അക്ഷര വെളിച്ചം തെളിഞ്ഞു; പുസ്തക മേളയ്ക്ക് തുടക്കം
Mail This Article
ചെന്നൈ ∙ അക്ഷര പ്രേമികൾക്ക് ആഹ്ലാദം പകർന്ന് 48–ാം ചെന്നൈ പുസ്തക മേളയ്ക്ക് നന്ദനം വൈഎംസിഎ മൈതാനത്ത് തുടക്കം. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, സ്കൂൾ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി എന്നിവർ ചേർന്ന് ഇന്നലെ വൈകിട്ട് മേള ഉദ്ഘാടനം ചെയ്തു. തുടർന്ന് ഇരുവരും മേയർ ആർ.പ്രിയ, മാധ്യമപ്രവർത്തകൻ നക്കീരൻ ഗോപാലൻ തുടങ്ങിയവരോടൊപ്പം സ്റ്റാളുകൾ സന്ദർശിച്ചു.
ബുക്ക് സെല്ലേഴ്സ് ആൻഡ് പബ്ലിഷേഴ്സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യ (ബപാസി) സംഘടിപ്പിക്കുന്ന പുസ്തക മേളയിൽ 900 സ്റ്റാളുകളുണ്ട്. പ്രമുഖ പ്രസാധകരുടേത് ഉൾപ്പെടെ തമിഴ്, ഇംഗ്ലിഷ് അടക്കമുള്ള ഭാഷകളിൽ നിന്നുള്ള ലക്ഷക്കണക്കിനു പുസ്തകങ്ങളാണു വിവിധ സ്റ്റാളുകളിലായി ലഭ്യമാക്കുക. നോവലുകൾ, ചെറുകഥകൾ, ആനുകാലികങ്ങൾ, പൊതു വിജ്ഞാനം, അക്കാദമിക് തുടങ്ങി വിവിധ തലത്തിലുള്ള പുസ്തകങ്ങളും കുട്ടികൾക്കുള്ള പുസ്തകങ്ങളും ഏറെ. തമിഴ്നാട് ടെക്സ്റ്റ് ബുക് ആൻഡ് എജ്യുക്കേഷനൽ സർവീസസ് കോർപറേഷൻ, ദേവസ്വം വകുപ്പ് തുടങ്ങി 10 സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളും പ്രവർത്തിക്കും. മുൻവർഷങ്ങളിൽ ജനുവരി ആദ്യ വാരം ആരംഭിച്ച് പൊങ്കലോടു കൂടി അവസാനിക്കുന്ന രീതിയിലാണു മേള നടത്തിയിരുന്നത്. എന്നാൽ ഇത്തവണ നേരത്തെയാണു മേള വിരുന്നെത്തുന്നത്. ജനുവരി 12നു സമാപിക്കും.
കഴിഞ്ഞ വർഷം കനത്ത മഴയിൽ സ്റ്റാളുകൾക്കുള്ളിൽ വെള്ളം കയറി പുസ്തകങ്ങൾ നനഞ്ഞിരുന്നു. എന്നാൽ ഇത്തവണ ചോർച്ച ഉണ്ടാകാത്ത വിധമാണു മേൽക്കൂര നിർമിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. 10 രൂപയാണു പ്രവേശന ഫീസ്. തിരിച്ചറിയൽ കാർഡുമായി എത്തുന്ന വിദ്യാർഥികൾക്കു ഫീസില്ല. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8.30 വരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 8.30 വരെയുമാണു സന്ദർശന സമയം. എല്ലാ പുസ്തകങ്ങൾക്കും 10 ശതമാനം നിരക്കിളവുണ്ടാകും. വിദ്യാർഥികൾക്കായി പ്രസംഗം, ചിത്രരചന അടക്കമുള്ള മത്സരങ്ങളുണ്ടാകും. മുതിർന്നവർക്കു വിശ്രമിക്കുന്നതിനുള്ള പ്രത്യേക ഇടവും ഒരുക്കിയിട്ടുണ്ട്.
വിലക്കുറവുമായിമനോരമ സ്റ്റാൾ
വായന പ്രേമികൾക്കു മലയാള പുസ്തകങ്ങളുടെ വിപുലമായ ശേഖരമൊരുക്കി ചെന്നൈ പുസ്തക മേളയുടെ ഭാഗമായി മലയാള മനോരമയും. 277, 278 എന്നീ സ്റ്റാളുകളിലായി മനോരമയുടെ വിവിധ പ്രസിദ്ധീകരണങ്ങൾ സന്ദർശകർക്കായി ലഭ്യമാക്കും. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്ക് 10 ശതമാനം നിരക്കിളവുണ്ടാകും. മറ്റു പ്രസിദ്ധീകരണങ്ങളായ ദ് വീക്ക്, വനിത, ടെൽ മി വൈ തുടങ്ങിയവ കുറഞ്ഞ നിരക്കിൽ വരിക്കാരാകുന്നതിനുള്ള സൗകര്യവുമുണ്ട്. ദ് വീക്ക് 6 മാസത്തേക്കും 10 മാസത്തേക്കും വരിക്കാരാകുന്നവർക്ക് നിരക്കിളവ് ലഭിക്കും. ഇതിനൊപ്പം മനോരമ ഇയർ ബുക്ക് സൗജന്യമായി ലഭിക്കും.