ചെന്നൈ– കൊല്ലം സ്പെഷലിൽ കൂടുതൽ റിസർവേഷൻ കോച്ച്
Mail This Article
ചെന്നൈ ∙ ക്രിസ്മസിനു നാട്ടിലെത്താൻ ടിക്കറ്റിനായി വലയുന്ന മലയാളികൾക്ക് ആശ്വാസം പകർന്ന് സ്പെഷൽ ട്രെയിനിൽ കൂടുതൽ റിസർവേഷൻ സീറ്റുകൾ അനുവദിച്ചു.ചെന്നൈയിൽ നിന്നു കൊല്ലത്തേക്കും തിരിച്ചുമുള്ള സ്പെഷൽ ട്രെയിനിലാണ് (06113/06114) കൂടുതൽ എസി കോച്ചുകൾ ഏർപ്പെടുത്തിയത്. ഒരു സെക്കൻഡ് എസി, 5 തേഡ് എസി കോച്ചുകളാണു കൂടുതലായി അനുവദിച്ചത്.നിലവിലുള്ള 10 ജനറൽ കോച്ചുകൾ വെട്ടിച്ചുരുക്കിയാണ് കൂടുതൽ എസി കോച്ചുകൾ ഉൾപ്പെടുത്തിയത്.8 സ്ലീപ്പർ കോച്ചുകളുമുണ്ട്. ചെന്നൈ–കൊല്ലം ട്രെയിനിൽ 21 മുതൽ സൗകര്യം ലഭ്യമാണ്. തേഡ് എസിയിലും സെക്കൻഡ് എസിയിലും നിലവിൽ ടിക്കറ്റുകൾ ലഭ്യം.
സ്ലീപ്പറിൽ ടിക്കറ്റ് നില വെയ്റ്റ് ലിസ്റ്റ് 60നു മുകളിലാണ്. ശനിയാഴ്ചകളിൽ സെൻട്രലിൽ നിന്നു രാത്രി 11.20നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചയ്ക്ക് 2.30നു കൊല്ലത്തെത്തും. പെരമ്പൂർ, ആർക്കോണം, കാട്പാടി, ജോലാർപേട്ട് വഴിയാണു സർവീസ്. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
തിരുവനന്തപുരം ട്രെയിനിന് വർക്കലയിൽ സ്റ്റോപ്
താംബരം–തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) എസി വീക്ക്‌ലി സ്പെഷൽ ട്രെയിനിന് (06035) നാളെ മുതൽ വർക്കല ശിവഗിരിയിൽ സ്റ്റോപ് അനുവദിച്ചു. താംബരത്ത് നിന്നു വൈകിട്ട് 7.30നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 10.25നു ശിവഗിരിയിലും 11.30നു തിരുവനന്തപുരം നോർത്തിലും എത്തും. തിരുവനന്തപുരം നോർത്ത്–താംബരം ട്രെയിൻ (06036) വൈകിട്ട് 3.25നു തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട് 3.57നു വർക്കല ശിവഗിരിയിലെത്തും. താംബരത്ത് പിറ്റേന്നു രാവിലെ 7.35ന് എത്തും