പ്രളയബാധിത മേഖലകളിൽ സർക്കാർ സഹായം വൈകി; ദുരിത ബാധിതർ മന്ത്രിയെ ചെളിവാരിയെറിഞ്ഞു
Mail This Article
ചെന്നൈ ∙ പ്രളയബാധിത മേഖലകളിൽ സർക്കാർ സഹായം എത്തിക്കുന്നതിൽ വീഴ്ച ഉണ്ടായെന്ന് ആരോപിച്ച് മുതിർന്ന ഡിഎംകെ നേതാവും വനം മന്ത്രിയുമായ കെ.പൊന്മുടിക്കെതിരെ ചെളി വാരിയെറിഞ്ഞ് ജനക്കൂട്ടത്തിന്റെ പ്രതിഷേധം. വില്ലുപുരം ജില്ലയിലെ ഇരുവൽപെട്ടിൽ ദുരിതബാധിത സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടെയായിരുന്നു ജനക്കൂട്ടം ചെളി എറിഞ്ഞത്. കൂടെയുണ്ടായിരുന്ന മന്ത്രിയുടെ മകനും മുൻ എംപിയുമായ ഗൗതം സിക്കാമണിക്കു നേരെയും ആക്രമണമുണ്ടായി.
സ്ഥിതി ശാന്തമാക്കാൻ മന്ത്രി ശ്രമിച്ചെങ്കിലും പ്രതിഷേധം കനത്തതോടെ തിരിച്ചുപോകേണ്ടിവന്നു. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നു പെയ്ത ശക്തമായ മഴയിൽ വില്ലുപുരം ജില്ലകളിലെ മിക്ക വീടുകളും ഗ്രാമങ്ങളും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ദുരിത ബാധിതർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ഇന്നലെ രാവിലെ മുതൽ ജനം റോഡ് ഉപരോധിച്ചിരുന്നു.
മന്ത്രി നേരിട്ടു വന്നു ചർച്ച നടത്തിയാൽ മാത്രമേ പിൻവാങ്ങൂവെന്ന് പ്രതിഷേധക്കാർ അറിയിച്ചതിനെ തുടർന്നാണു പൊന്മുടി നേരിട്ടെത്തിയത്. അതേസമയം, പ്രതിപക്ഷം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണു മന്ത്രി പൊന്മുടിക്കെതിരെ ചെളിയെറിഞ്ഞതെന്നും സർക്കാർ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും മന്ത്രി പി.കെ.ശേഖർബാബു പ്രതികരിച്ചു. എന്നാൽ സംഭവത്തിൽ ബിജെപിക്കു പങ്കില്ലെന്നും ജനങ്ങളുടെ സ്വാഭാവിക പ്രതിഷേധമാണുണ്ടായതെന്നും ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ പറഞ്ഞു.
മഴ മാറി; മാറാതെ ദുരിതം
ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴ മാറി നിന്നെങ്കിലും വിവിധ ജില്ലകളിൽ ദുരിതത്തിന് അറുതിയില്ല. വില്ലുപുരം, തിരുവണ്ണാമലൈ, കടലൂർ തുടങ്ങിയ ജില്ലകളിൽ മിക്ക പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിലാണ്. വീടുകളിൽ നിന്നു വെള്ളം ഒഴിയാത്തത് ദുരിതം വർധിപ്പിക്കുന്നു. റോഡുകൾ തകർന്ന് കൃഷ്ണഗിരി, ധർമപുരി ജില്ലകളിലെ 22 ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. വില്ലുപുരം ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് മൂന്നാം ദിനവും തുടർന്നു. അതേസമയം, ചുഴലിക്കാറ്റ് ദുർബലമായതിനാൽ മഴ കുറയുമെന്നും വെള്ളം ഇറങ്ങിത്തുടങ്ങുമെന്നുമാണു പ്രതീക്ഷ.
3 ജില്ലകളിൽ 2000 രൂപ വീതം സഹായം
ചുഴലിക്കാറ്റ്, മഴ എന്നിവയുടെ കെടുതികൾ അനുഭവിക്കുന്ന സംസ്ഥാനത്തെ ജനങ്ങൾക്കു സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. വില്ലുപുരം, കടലൂർ, കള്ളക്കുറിച്ചി എന്നീ ജില്ലകളിലെ കുടുംബങ്ങൾക്ക് 2,000 രൂപ വീതം നൽകും. വില്ലുപുരം, കടലൂർ, കള്ളക്കുറിച്ചി, തിരുവണ്ണാമലൈ, കൃഷ്ണഗിരി, ധർമപുരി എന്നീ ജില്ലകളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു. കുടിലുകൾ തകർന്നവർക്ക് 10,000 രൂപ, നെൽക്കൃഷി നശിച്ചവർക്ക് ഹെക്ടറിന് 17,000 രൂപ, പശു, കാള എന്നിവയെ നഷ്ടപ്പെട്ടവർക്ക് 37,500 രൂപ, ആടിനെ നഷ്ടപ്പെട്ടവർക്ക് 4,000 രൂപ എന്നിങ്ങനെയും നൽകും.