ADVERTISEMENT

ചെന്നൈ ∙ മൂന്നു പതിറ്റാണ്ടിനിടെ ലഭിച്ച ഏറ്റവും കൂടിയ മഴയിൽ മുങ്ങി പുതുച്ചേരി. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നു പെയ്ത ശക്തമായ മഴയിൽ ജനവാസ മേഖലകളും റോ‍ഡുകളും വെള്ളത്തിലായതോടെ ജനം ദുരിതത്തിലായി. ഷോക്കേറ്റും മറ്റും 4 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. വെള്ളത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ സൈന്യം രംഗത്തിറങ്ങി. 

മൂന്നിടങ്ങളിൽ നിന്നായി 200 പേരെ രക്ഷിച്ചു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി പ്രതിരോധ വകുപ്പ് അറിയിച്ചു. സബ് സ്റ്റേഷനുകളിൽ വെള്ളം കയറിയതോടെ പലയിടങ്ങളും ഇരുട്ടിലാണ്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ വൈകുമെന്നാണു വിവരം. മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളാക്കി മാറ്റാൻ കലക്ടർ ഉത്തരവിട്ടു. 

ഇന്നലെ രാവിലെ 9 വരെയുള്ള 24 മണിക്കൂറിൽ 46 സെന്റിമീറ്റർ മഴയാണു ലഭിച്ചത്. 30 വർഷത്തിനിടെ ആദ്യമായാണ് ഇത്രയധികം മഴ ലഭിക്കുന്നത്. 16 വർഷത്തിനിടെ ആദ്യമായാണ് 24 മണിക്കൂറിൽ 20 സെന്റീമീറ്ററിലേറെ മഴ പെയ്തത്. വീടുകളിൽ കുടുങ്ങിയവരെ സൈനികരുടെ നേതൃത്വത്തിൽ ബോട്ടുകളിലും വള്ളങ്ങളിലുമാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റിയത്. താഴ്ന്ന പ്രദേശങ്ങളാണു കൂടുതലും മുങ്ങിയത്. 

ഹൗസിങ് കോളനികളിൽ വെള്ളം നിറഞ്ഞതോടെ പലരും വീടുകളിൽ നിന്നു പുറത്തു കടക്കാൻ ബുദ്ധിമുട്ടി. ഇരുചക്ര വാഹനങ്ങളും കാറുകളും വെള്ളത്തിൽ ഒഴുകിപ്പോയി. പലയിടങ്ങളിലും മരങ്ങൾ വീണതും പ്രതിസന്ധി സൃഷ്ടിച്ചു. ദുരിത ബാധിത സ്ഥലങ്ങൾ ലഫ്. ഗവർണർ കെ.കൈലാസനാഥൻ സന്ദർശിച്ചു. പ്രകൃതി ദുരന്തമാണ് ഇപ്പോൾ ഉണ്ടായതെന്നും എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുച്ചേരിയിൽ സ്കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധി നൽകി.

ദുരിതക്കയത്തിൽ വില്ലുപുരം  
നിലയ്ക്കാത്ത മഴയുടെ ദുരിതത്തിൽ നിന്നു കരകയറാനാകാതെ വില്ലുപുരം ജില്ല. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 51 സെ.മീ മഴയാണു വില്ലുപുരത്ത് പെയ്തിറങ്ങിയത്. നൂറിലേറെ വീടുകളിൽ വെള്ളം കയറി. ബോട്ടുകളിലാണ് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റുന്നത്. ലക്ഷക്കണക്കിനു രൂപയുടെ വീട്ടുപകരണങ്ങൾ നശിച്ചതായാണു പ്രാഥമിക കണക്കുകൾ നൽകുന്ന സൂചന. റോഡുകളും കൃഷിയിടങ്ങളും മുങ്ങിയതോടെ ജില്ലയുടെ മിക്ക ഭാഗങ്ങളും വെള്ളം നിറഞ്ഞ അവസ്ഥയിലാണ്. 

മുൻപൊരിക്കലുമില്ലാത്ത മഴയാണു വില്ലുപുരത്ത് പെയ്തതെന്നും സ്ഥിതി തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. മന്ത്രിമാരെ അങ്ങോട്ട് അയച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ താനും പോകുമെന്നും അദ്ദേഹം പറഞ്ഞു. കടലൂർ, തിരുവണ്ണാമലൈ ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. മൂന്നു ജില്ലകളിൽ ഇന്നും മഴ തുടരുമെന്നാണു കാലാവസ്ഥ മുന്നറിയിപ്പ്.

10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി 
സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാലത്തലത്തിൽ 10 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കൃഷ്ണഗിരി, കള്ളക്കുറിച്ചി, വില്ലുപുരം, തിരുവണ്ണാമലൈ, കടലൂർ എന്നീ ജില്ലകളിൽ സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകി. വെല്ലൂർ, റാണിപ്പെട്ട്, തിരുപ്പത്തൂർ, ധർമപുരി, സേലം എന്നീ ജില്ലകളിൽ സ്കൂളുകൾക്ക് അവധിയാണ്. മദ്രാസ് സർവകലാശാല ഇന്നത്തെ പരീക്ഷ മാറ്റിവച്ചു.

ചുഴലിക്കാറ്റ് ദുർബലമായി 
വില്ലുപുരം, കടലൂർ ജില്ലകളിലും പുതുച്ചേരിയിലും കനത്ത ദുരിതം വിതച്ച ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ദുർബലമായി. ഇന്നലെ വൈകിട്ട് തീവ്രന്യൂനമർദമായി മാറിയതായും ഇന്നു ന്യൂനമർദമായി മാറുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. അതേസമയം തിരുവണ്ണാമലൈ, വെല്ലൂർ, റാണിപ്പെട്ട്, കൃഷ്ണഗിരി, ധർമപുരി അടക്കമുള്ള ജില്ലകളിൽ ഇന്നു ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച വൈകിട്ട് കര തൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് രാത്രി പതിനൊന്നോടെ പൂർണമായും കരയിൽ പ്രവേശിച്ചു. ഇതേ തുടർന്ന് ചെന്നൈയിലടക്കം വലിയ കാറ്റു വീശി. 

English Summary:

Cyclone Fengal brings record rainfall to Chennai, Puducherry, and Villupuram, causing widespread flooding, power outages, and disruption. Rescue efforts are underway, relief camps are operational, and schools in several districts are closed.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com