ആരോഗ്യനില തൃപ്തികരം; രജനി നാളെ ആശുപത്രി വിട്ടേക്കും
Mail This Article
ചെന്നൈ ∙ ഹൃദയസംബന്ധമായ ചികിത്സയ്ക്കു വിധേയനായ തമിഴ് സൂപ്പർതാരം രജനികാന്ത്(73) നാളെ ആശുപത്രി വിട്ടേക്കും. തിങ്കളാഴ്ച അർധരാത്രിയോടെയാണ് രജനിയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശങ്കപ്പെടാനൊന്നുമില്ലെന്നായിരുന്നു പ്രാഥമിക നിഗമനം. തുടർന്നു നടത്തിയ പരിശോധനയിൽ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലിൽ വീക്കം കണ്ടെത്തി. ശസ്ത്രക്രിയ ഒഴിവാക്കി, ട്രാൻസ് കത്തീറ്റർ രീതിയിലൂടെ ചികിത്സിച്ചതായും പ്രശ്നം പരിഹരിച്ചതായും ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിൽ വ്യക്തമാക്കി. സീനിയർ ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് സായി സതീഷിന്റെ നേതൃത്വത്തിലാണു ചികിത്സ പൂർത്തിയാക്കിയത്. നില തൃപ്തികരമാണെന്നും നാളെ ആശുപത്രി വിടാനാകുമെന്നും അധികൃതർ വ്യക്തമാക്കി. രജനി നായകനായ പുതിയ ചിത്രം ‘വേട്ടയൻ’ 10 പുറത്തിറങ്ങും. ഔദ്യോഗിക ട്രെയ്‌ലർ ഇന്നു പുറത്തുവിടും.