മെഡിക്കൽ മാലിന്യം തിരുനെൽവേലിയിൽ തള്ളിയ സംഭവം: ഡ്രൈവർ കസ്റ്റഡിയിൽ
Mail This Article
തിരുനെൽവേലി∙ കേരളത്തിൽ നിന്നു തിരുനെൽവേലിയിൽ തള്ളിയ മെഡിക്കൽ മാലിന്യമെത്തിച്ച ലോറി പിടികൂടിയ പൊലീസ്, ഡ്രൈവർ ചെല്ലദുരയെ കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു സേലം സ്വദേശിയുടെ ലോറി പിടികൂടിയത്. തിരുനെൽവേലി സുത്തമല്ലി സ്വദേശികളായ മായാണ്ടി, മനോഹർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മായാണ്ടി ഇടനിലക്കാരനായി നിന്നാണു കേരളത്തിൽ നിന്ന് മാലിന്യം എത്തിച്ചിരുന്നതെന്നാണു നിഗമനം. മീൻ വ്യാപാരിയായ മനോഹറും മായാണ്ടിയുടെ കൂട്ടാളിയാണെന്നു തിരിച്ചറിഞ്ഞു. മാലിന്യം തള്ളിയ സംഭവത്തിൽ 5 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സുത്തമല്ലി പൊലീസാണ് 3 കേസുകളെടുത്തത്. കേരളത്തിലെ ഏജന്റ് ആരാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. ഇതിനായി ഒരു സംഘം കേരളത്തിലെത്തിയിട്ടുണ്ട്.
പ്രതിസ്ഥാനത്ത് മലിനീകരണ നിയന്ത്രണ ബോർഡും ശുചിത്വ മിഷനും കോർപറേഷനും
തിരുവനന്തപുരം ∙ റീജനൽ കാൻസർ സെന്ററിലെയും (ആർസിസിസി) ഉള്ളൂർ ക്രെഡൻസ് ആശുപത്രിയിലെയും മാലിന്യം തിരുനെൽവേലിയിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡും (പിസിബി) ശുചിത്വ മിഷനും കോർപറേഷനും പ്രതിസ്ഥാനത്ത്.
2 ആശുപത്രികളും ഐഎംഎയുടെ സ്ഥാപനമായ പാലക്കാട്ടെ ഇമേജിനാണ് ബയോ മെഡിക്കൽ മാലിന്യം നൽകുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ആർസിസിയിലെ മാലിന്യം നീക്കം ചെയ്യുന്നതിന് സൺ ഏജ് കമ്പനിക്കാണു കരാർ. ക്രെഡൻസിൽ നിന്നു മാലിന്യ ശേഖരിക്കുന്നത് യൂസ് എഗെയ്നാണ്. 2 സ്ഥാപനങ്ങൾക്കും പിസിബിയുടെയും ശുചിത്വ മിഷന്റെയും കോർപറേഷന്റെയും അനുമതി ഉണ്ട്.
ആർസിസി ടെൻഡർ വിളിച്ചപ്പോൾ ഒന്നാമത് എത്തിയ സൺ ഏജ് അനുമതികൾ ഹാജരാക്കിയാണു കരാർ നേടിയത്. ക്രെഡൻസ് ആശുപത്രിയോടു മാലിന്യം യൂസ് എഗെയ്ന് നൽകണമെന്ന് ആവശ്യപ്പെട്ടത് കോർപറേഷൻ അധികൃതരായിരുന്നു. ഇതിനായി ആശുപത്രിക്കു കത്തും കൈമാറി.
തിരുനെൽവേലിയിൽ മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് ഇടപെട്ടതോടെ പിസിബിയും കോർപറേഷനും കാലുമാറി. മാലിന്യം സംസ്കരിക്കാൻ ഈ കമ്പനികൾക്ക് സൗകര്യം ഉണ്ടോയെന്ന് ആശുപത്രികൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതല്ലേയാണ് ഇവരുടെ ചോദ്യം.
മാലിന്യം ശേഖരിക്കുന്നതിനോ സംസ്കരിക്കുന്നതിനോ അടിസ്ഥാന സംവിധാനമില്ലാത്ത സൺ ഏജിന് പിസിബിയുടെയും ശുചിത്വ മിഷന്റെയും അനുമതി ലഭിച്ചതിൽ ദുരൂഹത ഉണ്ട്. ജൈവ, അജൈവ മാലിന്യം കൈമാറുന്നതിന് ഏജൻസികളെ നിയോഗിക്കാനുള്ള അധികാരം കോർപറേഷനാണ്. ക്ലീൻ കേരള കമ്പനി, കോഴിക്കോട്ടെ ഗ്രീൻ വേംസ് എക്കോ സൊല്യൂഷൻസ്,
സൺ ഏജ് എക്കോ സിസ്റ്റം എന്നീ കമ്പനികളെയാണ് അജൈവ മാലിന്യം ശേഖരിച്ച് കൈമാറാൻ കോർപറേഷൻ നിയോഗിച്ചിട്ടുള്ളത്. ഹരിത കർമ സേനാംഗങ്ങൾ ശേഖരിക്കുന്ന അജൈവ മാലിന്യം മാത്രമേ ഇവർ ശേഖരിക്കാവൂ എന്നാണു വ്യവസ്ഥ. ആർസിസിയിൽ നിന്നു പൊതു മാലിന്യം ശേഖരിച്ച സൺ ഏജ് വ്യവസ്ഥകൾ ലംഘിച്ചെന്ന് കോർപറേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.
സ്റ്റോറേജ് കപ്പാസിറ്റി, ബോയ്‌ലിങ് യന്ത്രം, ഗതാഗത സംവിധാനം എന്നീ സൗകര്യങ്ങൾ വലിയിരുത്തിലാണ് അജൈവ മാലിന്യ സംഭരണത്തിനു സ്വകാര്യ കമ്പനികൾക്ക് മലിനീകരണ നിയന്ത്രണ ബോർഡും ശുചിത്വ മിഷനും അംഗീകാരം നൽകുന്നത്. സൺ ഏജിന് മേലാങ്കോട് വാർഡിൽ ഒരു സംഭരണ കേന്ദ്രം മാത്രമേ ഉള്ളൂ.
ദുർഗന്ധത്തിൽ വലഞ്ഞ് ഉൾഗ്രാമങ്ങൾ
സീതപരപ്പനല്ലൂർ (തിരുനെൽവേലി)∙കേരളത്തിൽ നിന്നുള്ള മാലിന്യം ഉപേക്ഷിച്ച തിരുനെൽവേലി ജില്ലയിലെ ഉൾഗ്രാമങ്ങളിൽ പലതിലും മൂക്കു പൊത്താതെ കടന്നു ചെല്ലാൻ കഴിയാത്ത തരത്തിൽ ദുർഗന്ധം. പല്ലാവൂർ വില്ലേജിൽ ശുഭം പേപ്പർ മില്ലിനു സമീപം തള്ളിയിരിക്കുന്ന മാലിന്യത്തിൽ നിന്നാണ് രൂക്ഷ ഗന്ധം ഉയരുന്നത്.
ഇതിന് തൊട്ടടുത്തായി മാലിന്യം ഉപേക്ഷിച്ചിരിക്കുന്ന സ്ഥലത്ത് ചുറ്റും മതിൽക്കെട്ടുണ്ടെങ്കിലും സ്ഥല ഉടമ വർഷങ്ങളായി ചെന്നൈയിലാണ്. അവർ അറിയാതെയാണു മാലിന്യം തള്ളിയിരിക്കുന്നത്. ജലാശയങ്ങൾക്കു സമീപം ഉപേക്ഷിച്ചിരിക്കുന്ന മാലിന്യം വെള്ളത്തിൽ കലരാനും സാധ്യതയേറെയാണ്.
ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന ആശങ്കയുണ്ട്. മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് തിരുനെൽവേലി ജില്ലാ അധികൃതർ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിനും ഹരിത ട്രൈബ്യൂണലിനും കൈമാറിയിട്ടുണ്ട്. 7 സ്ഥലങ്ങളിലാണു മാലിന്യം തള്ളിയതായി കണ്ടെത്തിയിരിക്കുന്നത്.
ഹോട്ടൽ അവശിഷ്ടങ്ങൾക്കു പുറമേ ഉപയോഗിച്ച പിപിഇ കിറ്റുകൾ, യൂറിൻ ബാഗുകൾ, ബ്ലഡ് സാംപിളുകൾ, ഗ്ലൗസുകൾ എന്നിവ ഇതിലുണ്ട്. കാലികൾ മേയുന്ന പ്രദേശങ്ങളിലാണു മാലിന്യ കൂമ്പാരത്തിലേറെയും. തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധനയ്ക്കായി മാലിന്യത്തിന്റെ സാംപിളുകൾ ശേഖരിക്കുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്.