ADVERTISEMENT

ചെന്നൈ ∙ ദീപാവലിയോടനുബന്ധിച്ച് നാട്ടിലേക്കു പോകുന്നവരുടെ തിരക്ക് കണക്കിലെടുത്ത് നഗരത്തിൽനിന്ന് 11,176 സർക്കാർ സ്പെഷൽ ബസുകൾ 28 മുതൽ 30 സർവീസ് നടത്തും. 31നാണു ദീപാവലി. കോയമ്പേട്, കിലാമ്പാക്കം, മാധവാരം എന്നിവിടങ്ങളിൽ നിന്നാണു ബസുകൾ പുറപ്പെടുകയെന്നും കെകെ നഗറിൽ നിന്നു സർവീസ് ആരംഭിക്കില്ലെന്നും ഗതാഗത മന്ത്രി എസ്.എസ്.ശിവശങ്കർ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 14,016 ബസുകളാണു സർവീസ് നടത്തുക. ദീപാവലിക്കു ശേഷം ഞായറാഴ്ച ചെന്നൈയിലേക്കു തിരിച്ചെത്താനും സ്പെഷൽ ബസുണ്ട്.

താംബരം റൂട്ട് ഒഴിവാക്കാൻ നിർദേശം
ജിഎസ്ടി റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി സ്വകാര്യ വാഹനങ്ങളിൽ പോകുന്നവർ താംബരം, പെരുങ്കളത്തൂർ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി നിർദേശിച്ചു. പകരം വണ്ടല്ലൂർ വഴിയുള്ള ഔട്ടർ റിങ് റോഡ്, ഒഎംആർ തിരുപ്പോരൂർ–ചെങ്കൽപെട്ട് എന്നീ റൂട്ടുകളിലൊന്നു തിരഞ്ഞെടുക്കാനാണു നിർദേശം. കോയമ്പേടിൽനിന്നു കിലാമ്പാക്കം, മാധവാരം എന്നിവിടങ്ങളിലേക്ക് എംടിസി പ്രത്യേക സർവീസ് നടത്തും. 

ശബ്ദം കുറഞ്ഞ പടക്കങ്ങൾ മാത്രം
പടക്കം പൊട്ടിക്കുന്നത് സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെയും സർക്കാരിന്റെയും ഉത്തരവുകൾ പാലിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. രാവിലെ 6–7, വൈകിട്ട് 7–8 എന്നീ സമയങ്ങളിൽ മാത്രമേ പടക്കം പൊട്ടിക്കാൻ അനുമതിയുള്ളൂ. കുറഞ്ഞ ശബ്ദമുള്ളതും മലിനീകരണം കുറഞ്ഞതുമായ പടക്കം മാത്രമേ പൊട്ടിക്കാൻ പാടുള്ളൂ. വലിയ ശബ്ദത്തിനു കാരണമാകും വിധം തുടർച്ചയായി പൊട്ടിക്കാതിരിക്കുക, ആശുപത്രി, സ്കൂൾ, കോടതി, ആരാധനാലയങ്ങൾ എന്നിവയ്ക്കു സമീപം പൊട്ടിക്കരുത്,  തീപിടിക്കാൻ സാധ്യതയുള്ള സ്ഥലങളിൽ പൊട്ടിക്കരുത് തുടങ്ങിയ നിർദേശങ്ങളും ബോർഡ് നൽകി.

പരാതികൾക്ക് 9445014450, 9445014436
സ്വകാര്യ ബസുകളിലെ അമിത നിരക്കിനെക്കുറിച്ചു പരാതിപ്പെടാൻ 1800 425 6151, 044–24749002, 044–26280445. 

ബസുകൾ പുറപ്പെടുന്നത്
∙ കോയമ്പേട്–കാഞ്ചീപൂരം, വെല്ലൂർ, ബെംഗളൂരു, തിരുത്തനി എന്നിവിടങ്ങളിലേക്ക്
∙ കിലാമ്പാക്കം–പുതുച്ചേരി, കടലൂർ, ചിദംബരം, തിരുച്ചിറപ്പള്ളി, മധുര, തൂത്തുക്കുടി, ചെങ്കോട്ട, കോയമ്പത്തൂർ, സേലം തുടങ്ങിയ സ്ഥലങ്ങളിലേക്കും കേരളത്തിലേക്കും
∙ മാധവാരം–ആന്ധ്രയിലേക്കും തിരുച്ചിറപ്പള്ളി, സേലം, കുംഭകോണം, തിരുവണ്ണാമലൈ എന്നിവിടങ്ങളിലേക്ക്

English Summary:

To handle the Deepavali rush, the Tamil Nadu government will run 11,176 special buses from Chennai from October 28-30, departing from Koyambedu, Kelambakkam, and Madhavaram. Return trips are also arranged.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com