ADVERTISEMENT

ചെന്നൈ ∙ മുൻ വർഷങ്ങളെ അപേക്ഷിച്ച് ചെന്നൈയിലെ ജലസംഭരണികളിലെ ജലനിരപ്പ് കുത്തനെ കുറഞ്ഞതോടെ മഴയിൽ പ്രതീക്ഷയർപ്പിച്ച് നഗരം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നഗരത്തിലും മഴയെത്തിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാരും. മഴ കനിഞ്ഞാൽ മാത്രമേ പ്രധാന ജലസംഭരണികളിൽ ജലനിരപ്പ് ഉയരൂ. ശക്തമായ മഴ പെയ്തില്ലെങ്കിൽ 2019ലേതിനു സമാനമായ വരൾച്ചയും ശുദ്ധജല പ്രതിസന്ധിയും ഉണ്ടായേക്കാമെന്ന് അധികൃതർ ഭയപ്പെടുന്നു. ഏതാനും വർഷങ്ങളായി ഒക്ടോബർ, നവംബർ മാസങ്ങളിൽ പെയ്യുന്ന കനത്ത മഴയിൽത്തന്നെ ജലസംഭരണികൾ നിറഞ്ഞിരുന്നു.

ചെമ്പരംപാക്കം അടക്കമുള്ള ജലസംഭരണികൾ പൂർണ സംഭരണശേഷിയിൽ എത്തിയതോടെ  വെള്ളം ഒഴുക്കിക്കളയേണ്ട സ്ഥിതിയുണ്ടായി. എന്നാൽ ഇത്തവണ കാലവർഷം ആരംഭിച്ചിട്ടും നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കാര്യമായ മഴയുണ്ടായില്ല. ഇതേത്തുടർന്ന് സംഭരണികളിലേക്കുള്ള നീരൊഴുക്കും കാര്യമായി കൂടിയില്ല. മിക്ക ജല സംഭരണികളിലും സംഭരണ ശേഷിയുടെ പകുതിയിൽ താഴെ വെള്ളം മാത്രമാണ് ഉള്ളത്.

അവശേഷിക്കുന്നത് പകുതിയിൽ താഴെ വെള്ളം
നഗരത്തിനു ചുറ്റുമുള്ള 5 ജല സംഭരണികളും കടലൂർ ജില്ലയിലെ വീരാനം തടാകവുമാണ് നഗരത്തിലേക്ക് ശുദ്ധജലമെത്തിക്കുന്നത്. ഇതിനു പുറമേ ആന്ധ്രയിലെ കൃഷ്ണാ നദിയിൽനിന്ന് എത്തിക്കുന്ന വെള്ളവും നഗരത്തിന്റെ ദാഹമകറ്റുന്നു. നഗരപരിസരത്തുള്ള പൂണ്ടി, പുഴൽ, ചെമ്പരംപാക്കം, ചോളവാരം, തേർവോയ് കണ്ടിഗൈ എന്നീ 5 ജലസംഭരണികളിലുമായി 11,757 ലക്ഷം ഘനയടിയാണ് പൂർണ സംഭരണശേഷി. കഴിഞ്ഞ വർഷം നവംബർ അവസാനം ഇവയിലെല്ലാം ചേർ‍ന്ന് 8,961 ലക്ഷം ഘനയടി വെള്ളം ഉണ്ടായിരുന്നു. എന്നാൽ ഇന്നലത്തെ കണക്കനുസരിച്ച് 5 ജലാശയങ്ങളിലുമായി അവശേഷിക്കുന്നത് 5244 ലക്ഷം ഘനയടി വെള്ളം മാത്രമാണ്.

ചെമ്പരംപാക്കത്തെ പൂർണ സംഭരണശേഷി 3645 ലക്ഷം ഘനയടി ജലമാണ്. 2023 നവംബർ 25ന് ഇവിടെ 3138 ലക്ഷം ഘനയടി ജലമുണ്ടായിരുന്നു. എന്നാൽ ഇന്നലെ ഇവിടെ അവശേഷിക്കുന്നത് 2133 ലക്ഷം ഘനയടി ജലം മാത്രമാണ്. മറ്റ് ജലാശയങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ജലാശയങ്ങളുടെ വൃഷ്ടിപ്രദേശങ്ങളായ കാഞ്ചീപുരം, ചെങ്കൽപെട്ട്, തിരുവള്ളൂർ ജില്ലകളിൽ മഴ കുറഞ്ഞത് ഇവിടങ്ങളിലേക്കുള്ള നീരൊഴുക്ക് കുറച്ചു. വരും ദിവസങ്ങളിൽ തുടർച്ചയായി കനത്ത മഴ പെയ്താൽ മാത്രമേ പ്രധാന ജലസംഭരണികളിൽ ജലമെത്തുകയുള്ളൂ. പ്രദേശത്തെ ചെറു ജലാശയങ്ങളിലടക്കം വെള്ളം നിറയേണ്ടതും ആവശ്യമാണ്. ഇവയെല്ലാം നിറഞ്ഞാൽ മാത്രമേ മഴക്കാലത്തിനു ശേഷവും നീരൊഴുക്ക് തുടരുകയൂള്ളൂ.

ന്യൂനമർദത്തിൽ പ്രതീക്ഷ
കഴിഞ്ഞ ഏതാനും വർഷങ്ങളിൽനിന്നു വ്യത്യസ്തമായി ഇത്തവണ മഴക്കാലത്ത് ഇതുവരെ 3 ദിവസങ്ങളിൽ മാത്രമാണ് നഗരത്തിൽ മഴ പെയ്തത്. സമീപ ജില്ലകളിൽ ഇതിലും കുറവായിരുന്നു മഴ. മഴക്കാലം ആരംഭിച്ച ഒക്ടോബർ രണ്ടാം വാരത്തിൽ തന്നെ മഴ പെയ്തത് ആശ്വാസമായെങ്കിലും ഇതിനു തുടർച്ചയുണ്ടായില്ല. നവംബർ ആദ്യവാരത്തിൽ ശക്തമായ മഴ പ്രവചിക്കുകയും മുൻകരുതലെന്ന നിലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും പ്രവചനങ്ങൾ അസ്ഥാനത്തായി. റെഡ് അല‍ർട്ട് ദിനത്തിൽ തുള്ളി മഴപോലും പെയ്തില്ല. ഇത്തവണ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗത്തു രൂപപ്പെട്ട ന്യൂനമർദം നഗരത്തിൽ മഴയെത്തിക്കുമെന്നാണ് പ്രവചനം. നാളെ മുതൽ 3 ദിവസം കനത്ത മഴ പെയ്യാനുള്ള സാധ്യതയാണ് മേഖലാ കാലാവസ്ഥാ കേന്ദ്രം മുന്നിൽ കാണുന്നത്. 

English Summary:

Chennai is on edge as low reservoir levels spark fears of a 2019-like water crisis. The city anxiously awaits the monsoon season and potential rainfall from a developing low-pressure area in the Bay of Bengal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com