കോടതിയിൽ ഹാജരാകാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു
Mail This Article
ചെന്നൈ ∙ കോടതിയിൽ ഹാജരാകാനെത്തിയ യുവാവിനെ ഏഴംഗ സംഘം തിരുനെൽവേലി ജില്ലാ കോടതി പരിസരത്ത് വെട്ടിക്കൊന്നു. കൊലപാതകത്തിനു ശേഷം എറണാകുളം റജിസ്ട്രേഷൻ കാറിൽ കടന്ന പ്രതികൾ പിന്നീട് അറസ്റ്റിലായി. സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സർക്കാരിനും പൊലീസിനും നോട്ടിസ് അയച്ചു. ഇന്നലെ രാവിലെ തിരുനെൽവേലി പാളയംകോട്ടയിൽ ജില്ലാ കോടതി വളപ്പിലാണ് മായാണ്ടി എന്ന യുവാവ് വെട്ടേറ്റു മരിച്ചത്.
കൊലപാതകക്കേസിൽ പ്രതിയായ മായാണ്ടി വിചാരണയ്ക്ക് കോടതിയിൽ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. രക്ഷപ്പെടാനായി ഓടിയെങ്കിലും പിന്തുടർന്നെത്തിയ സംഘം വഴിയിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. ആയുധങ്ങളും കാറും പിടിച്ചെടുത്തു. 2023ൽ രാജാമണി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരായപ്പോഴാണു മായാണ്ടിക്കെതിരെ ആക്രമണമുണ്ടായത്. രാജാമണിയെ കൊന്നതിനു പ്രതികാരമായാണു മായാണ്ടിയെ വെട്ടിക്കൊന്നതെന്നു പൊലീസ് പറയുന്നു.