യുവതിയുടെ വയറ്റിൽ 1.4 കിലോഗ്രാം കൊക്കെയ്ൻ; 90 ഗുളികകൾ, 14.2 കോടി രൂപ വില
Mail This Article
ചെന്നൈ ∙ ക്രിസ്മസ്, പുതുവത്സരാഘോഷം ലക്ഷ്യമിട്ട് നഗരത്തിലേക്ക് കോടിക്കണക്കിനു രൂപയുടെ ലഹരി വസ്തുക്കൾ ഒഴുകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ വ്യത്യസ്ത സംഭവങ്ങളിലായി വിദേശത്തു നിന്നു കടത്തിക്കൊണ്ടു വന്ന 15 കോടിയോളം രൂപയുടെ ലഹരി വിമാനത്താവളത്തിൽ പിടികൂടി. പുതുവർഷത്തിൽ നഗരത്തിലെ ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രീകരിച്ച് ഒട്ടേറെ ആഘോഷ പരിപാടികൾ നടക്കാറുണ്ട്. കോളജ് വിദ്യാർഥികളും ഐടി അടക്കമുള്ള മേഖലകളിൽ ജോലി ചെയ്യുന്ന യുവാക്കളും ധാരാളമായി എത്തുന്ന ഇത്തരം പാർട്ടികളിൽ വിതരണം ചെയ്യാനാണു ലഹരിയെത്തിക്കുന്നതെന്നു പൊലീസ് പറയുന്നു. പുതുവർഷാഘോഷങ്ങൾക്ക് മുന്നോടിയായി നഗരത്തിലും സമീപ പ്രദേശങ്ങളിലും പരിശോധനകൾ ശക്തമാക്കാനാണ് അധികൃതരുടെ നീക്കം.
കോടികളുടെ കൊക്കെയ്നുമായി കെനിയൻ യുവതി
അഡിസ് അബാബയിൽ നിന്ന് ഇത്യോപ്യൻ എയർലൈൻസ് വിമാനത്തിൽ എത്തിയ കെനിയൻ യുവതിയിൽ നിന്ന് 14.2 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ പിടികൂടി. ക്യാംപ്സ്യൂളുകളാക്കിയ കൊക്കെയ്ൻ യുവതിയുടെ വയറ്റിൽ നിന്നാണു കണ്ടെത്തിയത്. 1.424 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചു.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആദ്യ ഘട്ടത്തിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ യുവതിയുടെ വയർ വീർത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എക്സറേയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. 23 വയസ്സുകാരി 90 ഗുളികകളാണ് വിഴുങ്ങിയത്. ഇവ കണ്ടെടുത്തതായും കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായും അധികൃതർ പറഞ്ഞു. ആർക്കുവേണ്ടിയാണ് ലഹരിമരുന്നു കടത്തിയത് എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നതായി കസ്റ്റംസ് അധികൃതർ പറഞ്ഞു.
സ്നിഫർ ഡോഗ് പിടിച്ച കഞ്ചാവ്
ഗ്രേഡ് കൂടിയ 7.6 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ഇന്ത്യൻ യാത്രക്കാരനെ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ബാങ്കോക്കിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ ഇയാളുടെ ബാഗിലാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മണ്ണിലല്ലാതെ, പ്രത്യേക രീതിയിൽ വളർത്തിയെടുത്ത ഹൈഡ്രോപോണിക് കഞ്ചാവിന് ലഹരി കൂടുതലാണെന്ന പ്രത്യേകതയുമുണ്ട്.
ചോക്ലേറ്റ് ബോക്സുകളെന്ന പേരിലാണ് ഇയാൾ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. എന്നാൽ ലഹരി വസ്തുക്കൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച സ്നിഫർ ഡോഗ് ഇയാളുടെ ബാഗേജിൽ നോക്കി കുരച്ചതോടെ അധികൃതർ വിശദമായ പരിശോധന നടത്തുകയായിരുന്നു. 76 ലക്ഷം രൂപ വിലമതിക്കുന്ന 7.6 കിലോഗ്രാം ഹൈഡ്രോപോണിക്സ് കഞ്ചാവാണു ബാഗിലുണ്ടായിരുന്നത്. ബാഗിന്റെ ഉടമയെ അറസ്റ്റ് ചെയ്തതായും വിശദമായ അന്വേഷണം പുരോഗമിക്കുന്നതായും കസ്റ്റംസ് അധികൃതർ പറഞ്ഞു.
ബെംഗളൂരുവിൽ നൈജീരിയക്കാരിയിൽ നിന്ന് 12 കിലോ എംഡിഎംഎ പിടിച്ചു
ബെംഗളൂരു∙ നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട. 24 കോടി രൂപ വിലയുള്ള 12 കിലോഗ്രാം എംഡിഎംഎ ബെംഗളൂരു പൊലീസ് പിടിച്ചെടുത്തു. നൈജീരിയ സ്വദേശിനി റോസ്‌ലിൻ (40) അറസ്റ്റിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കെആർ പുരം ടിസി പാളയയിൽ ഇവർ നടത്തിയിരുന്ന പലചരക്ക് കടയിലെ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. 70 മൊബൈൽ സിമ്മുകളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1.2 കോടി രൂപയുടെ കഞ്ചാവ് പിടിച്ചെടുത്തു, 11 പേർ അറസ്റ്റിലായി.