രണ്ടാംഘട്ട മെട്രോ: പരീക്ഷണയോട്ടം ഏപ്രിലിന് മുൻപ്; കൊടുംവളവുകൾ താണ്ടി മുന്നോട്ട്
Mail This Article
ചെന്നൈ ∙ നഗരയാത്ര അടിമുടി മാറ്റുമെന്നു പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ട മെട്രോ നിർമാണം വളവുകളിലും പതറാതെ മുന്നോട്ട്. രണ്ടാം ഘട്ടത്തിലെ റെയിൽ പാതകളിൽ ഏറ്റവും വലിയ വളവുള്ള പോരൂരിലെ നിർമാണം ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) വിജയകരമായി പൂർത്തിയാക്കി. രാജ്യത്ത് ആദ്യമായി കോംപസിറ്റ് ഗർഡറുകൾ ഉപയോഗിച്ചാണ് 127.55 മീറ്റർ വളവിലെ നിർമാണം പൂർത്തിയാക്കിയത്. പൂനമല്ലി മുതൽ പോരൂർ വരെയുള്ള പാതയിൽ ഡ്രൈവറില്ലാ ട്രെയിനിന്റെ പരീക്ഷണയോട്ടം അടുത്ത ഏപ്രിലിനു മുൻപു പൂർത്തിയാക്കും. ഡിസംബറിൽ സർവീസ് ആരംഭിക്കാനാണു സിഎംആർഎലിന്റെ പദ്ധതി.
പാതയിൽ 300 വളവുകൾ
മെട്രോ രണ്ടാം ഘട്ടത്തിൽ 300 വളവുകളാണ് പാതയിലുള്ളത്. ഇതിലെ ഏറ്റവും വലിയ വളവാണു പോരൂരിലെ എലിവേറ്റഡ് ലൈനിലൂടെ കടന്നുപോകുന്ന 127.55 മീറ്റർ പാത. ലൈറ്റ്ഹൗസ് മുതൽ പൂനമല്ലി ബൈപാസ് വരെയുള്ള നാലാം ഇടനാഴിയുടെ ഭാഗമാണ് പോരൂരിലെ എലിവേറ്റഡ് പാത. പോരൂർ മേൽപാതയ്ക്ക് മുകളിൽ കോംപസിറ്റ് ഗർഡറുകളുടെ സഹായത്തോടെയാണു മെട്രോ പാത നിർമിച്ചത്. റെയിൽ പാത നേരെ നിർമിക്കുകയാണെങ്കിൽ ഒട്ടേറെ ബഹുനില കെട്ടിടങ്ങളും വീടുകളും പൊളിക്കേണ്ടി വരുമെന്നതിനാലാണ് ഈ മാർഗം സ്വീകരിച്ചത്.
മേൽപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെടാത്ത വിധത്തിൽ, മേൽപാതയുടെ ഇരു വശങ്ങളിലുമായാണു ഗർഡറുകൾ സ്ഥാപിച്ചത്. പോരൂരിനു പുറമേ കോയമ്പേട്, ആലന്തൂർ എന്നിവിടങ്ങളിലും വലിയ വളവുള്ള പാതകളാണു നിർമിക്കുന്നത്. കോയമ്പേടിൽ 127 മീറ്ററും ആലന്തൂരിൽ 126 മീറ്ററുമാണ് വളവിന്റെ ദൈർഘ്യം. മാധവാരം മുതൽ ഷോളിംഗനല്ലൂർ വരെയുള്ള അഞ്ചാം ഇടനാഴിയിലാണ് ഏറ്റവും കൂടുതൽ വളഞ്ഞ പാതകളുള്ളത്. 44.6 കിലോമീറ്ററാണ് ആകെ വളവ്.
പരീക്ഷണയോട്ടം വൈകും
പോരൂർ–പൂനമല്ലി റൂട്ടിൽ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകളുടെ പരീക്ഷണയോട്ടം വൈകുമെന്ന് സൂചന. കഴിഞ്ഞ മാസം നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാൽ അടുത്ത ഏപ്രിലിനു മുൻപു പൂർത്തിയാക്കുമെന്നു മാത്രമാണ് ഇപ്പോൾ പറയുന്നത്. ആദ്യം സർവീസ് ആരംഭിക്കുന്ന പാത ആയതിനാലാണു പോരൂരിനും പൂനമല്ലിക്കും ഇടയിൽ ആദ്യം പരീക്ഷണയോട്ടം നടത്താൻ തീരുമാനിച്ചത്.
എന്നാൽ പരീക്ഷണയോട്ടം വൈകിയാൽ സർവീസ് ആരംഭിക്കാൻ വൈകുമോയെന്നും ആശങ്കയുണ്ട്. പൂനമല്ലി ബൈപാസ്, പൂനമല്ലി, മുല്ലത്തോട്ടം, കരയൻചാവടി, കുമനൻചാവടി, കാട്ടുപ്പാക്കം, അയ്യപ്പന്താങ്കൾ, തെല്ലിയരഗരം, പോരൂർ ബൈപാസ്, പോരൂർ ജംക്‌ഷൻ എന്നിവയാണ് ആദ്യ ഘട്ടത്തിൽ പ്രവർത്തനം തുടങ്ങുന്ന സ്റ്റേഷനുകൾ.