കിഴക്കൻ കാറ്റ്: മഴ ശക്തമായി തുടരും
Mail This Article
ചെന്നൈ ∙ നഗരത്തിൽ മഴ ഇന്നും തുടർന്നേക്കും. ബംഗാൾ ഉൾക്കടലിനു മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ പ്രഭാവത്തെ തുടർന്നു ബുധൻ വൈകിട്ടോടെ ആരംഭിച്ച മഴയാണ് നഗരത്തിൽ ശക്തമായി തുടരുന്നത്. ഇന്നും നാളെയും ആകാശം മേഘാവൃതമായിരിക്കുമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടെ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കിഴക്കൻ കാറ്റിന്റെ സ്വാധീനവും മഴ ശക്തമാകാൻ കാരണമാണ്. ഇന്നലെ രാവിലെ പെയ്ത മഴയെ തുടർന്നു ജോലിക്കും മറ്റുമായി പുറത്തിറങ്ങിയവർ ബുദ്ധിമുട്ടി.
രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ തിരുവള്ളൂർ ജില്ലയിലെ പൊന്നേരിയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. പൊന്നേരിയിൽ 24 സെ.മീ മഴ ലഭിച്ചു. മണലിയിൽ 6 സെ.മീ, ഷോളിംഗനല്ലൂരിലും ആവഡിയിലും 5, മീനമ്പാക്കത്ത് 3.9, നുങ്കംപാക്കത്ത് 2 എന്നിങ്ങനെയും മഴ ലഭിച്ചു. രാമനാഥപുരം, പുതുക്കോട്ട, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുംതുറ, കടലൂർ, വില്ലുപുരം, വിരുദുനഗർ, മധുര, ശിവഗംഗ എന്നീ ജില്ലകളിലും പുതുച്ചേരിയിലും ഇന്നു മഴയ്ക്കു സാധ്യതയുണ്ട്. ആന്ധ്രയുടെ വടക്ക് കിഴക്കൻ, തെക്കൻ തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 35–45 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.