരു റൗണ്ടിൽ 3 റേസുകൾ. ആകെയുള്ള 5 റൗണ്ടുകളിലായി 15 റേസുകളാണ് ചാംപ്യൻഷിപ്പിലുള്ളത്. ഓരോ റേസിലും ആദ്യ 10 സ്ഥാനങ്ങളിലെത്തുന്നവർക്ക് പോയിന്റുകൾ നൽകും. ഓരോ റൗണ്ടിലെയും 1, 3 റേസുകളിൽ ഇത് 25, 18, 15, 12, 10, 8, 6, 4, 2, 1 എന്നിങ്ങനെയാണ്. രണ്ടാം റേസിൽ 10, 9, 8, 7, 6, 5, 4, 3, 2, 1 എന്നിങ്ങനെയാണ് പോയിന്റ് നൽകുക. ഫാസ്റ്റസ്റ്റ് ലാപ്പിന് ഒരു പോയിന്റും ആദ്യ റേസിലെ പോൾ പൊസിഷന് 2 പോയിന്റും ലഭിക്കും.
5 റൗണ്ടുകളും പൂർത്തിയായി കഴിയുമ്പോൾ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നയാളാണ് ചാംപ്യനാകുക. മികച്ച പ്രകടനം നടത്തുന്ന ഡ്രൈവർമാർക്ക് ലഭിക്കുന്ന ‘സൂപ്പർ ലൈസൻസ് പോയിന്റുകൾ’ എഫ് 1 റേസിൽ പങ്കെടുക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങളിലൊന്നാണ്.
സൗജന്യ മെട്രോ യാത്രാസൗകര്യം
എഫ് 4 രാത്രികാല കാറോട്ട മത്സരം കാണാനെത്തുന്നവർക്ക് തങ്ങൾക്ക് സൗകര്യപ്രദമായ െമെട്രോ സ്റ്റേഷനിൽ നിന്ന് ഗവ. എസ്റ്റേറ്റ് സ്റ്റേഷനിലേക്കും തിരിച്ചും ഇന്നും നാളെയും സൗജന്യമായി യാത്ര ചെയ്യാമെന്ന് സിഎംആർഎൽ അറിയിച്ചു. പേയ്ടിഎം ഇൻസൈഡർ ആപ് വഴി റേസിന്റെ ഡിജിറ്റൽ ടിക്കറ്റുകളെടുത്തവർക്കാണ് സൗജന്യ യാത്ര ചെയ്യാനാകുക. ഡിജിറ്റൽ ടിക്കറ്റുകൾ മെട്രോ സ്റ്റേഷനിൽ സ്കാൻ ചെയ്ത് യാത്ര നടത്താം.
എന്താണ് എഫ് 4 ? സൗജന്യ മെട്രോ യാത്രാസൗകര്യം
എഫ് 4 രാത്രികാല കാറോട്ട മത്സരം കാണാനെത്തുന്നവർക്ക് തങ്ങൾക്ക് സൗകര്യപ്രദമായ െമെട്രോ സ്റ്റേഷനിൽ നിന്ന് ഗവ. എസ്റ്റേറ്റ് സ്റ്റേഷനിലേക്കും തിരിച്ചും ഇന്നും നാളെയും സൗജന്യമായി യാത്ര ചെയ്യാമെന്ന് സിഎംആർഎൽ അറിയിച്ചു. പേയ്ടിഎം ഇൻസൈഡർ ആപ് വഴി റേസിന്റെ ഡിജിറ്റൽ ടിക്കറ്റുകളെടുത്തവർക്കാണ് സൗജന്യ യാത്ര ചെയ്യാനാകുക. ഡിജിറ്റൽ ടിക്കറ്റുകൾ മെട്രോ സ്റ്റേഷനിൽ സ്കാൻ ചെയ്ത് യാത്ര നടത്താം.
ഐലൻഡ് ഗ്രൗണ്ട് പരിസരത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം
എഫ് 4 കാറോട്ട മത്സരങ്ങൾ നടക്കുന്ന ഐലൻഡ് ഗ്രൗണ്ടിനു സമീപത്തെ റോഡുകളിൽ ഇന്നും നാളെയും ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. ശിവാനന്ദ ശാലയിലും ഫ്ലാഗ് സ്റ്റാഫ് റോഡിലും ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്.
കാമരാജർ ശാലയിൽ (ബീച്ച് റോഡ്) വാർ മെമ്മോറിയൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ ലേബർ സ്റ്റാച്യുവിൽ നിന്ന് ഇടതുതിരിഞ്ഞ് വാലജാ റോഡ്, അണ്ണാശാല, പെരിയാർ സ്റ്റാച്യു, സെൻട്രൽ റെയിൽവേ സ്റ്റേഷൻ, മദ്രാസ് മെഡിക്കൽ കോളജ്, പാരിസ് കോർണർ വഴി പോകണം. കാമരാജർ ശാലയിൽ നിന്ന് സാന്തോം ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് പതിവുപോലെ പോകാം.
സെൻട്രലിൽ നിന്ന് അണ്ണാ സ്റ്റാച്യു ഭാഗത്തേക്കുള്ള വാഹനങ്ങൾ പല്ലവൻ ശാല ജംക്‌ഷനിൽ നിന്ന് റോഡിന്റെ വലതുഭാഗത്തു കൂടി പോകണം. മുത്തുസാമി പോയിന്റിൽ നിന്ന് അണ്ണാശാല വഴി ഫ്ലാഗ് സ്റ്റാഫ് റോഡ് ഭാഗത്തേക്ക് വാഹനങ്ങളെ അനുവദിക്കില്ല. ഇവ സെൻട്രൽ വഴി പോകണം. കൂടാതെ, വലിയ വാഹനങ്ങൾക്ക് ഐലൻഡ് ഗ്രൗണ്ടിനു സമീപത്തെ റോഡുകളിലേക്ക് പ്രവേശനം അനുവദിക്കില്ല. ∙ ടിക്കറ്റെടുത്ത കാണികൾക്ക് മദ്രാസ് മെഡിക്കൽ കോളജ് ക്രിക്കറ്റ് ഗ്രൗണ്ട്, കലൈവാണർ അരങ്കം എന്നിവിടങ്ങളിൽ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.