ആയുധപൂജയ്ക്ക് ഒരുങ്ങി നഗരം
Mail This Article
ചെന്നൈ ∙ പണിയായുധങ്ങളും വ്യവസായങ്ങളും എന്നും സമൃദ്ധി നൽകണേയെന്ന പ്രാർഥനകളോടെ ഇന്ന് ആയുധപൂജ. അഭീഷ്ട വരദായിനിയായ ദേവിയുടെ അനുഗ്രഹത്തിനായി നഗരത്തിലെ സ്ഥാപനങ്ങളിൽ ഇന്നു പ്രത്യേക പൂജകൾ നടത്തും. മിക്ക ക്ഷേത്രങ്ങളിലും പൂജകളും ചടങ്ങുകളും ഇന്നലെ തന്നെ ആരംഭിച്ചിരുന്നു. കേരളത്തിൽ മഹാനവമി ആഘോഷം നാളെയായതിനാൽ നഗരത്തിലെ മലയാളി ക്ഷേത്രങ്ങളിൽ നാളെയാണു നവമി പൂജ. അതേസമയം, ഇന്നലെ വൈകിട്ട് മുതൽ പൂജാ അവധി പ്രമാണിച്ചു നാട്ടിലേക്കു പോകുന്നവരുടെ തിരക്കേറിയിട്ടുണ്ട്.
തിരക്കിൽ മുങ്ങി കോയമ്പേട്
പൂജയ്ക്ക് ആവശ്യമായ പൂക്കൾ, പഴങ്ങൾ, മറ്റു വസ്തുക്കൾ തുടങ്ങിയവ വാങ്ങുന്നതിനായി നഗരവാസികൾ ഇന്നലെ രാവിലെ മുതൽ കോയമ്പേട് മാർക്കറ്റിലേക്ക് ഒഴുകിയെത്തി. നഗരത്തിനു പുറത്തുള്ള ചില്ലറ വ്യാപാരികളും എത്തിയിരുന്നു. രാവിലെ മുതൽ മഴ പെയ്തെങ്കിലും തിരക്കിനെ ബാധിച്ചില്ല. അതേസമയം, ആവശ്യക്കാരേറിയതോടെ പൂവില കുതിച്ചുയർന്നു. മല്ലിപ്പൂവിന് കിലോയ്ക്ക് 1,000 രൂപയാണു വില.
കനകാംബരത്തിന് 1,000, മുല്ലയ്ക്ക് 500, പിച്ചിക്ക് 500, ജമന്തിക്ക് 200, റോസാപ്പൂവിന് 250 എന്നിങ്ങനെയുമാണു വില. മാവിലയ്ക്ക് 20 രൂപ, നാലു വാഴയില അടങ്ങിയ ഒരു സെറ്റിന് 20 രൂപ, തേങ്ങയ്ക്ക് 30–50 എന്നിങ്ങനെയാണു പൂജ വസ്തുക്കളുടെ വില. പഴങ്ങളുടെ വിലയിലും വർധനയുണ്ട്. ആപ്പിളിനു കിലോയ്ക്ക് 150 രൂപ, ഓറഞ്ചിന് 180, മാതളത്തിന് 100–300 എന്നിങ്ങനെയാണു വില. അതേസമയം, ഈ വർഷം പൂജാദിവസങ്ങളിലെ കച്ചവടം വർധിച്ചിട്ടുണ്ടെന്നു വ്യാപാരികൾ പറഞ്ഞു.
ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്
നവരാത്രി ആഘോഷത്തിരക്കിലാണു നഗരത്തിലെ മലയാളി ക്ഷേത്രങ്ങൾ. 3ന് ആരംഭിച്ച ആഘോഷങ്ങളുടെ ഭാഗമായി ഒട്ടേറെപ്പേരാണു കഴിഞ്ഞ ദിവസങ്ങളിൽ ദർശനത്തിനെത്തിയത്. മിക്ക ക്ഷേത്രങ്ങളിലും ഇന്നലെ വൈകിട്ടോടെ പൂജവയ്പ് ആരംഭിച്ചു. മഹാലിംഗപുരം ശ്രീ അയ്യപ്പൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഇന്നു വൈകിട്ട് 7.30നു ദുർഗാഷ്ടമി പൂജ നടക്കും. നാളെ വൈകിട്ട് 7.30നു മഹാനവമി പൂജ. 13നു രാവിലെ സരസ്വതി പൂജയ്ക്കു ശേഷം 11 വരെ വിദ്യാരംഭം.
ആവഡി അയ്യപ്പക്ഷേത്രത്തിൽ 3 മുതൽ പ്രത്യേക പൂജകളും അലങ്കാരവും നടക്കുന്നുണ്ട്. മഹാലക്ഷ്മിയാണ് ഇന്നത്തെ അലങ്കാരം. നാളെയും മറ്റന്നാൾ രാവിലെയും സരസ്വതി. 13നു രാവിലെ 7.30നു സരസ്വതി പൂജയ്ക്കു ശേഷം വിദ്യാരംഭം ആരംഭിക്കും. അണ്ണാനഗർ അയ്യപ്പക്ഷേത്രം ഉൾപ്പെടെ മറ്റു ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും ചടങ്ങുകളും നടത്തുന്നുണ്ട്.