ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറില്ല: കാലാവസ്ഥ കേന്ദ്രം
Mail This Article
ചെന്നൈ ∙ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറില്ലെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അതീതീവ്ര ന്യൂനമര്‍ദം വൈകിട്ടോടെ തീവ്ര ന്യൂനമര്‍ദമായി മാറുമെന്നും തുടര്‍ന്ന് 30ന് രാവിലെ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ കരയില്‍ പ്രവേശിക്കുമെന്നും അറിയിച്ചു. ചുഴലിക്കാറ്റായി മാറി തമിഴ്‌നാട്-പുതുച്ചേരി തീരം കടക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം.
അതേസമയം, ചെന്നൈയിലും ചെങ്കല്‍പെട്ട് അടക്കമുള്ള സമീപ ജില്ലകളിലും ഇന്നും നാളെയും കനത്ത മഴ പെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും നാളെ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. പുതുച്ചേരിയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.
തിരുവാരൂര്‍, തഞ്ചാവൂര്‍, നാഗപട്ടണം, മയിലാടുതുറ, തിരുവാരൂര്‍ തുടങ്ങിയ ജില്ലകളിലും കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത അതിശക്തമായ മഴയെ തുടര്‍ന്ന് ജനവാസ മേഖലകളിലടക്കം വെള്ളം കയറുകയും 2,000 ഏക്കറിലെ നെല്‍ക്കൃഷി നശിക്കുകയും ചെയ്തു.
താംബരത്ത് മഴക്കെടുതി അറിയാൻ മൊബൈൽ ആപ്
ചെന്നൈ ∙ മഴക്കെടുതികളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനും അടിയന്തര സഹായങ്ങൾ ലഭിക്കുന്നതിനുമായി താംബരം കോർപറേഷൻ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ‘വോയ്സ് ഓഫ് താംബരം’ എന്ന ആപ്പിലൂടെ വെള്ളക്കെട്ട്, മരങ്ങൾ വീഴുക, ഓടകൾ അടഞ്ഞു കിടക്കുക തുടങ്ങിയ പ്രശ്നങ്ങൾ അറിയിക്കാം. വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാനും ഭക്ഷണ വിതരണം അടക്കമുള്ള കാര്യങ്ങൾക്കുമായി വൊളന്റിയറായി സ്വയം റജിസ്റ്റർ ചെയ്യാനും സാധിക്കും. മഴക്കാല പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്ക് ആപ്പിലൂടെ നിർദേശം നൽകുകയും ചെയ്യാം. ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.