തമിഴ്നാട്ടിൽ 24, 25 തീയതികളിൽ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റു വീശുമെന്നും മുന്നറിയിപ്പ്
Mail This Article
ചെന്നൈ ∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ആന്ധ്ര തീരത്തുനിന്നു തമിഴ്നാട് ഭാഗത്തേക്കു തിരികെയെത്തി പിൻവാങ്ങുന്നതിനാൽ സംസ്ഥാനത്ത് 24, 25 തീയതികളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ചെന്നൈ, എന്നൂർ, കാട്ടുപ്പള്ളി, കടലൂർ, നാഗപട്ടണം, കാരയ്ക്കൽ, പുതുച്ചേരി എന്നീ തുറമുഖങ്ങളിൽ മൂന്നാം ഘട്ട മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.
അതേസമയം, സംസ്ഥാനത്തെ ജലസംഭരണികളിൽ മിക്കതിലും ജലനിരപ്പ് പൂർണശേഷിയോട് അടുക്കുന്നതായി ജലവിഭവ വകുപ്പ് അറിയിച്ചു. ചെന്നൈയിലെ 2 സംഭരണികൾ അടക്കം 12 സംഭരണികളിൽ 100 ശതമാനത്തിനടുത്ത് ജലമുണ്ട്. 18 സംഭരണികളിൽ 90 ശതമാനവും 23 എണ്ണത്തിൽ 70–80 ശതമാനവും വെള്ളമുണ്ട്. തമിഴ്നാട്ടിലെ ഏറ്റവും വലിയ സംഭരണിയായ മേട്ടൂർ സ്റ്റാൻലിയിൽ 92 ദശലക്ഷം ഘനയടി ജലമാണുള്ളത്.