കൊച്ചുവേളിക്ക് നാളെ പുറപ്പെടാം; കൊച്ചുവേളി–മംഗളൂരു ജംക്‌ഷൻ അന്ത്യോദയയിൽ റിസർവേഷൻ വേണ്ട
Mail This Article
ചെന്നൈ ∙ ക്രിസ്മസിന് നാട്ടിലെത്താൻ സ്പെഷൽ ട്രെയിൻ വേണമെന്ന മലയാളികളുടെ ആവശ്യത്തിന് ഒടുവിൽ റെയിൽവേയുടെ പച്ചക്കൊടി. പാലക്കാട് വഴി കൊച്ചുവേളിക്കുള്ള ട്രെയിനാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ളവർക്കു പ്രയോജനപ്പെടും വിധം മധുര വഴി കന്യാകുമാരിക്കുള്ള മറ്റൊരു ട്രെയിനും പ്രഖ്യാപിച്ചു. നാട്ടിലേക്കുള്ള ടിക്കറ്റിനായി കാത്തിരുന്നവർക്ക് നേരിയ ആശ്വാസം. ടിക്കറ്റുകൾ ഇന്നു രാവിലെ 8 മുതൽ ബുക്ക് ചെയ്യാം. ടിക്കറ്റില്ലാതെ യാത്രക്കാർ ദുരിതത്തിലായെന്നതു മലയാള മനോരമ വാർത്തകളിലൂടെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
കൊച്ചുവേളിക്ക് നാളെ പുറപ്പെടാം
ചെന്നൈ സെൻട്രൽ–കൊച്ചുവേളി സ്പെഷൽ ട്രെയിൻ (നമ്പർ: 06043) നാളെ രാത്രി 11.20നു പുറപ്പെടും. 24നു വൈകിട്ട് 6.05നു കൊച്ചുവേളിയിലെത്തും. പെരമ്പൂർ, തിരുവള്ളൂർ എന്നിവിടങ്ങളിൽ നിന്നും കയറാം. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണു സ്റ്റോപ്പുകൾ. 17 സ്ലീപ്പർ കോച്ചുകൾ മാത്രമാണുള്ളത്. ഇതേ ട്രെയിൻ 30നും സർവീസ് നടത്തും. മടക്ക സർവീസ് (06044) 24, 31 തീയതികളിൽ കൊച്ചുവേളിയിൽ നിന്നു രാത്രി 8.20നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2ന് സെൻട്രലിലെത്തും.താംബരം–കന്യാകുമാരി സ്പെഷൽ (06039) നാളെ രാത്രി 12.35നു താംബരത്ത് നിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 12.15നു കന്യാകുമാരിയിലെത്തും.
ചെങ്കൽപെട്ട്, മേൽമറുവത്തൂർ, വില്ലുപുരം, വിരുദാചലം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, മധുര, വിരുദുനഗർ, സാത്തൂർ, കോവിൽപട്ടി, തിരുനെൽവേലി, വള്ളിയൂർ, നാഗർകോവിൽ വഴിയാണു സർവീസ്. ഇതേ ട്രെയിൻ 31നും സർവീസ് നടത്തും. മടക്ക സർവീസ് 25, ജനുവരി 1 തീയതികളിൽ വൈകിട്ട് 4.30നു കന്യാകുമാരിയിൽ നിന്നു പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ 4.20നു താംബരത്തെത്തും. 2സെക്കൻഡ് എസി, 4 തേഡ് എസി, 2തേഡ് ഇക്കോണമി എസി, 10 സ്ലീപ്പർ എന്നീ കോച്ചുകളാണുള്ളത്.
നാഗർകോവിൽ ടു കേരളം
താംബരം–കന്യാകുമാരി സ്പെഷലിൽ നാഗർകോവിലിൽ ഇറങ്ങിയാൽ കേരളത്തിലേക്കു തുടർ യാത്രയ്ക്ക് ട്രെയിനുകൾ ലഭ്യമാണ്. രാവിലെ 11.40നാണ് സ്പെഷൽ ട്രെയിൻ നാഗർകോവിലിൽ എത്തുന്നത്.അവിടെ നിന്ന് 1.30നു തിരുവനന്തപുരത്തേക്ക് സൂപ്പർ ഫാസ്റ്റ് ട്രെയിൻ ലഭിക്കും. 3.20നു തിരുവനന്തപുരത്ത് എത്തും. കൊല്ലത്തേക്കു പോകേണ്ടവർക്കായി ഗാന്ധിധാം എക്സ്പ്രസും കാത്തിരിപ്പുണ്ട്.നാഗർകോവിൽ ജംക്‌ഷനിൽ നിന്ന് 2.45നു പുറപ്പെടുന്ന ഗാന്ധിധാം എക്സ്പ്രസ് 5.12നു കൊല്ലത്തെത്തും.
കൊച്ചുവേളി–മംഗളൂരു ജംക്‌ഷൻ അന്ത്യോദയ;റിസർവേഷൻ വേണ്ട
കൊച്ചുവേളി–മംഗളൂരു ജംക്‌ഷൻ–കൊച്ചുവേളി അൺറിസർവ്ഡ് അന്ത്യോദയ എക്സ്പ്രസ് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. കൊച്ചുവേളി–മംഗളൂരു ട്രെയിൻ (06037) ഇന്നും 30നും രാത്രി 8.20ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെടും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. മടക്ക സർവീസ് 24നും 31നും രാത്രി 8.10ന് മംഗളൂരുവിൽ നിന്നു പുറപ്പെടും. 14 ജനറൽ കോച്ചുകളാണുള്ളത്. റിസർവേഷൻ ഇന്നു രാവിലെ 8ന് ആരംഭിക്കും.