ദീപാവലിത്തിരക്കിൽ ചെന്നൈ നഗരം; ആഘോഷം പൊടിപൊടിക്കും
Mail This Article
ചെന്നൈ ∙ മാനത്ത് വർണ വിസ്മയം തീർക്കുന്ന, അതിരുകളില്ലാത്ത ആഹ്ലാദത്തിനും ഒത്തുചേരലിനും അരങ്ങൊരുക്കുന്ന ദീപാവലി ആഘോഷ ലഹരിയിൽ തമിഴകം. ഇന്നു രാവിലെ മുതൽ വീടുകൾക്കു മുൻപിലും മറ്റും പടക്കത്തിനു തിരി കൊളുത്തുന്നതോടെ ആഘോഷത്തിന്റെ മാലപ്പടക്കത്തിനു തുടക്കമാകും.
വീട്ടുകാർക്കും കൂട്ടുകാർക്കുമൊപ്പം ഇന്ന് ഒരുമിച്ചു ചേരുന്നതിനായി, നഗരത്തിൽനിന്നു ട്രെയിനിലും ബസിലുമായി 5 ലക്ഷത്തിലേറെ പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ യാത്രയായത്. ടി നഗർ അടക്കം നഗരത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളിൽ വലിയ തിരക്ക് ഇന്നലെ അനുഭവപ്പെട്ടു. ശനിയാഴ്ച തുടങ്ങിയ തിരക്കാണ് ഇന്നലെ രാത്രി വരെ നീണ്ടത്.
കരുതലോടെ ആഘോഷം
മുൻ വർഷങ്ങളിൽ ദീപാവലി ആഘോഷത്തിനിടെ തീപിടിത്തത്തെ തുടർന്നുള്ള അപകടങ്ങൾ സംഭവിച്ചതിനാൽ, പടക്കം പൊട്ടിക്കുമ്പോൾ ശ്രദ്ധ വേണമെന്ന് പൊലീസ് പറയുന്നു. അപകടകരമായ രീതിയിലോ, അപകട സാധ്യതയുള്ള സ്ഥലങ്ങളിലോ പടക്കം പൊട്ടിക്കാൻ പാടില്ല. വീടുകളുടെ മുൻവശം, ടെറസ് തുടങ്ങിയവ സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നും പൊലീസ് പറഞ്ഞു. ദീപാവലി സുരക്ഷിതമായി ആഘോഷിക്കുന്നതിന് ഒട്ടേറെ നിർദേശങ്ങളാണു പൊലീസ് നൽകിയത്.
∙ രാവിലെ 6–7, വൈകിട്ട് 7–8 എന്നീ സമയങ്ങളിൽ മാത്രമേ പടക്കം പൊട്ടിക്കാൻ അനുമതിയുള്ളൂ
∙തീപിടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊട്ടിക്കാൻ പാടില്ല. ഇരുചക്ര വാഹനങ്ങൾ, മറ്റു വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രങ്ങൾ, ഇന്ധന പമ്പ്, ആശുപത്രി, കുടിൽ, പടക്കങ്ങൾ സൂക്ഷിച്ച സ്ഥലം തുടങ്ങിയവയ്ക്കു സമീപം പടക്കം പൊട്ടിക്കരുത്.
∙പൊതു സ്ഥലങ്ങളിൽ അലക്ഷ്യമായി പൊട്ടിക്കരുത്
∙ചേരി പ്രദേശം, വലിയ കെട്ടിടങ്ങൾ എന്നിവയ്ക്കു സമീപത്തു റോക്കറ്റ് കത്തിക്കാൻ പാടില്ല
∙നനഞ്ഞ പടക്കങ്ങൾ അടുക്കളകളിൽ ഉണക്കരുത്
∙മുതിർന്നവരുടെ സാന്നിധ്യത്തിൽ മാത്രമേ കുട്ടികൾ പടക്കം പൊട്ടിക്കാൻ പാടുള്ളൂ
∙പടക്കക്കട, പടക്കം പൊട്ടിക്കുന്ന സ്ഥലം എന്നിവയ്ക്കു സമീപത്തു പുകവലിക്കരുത്
∙അടിയന്തര സഹായത്തിന് 100 (പൊലീസ്), 101 (അഗ്‌നിരക്ഷാ സേന), 108 (ആംബുലൻസ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
മഴ മാറിനിൽക്കുമെന്ന് പ്രതീക്ഷ
നഗരത്തിന്റെ ദീപാവലി ആവേശം കുറയ്ക്കാൻ ഇന്നലെ പെയ്ത കനത്ത മഴ ഇന്നു മാറി നിൽക്കുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ. ഇന്നലെ ഉച്ചയ്ക്ക് 12 മുതലാണു കനത്ത മഴ ആരംഭിച്ചത്. 2 മണിക്കൂറോളം തുടർച്ചയായി പെയ്ത മഴയിൽ റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായി. സാധാരണ ദീപാവലിയുടെ തലേ ദിവസം നഗരത്തിൽ വ്യാപകമായി പടക്കം പൊട്ടിക്കാറുണ്ടെങ്കിലും മഴയുടെ അന്തരീക്ഷമായതിനാൽ ഇന്നലെ കാര്യമായ ആഘോഷം ഉണ്ടായില്ല. ഇന്നു നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥ പ്രവചനം. എന്നാലിത് ആഘോഷത്തെ ബാധിക്കില്ലെന്നാണു നഗരവാസികളുടെ പ്രതീക്ഷ.
സജ്ജമായി അഗ്‌നിരക്ഷാ സേന
ദീപാവലി ആഘോഷത്തോടനുബന്ധിച്ച് അപകടങ്ങൾ ഉണ്ടായാൽ ഉടൻ രക്ഷാപ്രവർത്തനം നടത്തുന്നതിന് നഗരത്തിൽ അഗ്‌നിരക്ഷാ സേന സജ്ജം. തീ അണയ്ക്കുന്നതിനുള്ള ജല സംവിധാനത്തോടെ നഗരത്തിൽ 70 സ്ഥലങ്ങളിലായി 1,000 പേരെ നിയോഗിച്ചതായി അഗ്‌നിരക്ഷാ വകുപ്പ് അറിയിച്ചു. നവംബർ 2നു രാവിലെ 8 വരെ ഈ സംഘം പ്രവർത്തിക്കുമെന്നും അറിയിച്ചു.
സബേർബൻ ടൈംടേബിളിൽ മാറ്റം
ദീപാവലിയോടനുബന്ധിച്ച് ഇന്നു പൊതു അവധി ആയതിനാൽ ഞായറാഴ്ച ടൈംടേബിൾ പ്രകാരമായിരിക്കും സബേർബൻ ട്രെയിനുകൾ ഇന്നു സർവീസ് നടത്തുകയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ബീച്ച്–ചെങ്കൽപെട്ട് അടക്കം എല്ലാ റൂട്ടുകളിലും ഈ ടൈംടേബിൾ പ്രകാരമാണു സർവീസ് നടത്തുക. ചെന്നൈ ഡിവിഷനിലെ പാസഞ്ചർ റിസർവേഷൻ കേന്ദ്രങ്ങൾ ഞായറാഴ്ച ടൈംടേബിൾ പ്രകാരമാണ് ഇന്നു പ്രവർത്തിക്കുകയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയുള്ള ഒരു ഷിഫ്റ്റ് മാത്രമാണ് ഇന്നു പ്രവർത്തിക്കുക.