ADVERTISEMENT

ചെന്നൈ ∙ തുടർച്ചയായ മഴയ്ക്കു പിന്നാലെ നഗരത്തിലെ താപനില കുത്തനെ കുറഞ്ഞതോടെ നഗരത്തിൽ തണുപ്പ്. ഡിസംബർ മാസം തുടങ്ങിയതിനു പിന്നാലെ പുലർച്ചെ നേരിയ മഞ്ഞും തണുപ്പും തുടങ്ങിയിരുന്നു. മഴ ശക്തമായതോടെയാണു തണുപ്പു കൂടിയത്. സാധാരണ ജനുവരി പകുതി മുതൽ ഫെബ്രുവരി വരെ കാണാറുള്ള മഞ്ഞും കുളിരും ഇത്തവണ ഒരു മാസം മുൻപേയെത്തി. ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദ മേഖല ചെന്നൈയ്ക്കു സമീപമെത്തിയതിനെ തുടർന്നു പെയ്യുന്ന മഴകൂടിയായപ്പോൾ നഗരത്തിലെ താപനില കുറഞ്ഞു.

തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ വിദഗ്ധർ
അടുത്ത വാരത്തിൽ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും താപനിലയിൽ ഇനിയും കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ കണക്കുകൂട്ടൽ. 20 മുതൽ കൂടിയ താപനിലയിലും കുറഞ്ഞ താപനിലയിലും സാധാരണയിൽ നിന്നും ഒന്നോ രണ്ടോ ഡിഗ്രി സെൽഷ്യസ് വരെ കുറവുണ്ടായേക്കും. ഏതാനും ആഴ്ചകളായി നഗരത്തിലെ ശരാശരി ഉയർന്ന താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസുമാണ്. ഇന്നലെ 25 ഡിഗ്രി സെൽഷ്യസായിരുന്നു പകൽ സമയത്തെ കൂടിയ ചൂട്. 

അടുത്ത 2 ദിവസം കൂടി ഈ നില തുടരുമെന്നും പിന്നീട് താപനിലയിൽ വീണ്ടും കുറവുണ്ടാകുമെന്നും മേഖലാ കാലാവസ്ഥാ കേന്ദ്രം അധികൃതർ പറഞ്ഞു. മഴ പെയ്യുന്ന ദിവസങ്ങളിൽ ചൂട് കുറയുന്നതു സാധാരണമാണെങ്കിലും തുടർച്ചയായ ദിവസങ്ങളിൽ അന്തരീക്ഷം മേഘാവൃതമായതും സൂര്യപ്രകാശം ലഭിക്കാത്തതുമാണു താപനിലയിൽ അപ്രതീക്ഷിതമായ കുറവുണ്ടാകാൻ കാരണം. 

നൂറ്റാണ്ട് മുൻപ് 13.9
ഒരു നൂറ്റാണ്ട് മുൻപ് 1905 ജനുവരി 29നാണ് നഗരത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത്. 13.9 ഡിഗ്രി സെൽഷ്യസാണ് അന്നത്തെ താപനില. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ചെന്നൈയിൽ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് 2008 ഡിസംബർ 30ന് ആയിരുന്നു. അന്ന് 18.3 ഡിഗ്രി സെൽഷ്യസാണ് നഗരത്തിൽ രേഖപ്പെടുത്തിയത്. 2002 ഡിസംബർ 21ന് 18.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.

ന്യൂനമർദ മേഖല ശക്തിയാർജിച്ചു
ബംഗാൾ ഉൾക്കടലിന്റെ തെക്കു–പടിഞ്ഞാറൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദ മേഖല ശക്തിപ്രാപിച്ച് ചെന്നൈയ്ക്കു സമീപത്തേക്കു നീങ്ങിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി നഗരത്തിലും സമീപ ജില്ലകളായ ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലും വ്യാപകമായി മഴ പെയ്തു. ന്യൂനമർദ മേഖല വടക്കു പടിഞ്ഞാറൻ ദിശയിൽ നീങ്ങി ആന്ധ്ര തീരത്തേക്കടുക്കുന്നതോടെ നഗരത്തിൽ മഴ കുറയും. അടുത്ത ദിവസങ്ങളിൽ നഗരത്തിൽ മഴയ്ക്കു സാധ്യത കുറവാണെന്ന് കാലാവസ്ഥാ കേന്ദ്രം അധികൃതർ പറഞ്ഞു.

English Summary:

Chennai cold wave intensifies after heavy rainfall and a low-pressure area moves closer. Experts predict further temperature drops, with the possibility of reaching record lows within the coming week.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com