531 കോടി ചെലവഴിച്ചു പുതുതായി നിർമിച്ച പാമ്പൻ പാലത്തിൽ അടിമുടി വീഴ്ച; പഠിക്കാൻ അഞ്ചംഗ സമിതി
Mail This Article
ചെന്നൈ ∙ 531 കോടി രൂപ ചെലവഴിച്ചു പുതുതായി നിർമിച്ച പാമ്പൻ പാലത്തിന്റെ ആസൂത്രണം മുതൽ പാളിച്ചകളുണ്ടായെന്ന സുരക്ഷാ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റെയിൽവേ മന്ത്രാലയം അഞ്ചംഗ സമിതി രൂപീകരിച്ചു. വിദഗ്ധർക്കു പുറമേ ഒരു സ്വതന്ത്ര സുരക്ഷാ കൺസൽറ്റന്റും സമിതിയിലുണ്ടെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. അതേ സമയം, കൃത്യമായ പഠനത്തിനും അനുമതികൾക്കും ശേഷമാണു പാലം നിർമിച്ചതെന്നു ദക്ഷിണ റെയിൽവേ വിശദീകരിച്ചു.
പൊതുമേഖലാ സ്ഥാപനമായ റെയിൽ വികാസ് നിഗം ലിമിറ്റഡ് നിർമിച്ച പാലത്തിലെ റെയിൽവേ ട്രാക്കുകളുടെ അലൈൻമെന്റിൽ പോലും വ്യത്യാസമുണ്ട്. കടലിൽ 58 കിലോ മീറ്റർ വേഗത്തിൽ കാറ്റ് വീശിയാൽ പുതിയ പാലത്തിലൂടെ ട്രെയിൻ ഓടിക്കാൻ അനുവദിക്കില്ല. പാലത്തിൽ 75 കിലോമീറ്റർ വേഗം അനുവദിക്കുമെങ്കിലും വെർട്ടിക്കൽ ലിഫ്റ്റ് പാലത്തിൽ 50 കിലോ മീറ്റർ വേഗപരിധി പാലിക്കണം. വെർട്ടിക്കൽ തൂക്കുപാലം എല്ലാ വർഷവും പരിശോധിച്ച് റിപ്പോർട്ട് നൽകണം. നിലവാരമില്ലാത്ത ഡിസൈൻ, അശാസ്ത്രീയമായ വെൽഡിങ് എന്നിവയും പോരായ്മകളാണ്.
പാലത്തിന്റെ സമ്മർദം താങ്ങാനുള്ള ശേഷി 36% കുറവായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. തുരുമ്പിന്റെ ലക്ഷണങ്ങൾ ചിലയിടത്തുണ്ടെങ്കിലും പ്രതിരോധിക്കാൻ ഫലപ്രദ സംവിധാനമില്ല. പുതിയ പാലത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് അറിവില്ലാത്ത സ്റ്റേഷൻ മാസ്റ്റർ, ഗേറ്റ്മാൻ, പോയിന്റ്സ്മാൻ, എന്നിവർക്ക് പരിശീലനം നൽകണം. 2.05 കിലോമീറ്ററാണ് നീളം. കപ്പലുകൾക്കു കടന്നു പോകാൻ ‘വെർട്ടിക്കൽ ലിഫ്റ്റിങ്’ നടത്താൻ കഴിയുന്ന രാജ്യത്തെ ആദ്യ പാലം കൂടിയാണിത്. രാജ്യത്തിന്റെ അഭിമാന പദ്ധതിയെന്ന പേരിൽ പ്രധാനമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം ചെയ്യുമെന്നു പ്രഖ്യാപിച്ച പാലമാണു നിർമാണത്തിലെ വീഴ്ചകൾ മൂലം വിവാദത്തിലായത്.