അക്ഷരച്ചെപ്പ് തുറന്ന് വിജയാരംഭം
Mail This Article
ചെന്നൈ ∙ കുഞ്ഞുവിരലുകളിലേക്കു ഗുരുക്കന്മാർ പകർന്നു നൽകിയ പുതുവെളിച്ചവുമായി നൂറിലേറെ കുരുന്നുകൾ കൂടി മലയാള മനോരമയുടെ അക്ഷരമുറ്റത്തു നിന്ന് അറിവിന്റെ ലോകത്തേക്കെത്തി.
കേരളത്തിൽ നടക്കുന്ന അതേ രീതിയിൽ, നമ്മുടെ പൈതൃകം മുറുകെപ്പിടിച്ച് മലയാള മനോരമ ചെന്നൈ യൂണിറ്റ് സംഘടിപ്പിച്ച വിദ്യാരംഭത്തിൽ 107 കുട്ടികളാണ് ആദ്യാക്ഷര മധുരം ആസ്വദിച്ചത്. ഇന്ത്യയുടെ വാനമ്പാടി ഡോ.കെ.എസ്.ചിത്ര, പ്രസിദ്ധ സംഗീതജ്ഞൻ പി.ഉണ്ണിക്കൃഷ്ണൻ എന്നിവരായിരുന്നു ഗുരുക്കന്മാർ. മലയാളി കുട്ടികളെക്കൂടാതെ തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുമുള്ള കുട്ടികളും വിദ്യാരംഭത്തിനെത്തിയിരുന്നു.
ഗുരുക്കന്മാർ തിരി തെളിച്ചതോടെ ചടങ്ങുകൾക്കു തുടക്കമായി. പിന്നാലെ, ചിത്ര സരസ്വതീസ്തുതി ചൊല്ലി. തുടർന്ന് പി.ഉണ്ണിക്കൃഷ്ണൻ ആലപിച്ച സരസ്വതീകീർത്തനവും ചടങ്ങിനെ ധന്യമാക്കി മാറ്റി. പുതുതായി അക്ഷരലോകത്തേക്കെത്തിയ എല്ലാ കുഞ്ഞുങ്ങൾക്കും നന്മയും സന്തോഷവും ഉയർച്ചയുമുണ്ടാകട്ടെയെന്ന് ചിത്ര ആശംസിച്ചു. അക്ഷരവെളിച്ചത്തിലേക്കു കുഞ്ഞുങ്ങളെ നയിക്കാനുള്ള നിയോഗം ആദ്യമായിട്ടാണെന്നും ഇതൊരു ഭാഗ്യമായി കരുതുകയാണെന്നും ഉണ്ണിക്കൃഷ്ണനും പറഞ്ഞു.
വിദ്യാരംഭം പൂർത്തിയാക്കിയ എല്ലാ കുട്ടികൾക്കും കൈനിറയെ സമ്മാനങ്ങളും പായസവും ഒരുക്കിയിരുന്നു. മലയാള മനോരമ ചെന്നൈ റീജനൽ മേധാവി ജോൺ സുധീർ ഏബ്രഹാം നേതൃത്വം നൽകി.
600 കിലോമീറ്റർ താണ്ടി ത്രയ എത്തി, അക്ഷരങ്ങളുടെ സംഗീതം ആസ്വദിക്കാൻ
ആദ്യാക്ഷര മധുരം നുകരാൻ മലയാള മനോരമ ഒരുക്കിയ വേദിയിലേക്ക് 600 കിലോമീറ്ററിലേറെ സഞ്ചരിച്ചെത്തി മലയാളിക്കുടുംബം. കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ നിന്നുള്ള കുടുംബമാണ് വിദ്യാരംഭത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രമായി ചെന്നൈയിലെത്തിയത്. 3 വയസ്സിലേക്കു കടക്കുന്ന ത്രയ ശങ്കറാണ്, ഗായിക കെ.എസ്.ചിത്രയുടെ കൈപിടിച്ച് ആദ്യാക്ഷരം കുറിച്ചത്.
‘ചിത്രയെ ഞങ്ങൾക്കെല്ലാം ഒത്തിരി ഇഷ്ടമാണ്. വലിയൊരു ആഗ്രഹമാണ് യാഥാർഥ്യമായത്’– പിതാവ് എ.എസ്.സഗീഷ് പറഞ്ഞു. ചെന്നൈയിലെ മലയാള മനോരമ വിദ്യാരംഭത്തെക്കുറിച്ച് സുഹൃത്ത് വഴിയാണ് അറിഞ്ഞതെന്നും ഉടൻ തന്നെ റജിസ്റ്റർ െചയ്യുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഗീഷും ഭാര്യ കെ.എം.ശ്യാമിലിയും അധ്യാപകരാണ്.
ഈ അക്ഷരങ്ങൾക്ക്, ഇനി ഇരട്ടിമധുരം
പുതുച്ചേരിയിൽ നിന്നുള്ള ഇരട്ടക്കുഞ്ഞുങ്ങളും അറിവിന്റെ ലോകത്തേക്കു പ്രവേശിക്കാനായെത്തിയത് മനോരമ ഒരുക്കിയ വേദിയിലേക്കാണ്. മുത്തിയാൽപെട്ട് നിവാസികളായ ആർ.ജാസ്‌വി, ആർ.ജാൻവി എന്നിവരാണ് ആദ്യാക്ഷരം കുറിച്ചത്.
ഒരു വീട്ടിലെ 3 കുട്ടികൾ അക്ഷരങ്ങളുമായി കൂട്ടുകൂടിയതിനും വേദി സാക്ഷിയായി. അറിവിന്റെ ലോകത്തിനു ഭാഷ തടസ്സമല്ലെന്നു വ്യക്തമാക്കി, തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുമുള്ളവരും ചടങ്ങിന്റെ ഭാഗമായി.
കൺനിറയെ കണ്ടു, കൊച്ചുമകളുടെ വലിയ സന്തോഷം
മലയാള മനോരമയുടെ വിദ്യാരംഭച്ചടങ്ങിൽ ആദ്യാക്ഷരമെഴുതാൻ അബുദാബിയിൽ നിന്നുള്ള 3 വയസ്സുകാരിയും എത്തിയിരുന്നു. ക്രോംപെട്ടിൽ താമസിക്കുന്ന മുത്തച്ഛൻ പി.എ.ബാബുവിന്റെയും മുത്തശ്ശി ശ്രീദേവിയുടെയും കൈപിടിച്ചാണ് ഭവിഷ്യ രവികുമാറെന്ന കൊച്ചുമിടുക്കി എത്തിയത്. ഗായകൻ പി.ഉണ്ണിക്കൃഷ്ണനാണ് ഭവിഷ്യയെ അക്ഷരലോകത്തേക്ക് ആനയിച്ചത്.
മാതാപിതാക്കളായ ബി.രവികുമാറും കവിതയും അബുദാബിയിൽ നഴ്സുമാരായി ജോലി ചെയ്യുകയാണ്. അടുത്തയിടെ അവധിക്ക് ഇരുവരും നാട്ടിലെത്തിയിരുന്നു. മടങ്ങുമ്പോൾ ഭവിഷ്യയെ ഇവിടെ നിർത്തിയത് മലയാള മനോരമ വിദ്യാരംഭം കൂടി മുന്നിൽ കണ്ടായിരുന്നു. കൊച്ചുമകളുടെ വിദ്യാരംഭത്തിൽ കൂടെയുണ്ടാകാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു മുത്തച്ഛനും മുത്തശ്ശിയും.
കണ്ണൂർ ചിറക്കലിലാണ് കുടുംബവേരുകൾ. കുടുംബത്തിലെ മിക്കവരും വിദേശത്താണ് ജോലി ചെയ്യുന്നതെങ്കിലും കുഞ്ഞുങ്ങളുടെ വിദ്യാരംഭച്ചടങ്ങുകൾ ആരും മുടക്കാറില്ല.