മഴ മുന്നറിയിപ്പ്: ഇന്ന് ഓറഞ്ച് അലർട്ട്; 7 ജില്ലകളിൽ സ്കൂളുകൾക്ക് അവധി
Mail This Article
ചെന്നൈ ∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് നഗരത്തിൽ ഇന്ന് ഓറഞ്ച് അലർട്ടും നാളെ റെഡ് അലർട്ടും. അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കോർപറേഷനും സംസ്ഥാന സർക്കാരും മുന്നൊരുക്കം ശക്തമാക്കി. ചെന്നൈയും സമീപത്തെ 3 ജില്ലകളുമടക്കം ഏഴോളം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുൻകൂട്ടി അവധി പ്രഖ്യാപിച്ചു. വർക് ഫ്രം ഹോം നടപ്പാക്കാൻ ഐടി കമ്പനികൾ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
ശക്തമായ മഴ പെയ്യുമെങ്കിലും ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്ന് കാലാവസ്ഥാ കേന്ദ്രം അധികൃതർ പറഞ്ഞു. മഴയും വെള്ളക്കെട്ടുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ മേൽനോട്ടത്തിനായി കോർപറേഷന്റെ 15 സോണുകളിലും ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ള 150 പ്രദേശങ്ങൾ കണ്ടെത്തിയതായും ഇവിടെ വെള്ളം പമ്പു ചെയ്തു കളയാൻ ആവശ്യമായ മോട്ടറുകൾ സ്ഥാപിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ചതായും മേയർ ആർ.പ്രിയ പറഞ്ഞു.
കോർപറേഷൻ പരിധിയിൽ ആകെ ആയിരത്തോളം പമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടി വന്നാൽ ഉപയോഗിക്കാൻ വള്ളങ്ങളും കരുതി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജമാക്കി. ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും യൂണിറ്റുകളും നഗരത്തിൽ എത്തിയിട്ടുണ്ട്.
പാൽ ലഭ്യത ഉറപ്പാക്കും
മഴ കനത്താലും നഗരത്തിൽ പാൽ വിതരണം തടസ്സപ്പെടാതിരിക്കാൻ നടപടികൾ സ്വീകരിച്ചതായി ക്ഷീരവികസന വകുപ്പ് മന്ത്രി രാജാ കണ്ണപ്പൻ പറഞ്ഞു. ഷോളിങ്കനല്ലൂർ പ്ലാന്റിൽ മാത്രം 50,000 പാക്കറ്റ് പാൽ ശേഖരിച്ചിട്ടുണ്ട്. 20 ടൺ പാൽപ്പൊടി ശേഖരിച്ചിട്ടുണ്ടെന്നും ആവിൻ അധികൃതർ പറഞ്ഞു.
അഭ്യൂഹങ്ങൾ വിശ്വസിക്കരുത്
മഴ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് ജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. വെള്ളക്കെട്ട് അടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കാൻ സർക്കാർ പുറത്തിറക്കിയ ‘ടിഎൻ അലർട്ട്’ ആപ്പ് ഉപയോഗിച്ച് മഴയുടെ വിശദാംശങ്ങൾ മനസ്സിലാക്കണം. അടിയന്തര സഹായത്തിന് കോർപറേഷന്റെ 1913 എന്ന ടോൾഫ്രീ നമ്പർ ഉപയോഗിക്കാം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ കോർപറേഷൻ അധികൃതരുടെ നിർദേശം അനുസരിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറണമെന്നും വിലപ്പെട്ട വസ്തുക്കളും രേഖകളും സുരക്ഷിതമായ സ്ഥലങ്ങളിൽ സൂക്ഷിക്കണമെന്നും നിർദേശിച്ചു. ബീച്ചുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ജലാശയങ്ങളിലും പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
മേൽപാതയിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് പിഴ
വീടുകളിലെ പാർക്കിങ് സ്ഥലത്ത് വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനങ്ങൾ വേളാച്ചേരി മേൽപാതയിൽ നിർത്തിയിട്ടവരിൽ നിന്ന് പിഴ ഈടാക്കാൻ ട്രാഫിക് പൊലീസ്. കഴിഞ്ഞ വർഷം കനത്ത മഴ പെയ്തപ്പോഴും ജനങ്ങൾ വാഹനങ്ങൾ മേൽപാതയിൽ നിർത്തിയിട്ടിരുന്നു. ഇത്തവണ മഴ മുന്നറിയിപ്പ് വന്നപ്പോൾ തന്നെ ഒട്ടേറെപ്പേർ വാഹനങ്ങളുമായി മേൽപ്പാതയിലെത്തി. ഇവർക്കെല്ലാം 500 രൂപ പിഴയിട്ട് പൊലീസ് ചലാൻ അയച്ചു. എന്നാൽ പിഴ കാര്യമാക്കാതെ വാഹനങ്ങൾ മേൽപാതയിൽത്തന്നെ നിർത്താനാണ് മിക്കവരുടെയും തീരുമാനം. വാഹനത്തിൽ വെള്ളം കയറിയാൽ ഉണ്ടാകുന്ന നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ പിഴ പ്രശ്നമല്ലെന്നാണ് മിക്കവരുടെയും നിലപാട്.
കൂടുതൽ സർവീസുമായി മെട്രോ
നഗരത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ഇന്നു മുതൽ 17 വരെ കൂടുതൽ മെട്രോ സർവീസുകൾ നടത്തുമെന്ന് സിഎംആർഎൽ അറിയിച്ചു. രാവിലെ 5 മുതൽ രാത്രി 11 വരെ സർവീസുകൾ ഉണ്ടാകും. രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 8 വരെയും ഗ്രീൻ ലൈനിൽ 5 മിനിറ്റ് ഇടവേളയിലും ബ്ലൂ ലൈനിൽ 6 മിനിറ്റ് ഇടവേളയിലും സർവീസുണ്ടാകും. ബ്ലൂ ലൈനിൽ വാഷർമാൻപെട്ട് – അലന്തൂർ റൂട്ടിൽ 3 മിനിറ്റ് ഇടവേളയിൽ ട്രെയിനുകൾ ഓടും. രാവിലെ 5 മുതൽ 8 വരെയും 11 മുതൽ 5 വരെയും രാത്രി 8 മുതൽ 10 വരെയും രണ്ട് റൂട്ടിലും 7 മിനിറ്റ് ഇടവേളയിൽ സർവീസ് നടത്തും. രാത്രി 10നും 11നും ഇടയിൽ 15 മിനിറ്റ് ഇടവേളയിലാണ് സർവീസ്. രാവിലെ 5ന് എല്ലാ ടെർമിനലുകളിൽ നിന്നും ആദ്യ ട്രെയിൻ പുറപ്പെടും. അവസാന സർവീസുകൾ രാത്രി 11ന് ആരംഭിക്കും. മുൻ വർഷങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ട സെന്റ് തോമസ് മൗണ്ട്, അറുമ്പാക്കം സ്റ്റേഷനുകളുടെ പാർക്കിങ് കേന്ദ്രങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് യാത്രക്കാരോട് നിർദേശിച്ചു.