ഇടവിട്ട് മഴയും വെള്ളക്കെട്ടും; പിടിമുറുക്കി ഡെങ്കി, വിടാതെ പകർച്ചപ്പനി
Mail This Article
ചെന്നൈ ∙ മഴ കുറഞ്ഞതോടെ ഡെങ്കിപ്പനി വ്യാപന സാധ്യതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ഇടവിട്ടു പെയ്ത മഴയെത്തുടർന്ന് നവംബറിൽ മാത്രം സംസ്ഥാനത്ത് നാലായിരത്തിലേറെപ്പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഫെയ്ഞ്ചൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴ നഗരത്തിലെങ്ങും വെള്ളക്കെട്ടുകൾ രൂപപ്പെടാൻ കാരണമായി. ഇടവിട്ടു പെയ്യുന്ന മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും അന്തരീക്ഷ താപനിലയിലുണ്ടായ കുറവും പകർച്ചപ്പനി വ്യാപിക്കാൻ കാരണമാകുന്നു. എച്ച്1എൻ1 പോലുള്ള രോഗങ്ങളും വ്യാപിക്കുന്നതായി റിപ്പോർട്ടുണ്ട്. വൈറൽ പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയവയും വ്യാപകമായി. സ്കൂളുകളിൽ പനി ബാധിച്ച് അവധിയെടുക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചു.
മഴയും കൊതുകും വില്ലനാകുന്നു
കാലാവസ്ഥയാണ് കൊതുകു വർധനയ്ക്ക് പ്രധാന കാരണം. ഓട നിർമാണത്തിന് എടുത്ത കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് നഗരത്തിലെ പതിവു കാഴ്ച. മിക്ക പ്രദേശങ്ങളിലും മലിന ജലവും ഇതിൽ കലരുന്നു. വെള്ളക്കെട്ടിൽ കൊതുകുകൾ മുട്ടയിട്ടു പെരുകാൻ സാധ്യതയുണ്ടെന്നും ഇതു ഡെങ്കി വലിയ തോതിൽ വ്യാപിക്കാൻ കാരണമാകുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ടാങ്കർ വെള്ളവും സുരക്ഷിതമല്ല
കോർപറേഷൻ, ടാങ്കറുകളിൽ വിതരണം ചെയ്യുന്ന വെള്ളം വീപ്പകളിൽ സൂക്ഷിക്കേണ്ടി വരുന്നതാണ് പല പ്രദേശങ്ങളിലും കൊതുക് വർധിക്കാൻ കാരണമെന്ന് നഗരവാസികൾ ആരോപിക്കുന്നു. പൈപ്പ് വഴിയുള്ള ശുദ്ധജല വിതരണം ഇല്ലാത്ത പ്രദേശത്തെ ജനങ്ങൾക്ക് മറ്റു മാർഗങ്ങൾ ഇല്ല. പലയിടങ്ങളിലും മലിനജല നിർമാർജന സംവിധാനമില്ലാത്തത് പകർച്ചവ്യാധി ഭീഷണിക്കു കാരണമാകുന്നു. സംസ്ഥാനത്ത് ഇതുവരെ 23,815 പേർക്ക് ഡെങ്കിപ്പനി ബാധിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. നിലവിൽ പ്രതിദിനം ഇരുനൂറോളം പേർക്ക് രോഗം ബാധിക്കുന്നുണ്ട്.
ജൂലൈ മുതലുള്ള ഓരോ മാസങ്ങളിലും രോഗബാധ വർധിച്ചു. ജൂലൈയിൽ 2,766 പേർക്ക് ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചപ്പോൾ നവംബറിൽ മാത്രം രോഗബാധിതരുടെ എണ്ണം 4,144 ആയി. ഡിസംബറിൽ രോഗബാധ ഇനിയും വർധിക്കാനാണ് സാധ്യത. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ തന്നെ രോഗവ്യാപന തോത് കൂടാൻ സാധ്യതയുണ്ട്. രോഗവ്യാപനത്തിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊതുജനാരോഗ്യ വിഭാഗം ഡയറക്ടർ ഡോ. ടി.എസ്.സെൽവവിനായകം മുന്നറിയിപ്പു നൽകി.
വെള്ളം ശേഖരിച്ചു വയ്ക്കുമ്പോൾ സൂക്ഷിക്കുക
ഡെങ്കിപ്പനി പരത്താൻ കാരണമാകുന്ന കൊതുകുകൾ ശുദ്ധജലത്തിൽ മുട്ടയിട്ടു വളരുന്നവയാണ്. അതിനാൽ വീടുകളിലും പരിസരങ്ങളിലും തുറന്ന നിലയിൽ ശുദ്ധജലം സൂക്ഷിക്കുന്നത് അപകടകരമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഫ്രിജുകളുടെ അടിയിൽ ഊറുന്ന ജലം പോലും അപകട കാരണമാകാം. ശുദ്ധജലം തുറന്നു വയ്ക്കരുത്. വീടിനു സമീപത്ത് ചെറു പാത്രങ്ങളിലും പ്ലാസ്റ്റിക്കിലുമെല്ലാം മഴവെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ജലത്തിൽ കൊതുകുകൾ വളരുന്നില്ലെന്ന് ഉറപ്പാക്കണം.
വീട്ടിൽ ആർക്കു പനി ബാധിച്ചാലും നിസ്സാരമായി കാണുകയോ സ്വയം ചികിൽസയ്ക്കു മുതിരുകയോ ചെയ്യരുത്. എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കുകയും നിർദേശിക്കുന്ന പരിശോധനകൾ നടത്തുകയും ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. ഡെങ്കിപ്പനി മരണ കാരണമാകുന്നതിന് പ്രധാന കാരണം യഥാസമയം ചികിത്സ തേടാത്തതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പനി രണ്ടു ദിവസത്തിലധികം നീണ്ടുനിന്നാൽ ഉടൻ തന്നെ ചികിത്സ തേടുകയും ആവശ്യമായ പരിശോധനകൾ നടത്തി രോഗം കണ്ടുപിടിക്കുകയും ചെയ്യണം