ADVERTISEMENT

ചെന്നൈ ∙ ദീപാവലിയോട് അനുബന്ധിച്ച് ടോൾ പ്ലാസകളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചു. തിരക്ക് നിയന്ത്രണാതീതമായാൽ ടോൾ പ്ലാസകളിൽ സൗജന്യയാത്ര അനുവദിക്കും.  ചെന്നൈയിൽ നിന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒട്ടേറെപ്പേർ യാത്രചെയ്യുന്ന പശ്ചാത്തലത്തിൽ ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണിത്. ചെന്നൈ– തിരുച്ചിറപ്പള്ളി ദേശീയ പാതയിലെ പരന്നൂർ, ആത്തൂർ തുടങ്ങിയ ടോൾ പ്ലാസകളിൽ കഴിഞ്ഞദിവസങ്ങളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായിരുന്നു.

ഫാസ്ടാഗ് സൗകര്യമുണ്ടെങ്കിലും സ്കാനിങ്ങിനു സമയമെടുത്തതാണു പ്രതിസന്ധി സൃഷ്ടിച്ചത്. കൂടാതെ, ഉത്സവസീസണിൽ ടോൾ പ്ലാസകളിൽ സൗജന്യയാത്ര അനുവദിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ കഴിഞ്ഞ ദിവസം അഭ്യർഥിച്ചതിനെ തുടർന്ന് സർക്കാർ ദേശീയ പാത അതോറിറ്റിയുമായി ചർച്ച നടത്തിയിരുന്നു. കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്ന ടോൾ പ്ലാസകളിൽ അധിക ജീവനക്കാരെ നിയമിക്കാനും കൂടുതൽ കൗണ്ടറുകൾ സ്ഥാപിക്കാനും അധികൃതർ ടോൾ ബൂത്ത് മാനേജർമാർക്കു നിർദേശം നൽകിയിട്ടുണ്ട്.

പടക്ക വിൽപന കുറഞ്ഞു
∙ രാജ്യത്തെ ഏറ്റവും വലിയ പടക്കനിർമാണ കേന്ദ്രമായ ശിവകാശിയിൽ, ദീപാവലി പടക്ക വിൽപനയിൽ 20% കുറവുണ്ടായെന്ന് റിപ്പോർട്ട്. ഓൺലൈൻ വഴി പടക്കം വാങ്ങുന്നവരുടെ എണ്ണം വർധിച്ചതാണു തങ്ങളുടെ വിൽപന കുറയാൻ കാരണമെന്നാണ് വ്യാപാരികൾ‌ പറയുന്നത്. നേരിട്ടുള്ള വിൽപനയെ ബാധിക്കുന്നതിനാൽ ഓൺലൈൻ വിൽപന സർക്കാർ നിയന്ത്രിക്കണമെന്നും കച്ചവടക്കാർ ആവശ്യപ്പെട്ടു. ശിവകാശിയിലേത് അടക്കം 2,500 പടക്കക്കടകളാണു വിരുദുനഗർ ജില്ലയിലുള്ളത്.

തൊഴിലാളിക്ക് ഗുരുതര പരുക്ക്
ചെന്നൈ ∙ ദീപാവലിയോട് അനുബന്ധിച്ച് വിമാനത്താവളത്തിൽ അലങ്കാരപ്പണി ചെയ്യുന്നതിനിടെ 40 അടി ഉയരത്തിൽ നിന്നുവീണ യുവാവിനു ഗുരുതരമായി പരുക്കേറ്റു. വില്ലുപുരം മാരക്കാനം സ്വദേശി സെൽവ(26)ത്തിനാണു പരുക്കേറ്റത്. രണ്ടാം ടെർമിനലിൽ അലങ്കാരവിളക്ക് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടനെ രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുതുച്ചേരിയിൽ 5 ദിവസം അവധി
ചെന്നൈ ∙ ദീപാവലിയോട് അനുബന്ധിച്ച് പുതുച്ചേരിയിൽ നാളെ അവധി പ്രഖ്യാപിച്ചു. 31നാണ് ദീപാവലി. നവംബർ ഒന്നിനു പുതുച്ചേരി വിമോചനദിനമായതിനാൽ അന്നും അവധിയാണ്. തുടർന്നുള്ള ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുമ്പോൾ നാളെ മുതൽ തുടർച്ചയായി 5 ദിവസം അവധി ലഭിക്കും.

English Summary:

To alleviate heavy Diwali traffic, the National Highway Authority will implement measures at toll plazas, including possible free passage, to prevent major jams on routes like the Chennai-Tiruchirappalli National Highway.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com