ADVERTISEMENT

ചെന്നൈ ∙പിതാവിന്റെ മരണത്തിൽ ദുഃഖിതനായി ഇരിക്കുമ്പോഴാണ് പക്ഷികൾക്ക് ആഹാരം നൽകുന്നതിനെക്കുറിച്ച് ചിന്താദ്രിപെട്ടിൽ താമസിക്കുന്ന സുദർശൻ സാ (പാരറ്റ് സുദർശൻ) ഗൗരവമായി ചിന്തിച്ചത്. അയൽവീട്ടിലെ മുത്തശ്ശി ഏതാനും ഉരുള ഭക്ഷണം കാക്കകൾക്ക് നൽകുന്നതു കണ്ടതു പ്രചോദനമായി. ടെറസിൽ അതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. 15 വർഷമായി മുടക്കമില്ലാതെ നൽകുന്ന ആഹാരം കഴിക്കാൻ പ്രതിദിനം ആയിരത്തിലേറെ തത്തകളാണ് രാവിലെയും വൈകിട്ടും സുദർശന്റെ വീടിന്റെ മട്ടുപ്പാവിൽ എത്തുന്നത്. പ്രാവുകളും കുരുവികളും കാക്കകളും അണ്ണാനുമടക്കം ഒട്ടേറെ ജീവികളും സുദർശന്റെ വിരുന്നുണ്ണാനെത്തും. കാർത്തിയും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘മെയ്യഴകൻ’ സിനിമയിൽ ഇവിടം ഉൾപ്പെടുത്തിയതോടെ പക്ഷികളെ കാണാനെത്തുന്നവരുടെ തിരക്കും കൂടിയതായി സുദർശൻ പറഞ്ഞു.

സുദർശനും ഭാര്യ വിദ്യയും വീടിന്റെ മട്ടുപ്പാവിൽ പക്ഷികൾക്കുള്ള തീറ്റ ഒരുക്കുന്നു. ചിത്രം: മനോരമ
സുദർശനും ഭാര്യ വിദ്യയും വീടിന്റെ മട്ടുപ്പാവിൽ പക്ഷികൾക്കുള്ള തീറ്റ ഒരുക്കുന്നു. ചിത്രം: മനോരമ

സുദർശനും ഭാര്യ വിദ്യയും ചേർന്നാണ് തീറ്റ നൽകുന്നത്. മട്ടുപ്പാവിൽ നിരത്തി വച്ച പലകകളിൽ കുതിർത്ത അരിയും നിലക്കടലയും വച്ചശേഷം മാറിനിന്നാൽ മതി, തത്തകൾ കൂട്ടമായെത്തും. രാവിലെ 6നും ഉച്ചയ്ക്കു ശേഷം 4നുമാണ് തത്തകൾക്ക് ആഹാരം നൽകുന്നത്. തത്തകൾ ഭക്ഷിച്ച ശേഷം അവശേഷിക്കുന്നത് പല സമയങ്ങളിലായി എത്തുന്ന കുരുവികളും കാക്കകളും പ്രാവുകളും അണ്ണാനും അടക്കമുള്ളവ തിന്നു തീർക്കും. ഇടയ്ക്ക് എവിടെ നിന്നെന്നറിയാതെ ഒരു മയിലും ഇവിടെയെത്തിയെന്ന് സുദർശൻ പറഞ്ഞു. ഫിസിക്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ സുദർശൻ പിന്നീട് കുടുംബ ബിസിനസിലേക്ക് തിരിയുകയായിരുന്നു. ബിസിനസിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗമാണ് പക്ഷികളുടെ തീറ്റയ്ക്കായി ചെലവാക്കുന്നത്.

അടുത്തയിടെ കയ്യിൽ വളരെ സൂക്ഷ്മതയോടെ പിടിച്ച ഒരു പൊന്മാൻ കുഞ്ഞുമായി ഒരു കുരങ്ങും ഇവിടെയെത്തി. നിലക്കടല സ്വയം ചവച്ച ശേഷം പൊന്മാൻ കുഞ്ഞിന്റെ വായിലേക്ക് നൽകുന്നതും അരിമണികൾ പെറുക്കിയെടുത്ത് തിന്നാൻ കൊടുക്കുന്ന ദൃശ്യങ്ങൾ സുദർശൻ പകർത്തിയിരുന്നു. വൈകിട്ട് 4ന് മുൻകൂട്ടി അറിയിച്ചശേഷം എത്തുന്നവർക്ക് പക്ഷികളെ കാണാനും തീറ്റ കൊടുക്കാൻ സഹായിക്കാനും അവസരമുണ്ട്. ധനസഹായം സ്വീകരിക്കില്ല. താൽപര്യമുള്ളവർ അൽപം നിലക്കടല കൊണ്ടുവന്നാൽ കിളികൾക്ക് കൊടുക്കാം. വിവരങ്ങൾക്ക്: 9841548481.

English Summary:

In the heart of Chennai, Sudarsan S has created a haven for thousands of birds on his terrace. For 15 years, he has dedicatedly provided food and water, attracting parrots, pigeons, sparrows, and more. His inspiring story has even been featured in the Tamil movie "Meyazhakan." Witness the incredible bond between humans and animals at Sudarsan's feeding sessions and learn how you can participate in this heartwarming initiative.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com