ഇന്ന് 16 ജില്ലകളിൽ മഴ മുന്നറിയിപ്പ്: 7 പേരെയും കവർന്ന് ഉരുൾപൊട്ടൽ; കൃഷ്ണഗിരിയിൽ മഴവെള്ളപ്പാച്ചിൽ
Mail This Article
ചെന്നൈ ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള ദുരിതങ്ങൾ ചെന്നൈയിൽ കുറഞ്ഞെങ്കിലും സംസ്ഥാനത്തിന്റെ മധ്യ –വടക്കു പടിഞ്ഞാറൻ മേഖല ഇപ്പോഴും ദുരിതക്കയത്തിൽ. തിരുവണ്ണാമലയിൽ മഹാദീപം തെളിക്കുന്ന മലയിൽ ഉരുൾപൊട്ടലിൽ കാണാതായ 5 കുട്ടികളടക്കം 7 പേരുടെയും മൃതദേഹം കണ്ടെത്തി. ഞായറാഴ്ച വൈകിട്ടുണ്ടായ ഉരുൾപൊട്ടലിൽ കല്ലുകളും കൂറ്റൻ പാറകളും പതിച്ച് വീടുകളും ഇരുചക്ര വാഹനങ്ങളും വീട്ടുപകരണങ്ങളും ഒലിച്ചുപോയി. മലയടിവാരത്തുള്ള 4 വീടുകൾ ഒറ്റപ്പെട്ട നിലയിലായി. വീട്ടിലുണ്ടായിരുന്ന രാജ്കുമാർ, മീന, കുട്ടികളായ ഗൗതം, വിനിയ, മഹാ, ദേവിക, വിനോദിനി എന്നിവരെ കാണാതായി. ഈ മേഖലയിലെ താമസക്കാരെ ക്യാംപുകളിലേക്കു മാറ്റി. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളാണു തിരച്ചിലിനു നേതൃത്വം നൽകുന്നത്. കൃഷ്ണഗിരിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ റോഡിൽ പാർക്കു ചെയ്തിരുന്ന ബസുകൾ ഒഴുകിപ്പോയി. വിവിധ സംഭവങ്ങളിലായി 22 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. ഇന്നും സംസ്ഥാനത്തെ 16 ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു പ്രവചനം.
വില്ലുപുരം റൂട്ടിൽ ട്രെയിൻ തടസ്സം
വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിക്കും മുണ്ടിയമ്പാക്കത്തിനും ഇടയിൽ ട്രാക്കിൽ വെള്ളം കയറിയതോടെ ട്രെയിൻ ഗതാഗതം നിർത്തിവച്ചു. ചെന്നൈ എഗ്മൂറിൽ നിന്നു താംബരം, ചെങ്കൽപ്പെട്ട്, വില്ലുപുരം,തിരുച്ചിറപ്പള്ളി റൂട്ടു വഴിയുള്ള ഗതാഗതമാണു തടസ്സപ്പെട്ടത്. ചെന്നൈ – ഗുരുവായൂർ എക്സ്പ്രസ്, നാഗർകോവിൽ വന്ദേഭാരത് ഉൾപ്പെടെ വിവിധ സർവീസുകൾ റദ്ദാക്കി. ചിലതു യാത്ര പൂർത്തിയാക്കാതെ അവസാനിപ്പിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു.