സ്പെഷൽ ട്രെയിൻ എന്നു വരും? ക്രിസ്മസ്, പുതുവർഷ ട്രെയിനുകൾ വൈകിച്ച് റെയിൽവേ
Mail This Article
ചെന്നൈ∙ ക്രിസ്മസ്, പുതുവർഷ അവധിക്കു നാട്ടിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുന്നവരെ പരീക്ഷിച്ച് റെയിൽവേ. നിലവിലുള്ള ട്രെയിനുകൾ നിറഞ്ഞുകവിഞ്ഞെങ്കിലും സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിക്കുന്നത് അനിശ്ചിതമായി വൈകിച്ചാണു റെയിൽവേ യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുന്നത്. മണ്ഡലകാല തിരക്ക് വർധിച്ചിട്ടും മുൻകൂട്ടി ട്രെയിനുകൾ പ്രഖ്യാപിക്കാതെ അവസാന നിമിഷം ഒന്നോ രണ്ടോ ട്രെയിനുകൾ ഓടിച്ചു കണ്ണിൽ പൊടിയിടുന്ന ശൈലി ഇത്തവണയും തുടരുമോയെന്ന ആശങ്കയിലാണ് യാത്രക്കാർ. ശബരിമല സീസണിൽ തെക്കൻ കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിനുകളിലെ സീറ്റുകൾ പോലും അതിവേഗം നിറയുമെന്നതിനാൽ സർവീസ് മുൻകൂട്ടി പ്രഖ്യാപിക്കാത്തത് ദുരിതം മാത്രമേ സമ്മാനിക്കൂവെന്നും യാത്രക്കാർ കുറ്റപ്പെടുത്തുന്നു.
യാത്രക്കാർ അറിയാതെ സ്പെഷൽ ട്രെയിനുകൾ
ഉത്സവ ദിനങ്ങളോടനുബന്ധിച്ച് നാട്ടിലേക്കു സ്പെഷൽ ട്രെയിൻ കാത്തിരിക്കുന്നവരെ പറ്റിക്കുന്ന സമീപനമാണ് റെയിൽവേക്കുള്ളതെന്നാണു പ്രധാന ആരോപണം. പുറപ്പെടുന്നതിന്റെ തലേ ദിവസം രാവിലെയാണു മിക്കപ്പോഴും സ്പെഷൽ ട്രെയിനുകളുടെ വിവരങ്ങൾ പുറത്തു വരാറുള്ളത്. ഇത്തരം ട്രെയിനുകളുടെ വിവരങ്ങൾ വെബ്സൈറ്റ് നോക്കിയാൽ മാത്രമേ അറിയാൻ സാധിക്കൂവെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ഒരേ ദിവസം കൂടുതൽ ട്രെയിനുകൾ ഓടിക്കാനുള്ള പരിമിതി അടക്കം റെയിൽവേക്കു പല കാരണങ്ങൾ പറയാനുണ്ടെങ്കിലും വർഷങ്ങളായി യാത്രക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരമാണു വേണ്ടതെന്നും യാത്രക്കാർ നിർദേശിക്കുന്നു.
ഇടപെട്ട് മലയാളി സംഘടനകൾ
ശബരിമല, ക്രിസ്മസ് യാത്രാ തിരക്ക് കണക്കിലെടുത്ത് ചെന്നൈയിൽ നിന്നു മംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെയ്മ ദക്ഷിണ റെയിൽവേക്ക് നിവേദനം നൽകി. ജിഎം, പാലക്കാട്, തിരുവനന്തപുരം ഡിവിഷനൽ മാനേജർമാർ എന്നിവർക്കാണു നിവേദനം നൽകിയത്. ഡിസംബർ 15 മുതൽ ജനുവരി 20 വരെ സ്പെഷൽ സർവീസ് നടത്തണമെന്നാണ് ആവശ്യം. മംഗളൂരു മെയിൽ, തിരുവനന്തപുരം മെയിൽ എന്നിവയ്ക്കു പിന്നാലെ ഷാഡോ ട്രെയിനുകൾ ഓടിക്കണമെന്നും ആവശ്യപ്പെട്ടു. ഷാഡോ ട്രെയിനുകൾ ഓടിക്കുമ്പോൾ പ്രത്യേകം ട്രാക്ക് വേണ്ടെന്നതാണു മെച്ചം.
സ്പെഷൽ ട്രെയിനുകൾ യാത്രക്കാർക്ക് അനുകൂലമായ സമയത്ത് ഓടിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.സ്പെഷൽ ട്രെയിൻ വേണമെന്നത് അടക്കം വിവിധ ആവശ്യങ്ങൾ നേരത്തെ തന്നെ റെയിൽവേക്കു മുൻപിൽ ഉന്നയിച്ചതാണെന്ന് സിടിഎംഎ ജനറൽ സെക്രട്ടറി എം.പി.അൻവർ പറഞ്ഞു. ക്രിസ്മസ് വരെയുള്ള ഉത്സവ സമയങ്ങളിൽ അധിക ട്രെയിനുകൾ ഓടിക്കണമെന്നാവശ്യപ്പെട്ട് ഓണത്തോടനുബന്ധിച്ചു തന്നെ നിവേദനം നൽകിയതായും ഒക്ടോബറിൽ വീണ്ടും ഉന്നയിച്ചതായും അദ്ദേഹം പറഞ്ഞു. ആലപ്പി എക്സ്പ്രസ്, മംഗളൂരു മെയിൽ എന്നീ ട്രെയിനുകളിലെ പഴഞ്ചൻ ബോഗികൾ മാറ്റണമെന്നും ആവശ്യപ്പെട്ടു.