താംബരം– കൊച്ചുവേളി സ്പെഷൽ 11 മുതൽ വീണ്ടും ഓടിത്തുടങ്ങുന്നു; മലയാളികൾക്ക് ആശ്വാസം
Mail This Article
ചെന്നൈ ∙ പൂജ, ദീപാവലി തിരക്ക് പരിഗണിച്ച് താംബരം– കൊച്ചുവേളി വീക്ക്‌ലി എസി സ്പെഷൽ ട്രെയിൻ 11 മുതൽ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. മലയാളികൾക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന സർവീസ്, നഷ്ടക്കണക്കിന്റെ പേരിൽ ഓണത്തിനു ശേഷം റെയിൽവേ നിർത്തിയതിനെക്കുറിച്ചു ‘മലയാള മനോരമ’ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. അതിനു പിന്നാലെയാണു നടപടി.
പുതിയ അറിയിപ്പ് പ്രകാരം 11, 18, 25, നവംബർ 1, 8, 15, 22, 29, ഡിസംബർ 6, 13, 20, 27 തീയതികളിൽ (വെള്ളിയാഴ്ചകൾ) താംബരത്ത് നിന്നു വൈകിട്ട് 7.30നു പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 11.30നു കൊച്ചുവേളിയിലെത്തും. മടക്കസർവീസ് 13, 20, 27, നവംബർ 3, 10, 17, 24, ഡിസംബർ 1, 8, 15, 22, 29 തീയതികളിൽ (ഞായറാഴ്ചകൾ) കൊച്ചുവേളിയിൽ നിന്നു വൈകിട്ട് 3.25നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 7.35നു താംബരത്തെത്തും. 14 എസി തേഡ് ഇക്കോണമി കോച്ചുകളാണുള്ളത്.
ചെങ്കൽപെട്ട്, വില്ലുപുരം, തിരുച്ചിറപ്പള്ളി, മധുര, തെങ്കാശി വഴി പോകുന്ന ട്രെയിനിന് തെന്മല, പുനലൂർ, കൊട്ടാരക്കര, കുണ്ടറ, കൊല്ലം എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.