കുരങ്ങ് വള്ളിയപ്പനെ തിരിച്ചറിയുമോ? തിരിച്ചറിയൽ പരേഡിനൊരുങ്ങി വെറ്ററിനറി; അപൂർവ പരീക്ഷണം
Mail This Article
ചെന്നൈ ∙ ഒരു വർഷത്തിലേറെയായി ചികിത്സിച്ചു പരിപാലിച്ച കുരങ്ങിനെ സ്വന്തമാക്കാൻ തിരിച്ചറിയൽ പരേഡിനൊരുങ്ങി വെറ്ററിനറി ഡോക്ടർ വി. വള്ളിയപ്പൻ. നായകൾ കടിച്ചു പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ച കുരങ്ങിനെ വള്ളിയപ്പനാണ് ചികിത്സിച്ചിരുന്നത്. വണ്ടലൂർ മൃഗശാലയിലുള്ള കുരങ്ങിനെ 9ന് രാവിലെ 11ന് സന്ദർശിക്കാനാണ് അനുമതി. കുരങ്ങ് വള്ളിയപ്പനെ തിരിച്ചറിയുന്നുണ്ടോ എന്ന റിപ്പോർട്ട് നൽകാൻ വള്ളിയപ്പനും മൃഗശാല അധികൃതർക്കും കോടതി നിർദേശം നൽകി. 14ന് കേസ് വീണ്ടും പരിഗണിക്കും.
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റ കുരങ്ങിനെ പരിപാലിക്കുന്ന കോയമ്പത്തൂർ സ്വദേശി വി.വള്ളിയപ്പനാണ് അപൂർവ പരീക്ഷണത്തിന് ഒരുങ്ങുന്നത്. പരിചരണത്തിലൂടെ ആരോഗ്യം മെച്ചപ്പെട്ട കുരങ്ങിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ ബലമായി പിടിച്ചെടുത്തു വണ്ടലൂർ മൃഗശാലയിലേക്കു മാറ്റിയതോടെ വള്ളിയപ്പൻ കോടതിയെ സമീപിച്ചു. 10 മാസം പ്രായമായ കുരങ്ങിന് അരയ്ക്കു താഴെ തളർന്നതടക്കം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഭക്ഷണം കഴിക്കുമെങ്കിലും പോഷകത്തിന് ആവശ്യമായ മരുന്ന് കഴിക്കണമെങ്കിൽ താൻ തന്നെ നൽകണമെന്നും വള്ളിയപ്പൻ ഹർജിയിൽ പറഞ്ഞിരുന്നു.