തീവ്ര ന്യൂനമർദം; തമിഴ്നാട്ടിൽ 11, 12 തീയതികളിൽ അതിശക്ത മഴയ്ക്ക് സാധ്യത
Mail This Article
ചെന്നൈ ∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറിയതിനെ തുടർന്നു ചെന്നൈയിലും സമീപ ജില്ലകളായ തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട് എന്നിവിടങ്ങളിലും 11, 12 തീയതികളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് മേഖല കാലാവസ്ഥ കേന്ദ്രം. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. കടലൂർ, മയിലാടുതുറ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പുതുക്കോട്ട, തിരുച്ചിറപ്പള്ളി, പെരമ്പലൂർ, അരിയലൂർ, വില്ലുപുരം തുടങ്ങിയ ജില്ലകളിലും ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 2 ദിവസത്തിനു ശേഷം ന്യൂനമർദം ദുർബലമാകുമെന്നും മഴ കുറയുമെന്നും അറിയിച്ചു.
അതേസമയം, വടക്കൻ കിഴക്കൻ മൺസൂണിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ ഇതുവരെ തമിഴ്നാട്ടിൽ 14 ശതമാനം അധിക മഴ ലഭിച്ചു. ശരാശരി 393 മില്ലിമീറ്റർ മഴയാണു ലഭിക്കാറുള്ളതെങ്കിലും ഇത്തവണ 447 എംഎം മഴ ലഭിച്ചു. ചെന്നൈയിൽ 16 ശതമാനം അധിക മഴ പെയ്തു. 47 ശതമാനം അധിക മഴ ലഭിച്ച കോയമ്പത്തൂരിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്.