ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലൂടെ പിഴ ഈടാക്കും; മാലിന്യം തള്ളിയാൽ തത്സമയം പിഴ
Mail This Article
ചെന്നൈ ∙ മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന നഗരവാസികളെ തൽസമയം പിടികൂടി പിഴ ചുമത്താനുള്ള സംവിധാനവുമായി കോർപറേഷൻ. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിനടക്കമുള്ള പിഴ ഡിജിറ്റൽ പേയ്മെന്റ് വഴി അപ്പോൾ തന്നെ ഈടാക്കും. പദ്ധതിയുടെ പരീക്ഷണ ഘട്ടം പുരോഗമിക്കുകയാണ്. ഇതു പൂർത്തിയാകുന്നതിനു പിന്നാലെ പുതിയ പിഴ സംവിധാനം നിലവിൽ വരും.
നിരീക്ഷിക്കാൻ ഡിജിറ്റൽ കണ്ണുകൾ
മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പിഴ തൽസമയം ഈടാക്കാനുള്ള സംവിധാനം നടപ്പാക്കുന്നത്. ഇതിനായി പ്രത്യേക ഉപകരണങ്ങൾ (പോയിന്റ് ഓഫ് സെയിൽ) കോർപറേഷൻ ജീവനക്കാർക്കു ലഭ്യമാക്കും. ഖര, ദ്രവ മാലിന്യം നിർദിഷ്ട സ്ഥലങ്ങൾക്കു പകരം മറ്റിടങ്ങളിൽ തള്ളുക, മാലിന്യം പൊതു ഇടങ്ങളിൽ കത്തിക്കുക തുടങ്ങി, ഓരോന്നിനും ഈടാക്കേണ്ട പിഴ ഉപകരണത്തിൽ ലഭ്യമാണ്.
15 സോണുകളിലും ഡിജിറ്റൽ സ്പോട്ട് ഫൈൻ ഈടാക്കും. നഗരത്തിലെ മാലിന്യം കൃത്യമായി നീക്കുന്നതിനു കോർപറേഷൻ പല ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കാണാത്തതിനാലാണു പുതിയ നീക്കം. മാലിന്യവുമായി ബന്ധപ്പെട്ട പിഴത്തുക കോർപറേഷൻ അടുത്തയിടെ വർധിപ്പിച്ചിരുന്നു.
നഗരവാസികൾ അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയാണിത്. ഇതിനൊപ്പം, ഈ പിഴ കർശനമായി ഈടാക്കാനും കൂടി തുടങ്ങുന്നതോടെ നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം, തൽസമയമുള്ള പിഴ ഈടാക്കൽ എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യുന്നവരെ എങ്ങനെ കണ്ടെത്തുമെന്നതാണ് അറിയേണ്ടത്. ഇതു സംബന്ധിച്ച അറിയിപ്പുകൾ വരും ദിവസങ്ങളിൽ കോർപറേഷൻ പുറത്തു വിട്ടേക്കും.
മാലിന്യ നിർമാർജനം നമ്മുടെ ഉത്തരവാദിത്തം
ഗാർഹിക മാലിന്യം ശേഖരിക്കുന്നതിനായി രാവിലെ വീടുകളിലെത്തുന്ന ജീവനക്കാർക്ക് മാലിന്യം കൈമാറണമെന്ന് കോർപറേഷൻ നിർദേശിക്കുന്നു. ദ്രവ മാലിന്യം, ഖര മാലിന്യം എന്നിവ വേർതിരിച്ചു നൽകണം. നൽകാത്തവർ വീടിനു സമീപമുള്ള മാലിന്യക്കുപ്പകളിൽ കൊണ്ടിടണം.
വീടിനു മുൻപിലെ വഴിയിൽ മാലിന്യം വലിച്ചെറിയുക, മാലിന്യക്കുപ്പകളിൽ ഇടാതെ പുറത്ത് മാലിന്യം ഇടുക, പൊതുവഴിയിൽ കത്തിക്കുക തുടങ്ങിയവ ചെയ്യുന്നവരിൽ നിന്നു പിഴ ഈടാക്കും. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് ജീവനക്കാർ വീഴ്ച വരുത്തിയാൽ ശ്രദ്ധയിൽപ്പെടുത്താമെന്ന് കോർപറേഷൻ അറിയിച്ചു.
ഒരു ടണ്ണിന് പിഴ 5000 രൂപ
∙ ഒരു ടൺ വരെയുള്ള നിർമാണ അവശിഷ്ടങ്ങൾ തള്ളിയാൽ പിഴ 5,000 രൂപ
∙ ശുചിമുറി മാലിന്യം അടക്കമുള്ളവ തള്ളിയാൽ 2,000 രൂപ
∙ ഇറച്ചി മാലിന്യം തള്ളിയാൽ 5,000 രൂപ
∙ ഖരമാലിന്യം കത്തിച്ചാൽ 5,000 രൂപ
∙ പൊതു പരിപാടി നടത്തിയ ശേഷം 12 മണിക്കൂറിനകം മാലിന്യം നീക്കിയില്ലെങ്കിൽ പിഴ 5,000 രൂപ
∙ വ്യാപാരികൾ മാലിന്യക്കുപ്പ സ്ഥാപിച്ചില്ലെങ്കിൽ 1,000 രൂപ