ADVERTISEMENT

ചെന്നൈ ∙ ദീപാവലി ആഘോഷം ബാക്കിവച്ച പടക്ക അവശിഷ്ടങ്ങളിലും പുകപടലത്തിലും മുങ്ങി ചെന്നൈ നഗരം. മാലിന്യം നിറഞ്ഞ തെരുവുകളും പുകയിൽ മുങ്ങിയാണ് ദീപാവലി പിറ്റേന്ന് നഗരം ഉറക്കമുണർന്നത്. വായു ഗുണനിലവാര സൂചിക നഗരത്തിൽ ഏറ്റവും മോശം നിലയിലാണ്.

കുപ്പത്തൊട്ടിയായി നഗരം
വെള്ളിയാഴ്ച ഉച്ചവരെ ചെന്നൈ കോർപറേഷനിലെ ശുചീകരണ തൊഴിലാളികൾ നീക്കം ചെയ്തത് 156 ടൺ പടക്ക മാലിന്യം.  കോർപറേഷന്റെ 15 സോണുകളിലും മാലിന്യം ശേഖരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. മാലിന്യം കൊണ്ടുപോകുന്നതിന് ഓരോ സോണിലും പ്രത്യേക വാഹനങ്ങളും ക്രമീകരിച്ചു. വ്യാഴാഴ്ച രാത്രി തന്നെ ശുചീകരണം ആരംഭിച്ചതായി കോർപറേഷൻ അധികൃതർ പറഞ്ഞു. പടക്ക മാലിന്യം പ്രത്യേകം സംഭരിച്ച് ഗുമ്മിഡിപൂണ്ടി സിപ്കോട്ട് വ്യവസായ കേന്ദ്രത്തിലുള്ള രാസമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കാണ് മാറ്റി. 

347 കേസുകൾ
സുപ്രീം കോടതി നിർദേശിച്ച സമയക്രമം പാലിക്കാതെ പടക്കം പൊട്ടിച്ചതിന് നഗരത്തിൽ 347 കേസുകൾ റജിസ്റ്റർ ചെയ്തതായി ചെന്നൈ പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ഇത് 554 ആ‌യിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ഇരുനൂറിലധികം കുറഞ്ഞു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി രാവിലെ 6 മുതൽ 7 വരെയും വൈകിട്ട് 7 മുതൽ 8 വരെയുമാണ് പടക്കം പൊട്ടിക്കാൻ അനുമതി നൽകിയത്.  എന്നാൽ നിശ്ചിത സമയത്തിനു വളരെ മുൻപേ മിക്കവരും പടക്കങ്ങൾ പൊട്ടിക്കാൻ ആരംഭിച്ചു. അർധരാത്രി കഴിഞ്ഞും മിക്കവരും പടക്കം പൊട്ടിക്കൽ തുടർന്നു. നിയന്ത്രണങ്ങൾക്കായി 18,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചത്. സംസ്ഥാനത്ത് 48,000 പൊലീസുകാരെയാണ് ക്രമസമാധാന പാലനത്തിന് നിയോഗിച്ചത്.  

വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ച പടക്ക മാലിന്യം സംസ്കരണ കേന്ദ്രത്തിലേക്കു മാറ്റാനായി ട്രക്കുകളിൽ കയറ്റുന്ന കോർപറേഷൻ ജീവനക്കാർ
വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ച പടക്ക മാലിന്യം സംസ്കരണ കേന്ദ്രത്തിലേക്കു മാറ്റാനായി ട്രക്കുകളിൽ കയറ്റുന്ന കോർപറേഷൻ ജീവനക്കാർ

വായു വളരെ മോശം
ദീപാവലി ആഘോഷത്തെ തുടർന്ന് നഗരത്തിലെ വായു ഗുണനിലവാരം (എക്യൂഐ) ഏറ്റവും മോശമായ അവസ്ഥയിലെത്തി. നഗരത്തിൽ മിക്കയിടങ്ങളിലും വായു മലിനീകരണ നിരക്ക് 200നു മുകളിലായിരുന്നു. വൽസരവാക്കത്ത് ഇത് ഏറ്റവും മോശമായ നിലയായ 287 ആയി. മണലിയിൽ 257, പെരുങ്കുടിയിൽ 237, വേളാച്ചേരിയിൽ 219, ആലന്തൂരിൽ 211 എന്നിങ്ങനെ ആയിരുന്നു നഗരത്തിൽ മറ്റിടങ്ങളിലെ വായു ഗുണനിലവാര സൂചിക. 50ൽ താഴെയുള്ള വായു ഗുണനിലവാരമാണ് ആരോഗ്യകരമായി വിലയിരുത്തപ്പെടുന്നത്. 50നും 100നും ഇടയിലെ എക്യൂഐ തൃപ്തികരവും 100 മുതൽ 200 വരെയുള്ളത് മോശവും 200 മുകളിലേത് വളരെ മോശവുമാണ്.  

2 മരണം, 544 പേർക്ക് പൊള്ളലേറ്റു
നഗരത്തിൽ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് അടിയേറ്റ് റോയപ്പേട്ട സ്വദേശിയായ 17 വയസ്സുകാരൻ മരിച്ചു. അംബേദ്കർ നഗർ സ്വദേശി എസ്.ശ്യാമാണ് മരിച്ചത്. പടക്കം പൊട്ടിക്കുന്നതു സംബന്ധിച്ച തർക്കത്തെ തുടർന്ന് സുഹൃത്തിന്റെ അടിയേറ്റു ബോധരഹിതനായി വീണ ശ്യാമിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. രാമേശ്വരത്ത് 12 വയസ്സായ കുട്ടി പൊള്ളലേറ്റു മരിച്ചു.  സംസ്ഥാനത്ത് 232 തീപിടിത്ത സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 544 പേർക്ക് പൊള്ളലേറ്റു. ചെന്നൈയിൽ മാത്രം 86 അപകടങ്ങളുണ്ടായി. 95 പേർക്ക് പൊള്ളലേറ്റു. കിൽപോക് മെഡിക്കൽ കോളജിൽ പ്രത്യേകമായി സജ്ജമാക്കിയ വാർഡിൽ പൊള്ളലേറ്റ 20 പേരെ പ്രവേശിപ്പിച്ചു. 20 ശതമാനം വരെ പൊള്ളലേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു. ഇതിൽ 2 പേർ കുട്ടികളാണ്.

ശിവകാശിയിൽ  വിറ്റത് 6000  കോടിയുടെ പടക്കം
ശിവകാശിയിൽ ഇത്തവണ ദീപാവലിയോട് അനുബന്ധിച്ച് നടന്നത് 6000 കോടി രൂപയുടെ പടക്ക വിൽപന. എന്നാൽ വിൽപനയ്ക്കുള്ള ലൈസൻസ് നൽകുന്നതിലെ കാലതാമസം മൂലം 50 കോടി രൂപയുടെ ബിസിനസ് നഷ്ടപ്പെട്ടതായി കച്ചവടക്കാർ പറഞ്ഞു.  നഗരത്തിൽ പടക്കം വിൽക്കാനുള്ള ലൈസൻസ് അവസാന നിമിഷം മാത്രമാണ് അനുവദിച്ചതെന്ന് ആരോപണമുണ്ട്. ഇതേത്തുടർന്ന് വിൽപനയിൽ 30 ശതമാനത്തോളം കുറവുണ്ടായതായി നഗരത്തിലെ കച്ചവടക്കാർ പറഞ്ഞു.

English Summary:

Diwali celebrations in Chennai left the city grappling with severe air pollution and mountains of firecracker waste, prompting an urgent cleanup operation and highlighting the environmental impact of the festival.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com