മലിനീകരണത്തിനൊപ്പം തണുപ്പും മഞ്ഞും; ചെന്നൈ നഗരത്തെ ചതിക്കുമോ വായു
Mail This Article
ചെന്നൈ ∙ നഗരവാസികളെ ആശങ്കയിലാക്കി വായു നിലവാര സൂചികയിൽ (എക്യുഐ) ഡൽഹിയുടെ വഴിയേ ചെന്നൈ. നഗരത്തിൽ പലയിടങ്ങളിലും മോശം വായു നിലവാരമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. വ്യവസായ കേന്ദ്രങ്ങളിൽ നിന്നുള്ള മലിനീകരണത്തിനൊപ്പം തണുപ്പും മഞ്ഞും വർധിച്ചതാണ് നിലവിലെ സ്ഥിതിക്കു കാരണം. ഈ അവസ്ഥ താൽക്കാലികം മാത്രമാണെന്നും ഡൽഹിയുടെ നിലയിലേക്കു പോകില്ലെന്നുമുള്ള പ്രതീക്ഷയിലാണു നഗരവാസികൾ.
ആശങ്കപ്പെടുത്തുന്ന കണക്ക്
മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം ആലന്തൂർ ഭാഗത്താണ് കഴിഞ്ഞ ദിവസം വായു നിലവാരം കൂടുതൽ മോശമായത്. ആലന്തൂർ ബസ് ഡിപ്പോയിൽ എക്യുഐ 267 ആണു രേഖപ്പെടുത്തിയത്. വൈകിട്ട് ആയപ്പോൾ 263 ആയി കുറഞ്ഞു. മണലിയിൽ 151, അറുമ്പാക്കത്ത് 122, പെരുങ്കുടിയിൽ 111 എന്നിങ്ങനെയാണു നില.
അതേസമയം വേളാച്ചേരി, റോയപുരം, കൊടുങ്ങയ്യൂർ എന്നിവിടങ്ങളിൽ എക്യുഐ സ്ഥിതി മെച്ചമാണ്. എക്യുഐ 0–50 ആണു മികച്ച വായു നിലവാരമായി കണക്കാക്കുന്നത്. 51–100 തൃപ്തികരം. 101 മുതൽ ആരോഗ്യത്തിനു ദോഷകരമായ നിലയായാണു കണക്കാക്കുന്നത്. 301–500 ഗുരുതരം.
മറ്റൊരു സൂചികയായ പിഎം 2.5 നിലയും മോശം അവസ്ഥയിലാണ്. ആലന്തൂരിൽ 314 മൈക്രോ ഗ്രാം ആണു പിഎം 2.5. മണലിയിൽ 170, അറുമ്പാക്കത്ത് 198, പെരുങ്കുടിയിൽ 170 എന്നിങ്ങനെയാണു നില. 24 മണിക്കൂറിനിടെ 25 മൈക്രോ ഗ്രാമിന്റെ മൂന്നിരട്ടിയിൽ കൂടുതൽ ഉണ്ടാകാൻ പാടില്ലെന്നാണു ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ളത്. നഗരമേഖലയിലെ നിർമാണ പ്രവർത്തനങ്ങളും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന പൊടിപടലങ്ങളുമാണ് പിഎം 2.5 മോശം നിലയിലെത്താൻ കാരണം.
പ്രതീക്ഷ ആശ്വാസക്കാറ്റിൽ
നഗരത്തിൽ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന തണുപ്പും മൂടൽ മഞ്ഞുമാണ് എക്യുഐ മോശം അവസ്ഥയിലെത്താൻ കാരണമെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. രാത്രിയിൽ തണുപ്പും അതിരാവിലെ മൂടൽ മഞ്ഞുമാണ്. കടുത്ത ചൂടുകാലത്തിനു ശേഷമെത്തുന്ന ഈ കാലാവസ്ഥ നഗരവാസികൾക്ക് വലിയ ആശ്വാസമാണെങ്കിലും വായു നിലവാരം അത്ര ആശ്വാസകരമല്ലെന്നാണു കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ.
മൂടൽമഞ്ഞ് ഉള്ളതിനാൽ പൊടിയും പുകയും അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. അടങ്ങുന്നു. ശക്തമായ കാറ്റില്ലാത്തതും പ്രതികൂലമാണ്. തെക്കൻ തമിഴ്നാടിനു മുകളിൽ നിൽക്കുന്ന ചക്രവാതച്ചുഴി മൂലമാണു കാറ്റിനു വേഗമില്ലാത്തത്. താപനില കുറയുകയും മൂടൽ മഞ്ഞു കൂടുകയും ചെയ്യുമ്പോൾ കണികകൾ കൂടുതലായി തങ്ങി നിൽക്കും. ഇതു മലിനീകരണം കൂട്ടും. ഈ സമയത്ത് തമിഴ്നാട്ടിൽ ഇതു പതിവാണെന്നും താപനില വർധിക്കുന്നതോടെ സ്ഥിതി മാറുമെന്നും കാലാവസ്ഥ വിദഗ്ധർ പറഞ്ഞു.