ചെന്നൈ മെട്രോയിൽ ക്ലിക്കായി ട്രാവൽ കാർഡ്; യാത്ര ചെയ്തത് 30.99 ലക്ഷം പേർ
Mail This Article
ചെന്നൈ ∙ മെട്രോ ട്രെയിനുകളിൽ കഴിഞ്ഞ മാസം യാത്രക്കാരുടെ എണ്ണത്തിൽ നേരിയ കുറവ്. 92.77 ലക്ഷം പേരാണു കഴിഞ്ഞ മാസം യാത്ര ചെയ്തത്. ജൂലൈയിൽ 95.35 ലക്ഷം പേരും ഓഗസ്റ്റിൽ 95.43 ലക്ഷം പേരും യാത്ര ചെയ്തിരുന്നു. എന്നാൽ ഈ മാസങ്ങളിൽ 31 ദിവസം ഉള്ളതിനാലാണു യാത്രക്കാരുടെ എണ്ണം വർധിച്ചതെന്നും ജൂലൈക്കു മുൻപുള്ള മാസങ്ങളെ അപേക്ഷിച്ച് യാത്രക്കാർ ഗണ്യമായി വർധിച്ചെന്നുമാണു വിലയിരുത്തൽ. ജൂണിൽ 84.33 ലക്ഷം, മേയിൽ 84.21 ലക്ഷം എന്നിങ്ങനെയായിരുന്നു യാത്രക്കാരുടെ കണക്ക്.
ശരാശരി മൂന്നര ലക്ഷത്തോളം പേരാണ് ഒരു ദിവസം മെട്രോയിൽ യാത്ര ചെയ്യുന്നത്. ട്രാവൽ കാർഡ് ഉപയോഗിച്ചാണു കഴിഞ്ഞ മാസം കൂടുതൽ പേർ യാത്ര ചെയ്തത്–30.99 ലക്ഷം പേർ. സ്റ്റേഷനിൽ നിന്നു നേരിട്ട് ടിക്കറ്റെടുത്ത് 21.91 ലക്ഷം പേരും എൻസിഎംസി സിങ്കാര ചെന്നൈ കാർഡ് ഉപയോഗിച്ച് 20.9 ലക്ഷം പേരും യാത്ര ചെയ്തു.
ഇന്ന് സമയമാറ്റം
ഗാന്ധി ജയന്തി പ്രമാണിച്ച് അവധി ആയതിനാൽ ഞായർ ടൈംടേബിൾ പ്രകാരമായിരിക്കും ഇന്ന് സർവീസ് നടത്തുകയെന്ന് സിഎംആർഎൽ അറിയിച്ചു. പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് 12 വരെയും രാത്രി 8 മുതൽ 10 വരെയും 10 മിനിറ്റ് ഇടവേളയിലാണു ട്രെയിനുകൾ ഓടുക. 12 മുതൽ രാത്രി 8 വരെ 7 മിനിറ്റ് ഇടവേളയിൽ സർവീസ് ഉണ്ടാകും. രാത്രി 10 മുതൽ 11 വരെ 15 മിനിറ്റ് ഇടവേളയിലാണു സർവീസ്.