സിഗ്‌നലുകളിൽ എംടിസി ബസിന്റെ കാത്തിരിപ്പ് കുറയും; ബസ് കണ്ടാൽ വേഗം പച്ച തെളിയും
Mail This Article
ചെന്നൈ ∙ നഗരത്തിലെ ട്രാഫിക് സിഗ്‌നലുകളിൽ എംടിസി ബസുകളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്ന ‘ബസ് സിഗ്‌നൽ മുൻഗണനാ സംവിധാനം’ നടപ്പാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിഗ്‌നലുകളിൽ നിന്നു ബസുകളെ പെട്ടെന്നു കടത്തി വിടാൻ ഇതുവഴി സാധിക്കും. ജിഎസ്ടി റോഡിൽ തിരക്കേറെയുള്ള ആലന്തൂരിനും വിമാനത്താവളത്തിനും ഇടയിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുകയെന്ന് എംടിസി അറിയിച്ചു. ഐഐടി മദ്രാസും തിരുവനന്തപുരം ആസ്ഥാനമായുള്ള സി–ഡാകും ചേർന്നാണു പ്രത്യേക സംവിധാനം ഒരുക്കുക.
ചുവപ്പ് കുറയ്ക്കുംപച്ച കൂട്ടും
എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ട്രാഫിക് സിഗ്‌നലുകളിൽ സ്ഥാപിക്കുന്ന പ്രത്യേക സംവിധാനം വഴിയാണു പദ്ധതി നടപ്പാക്കുക. ഈ സംവിധാനം എംടിസി ബസുകളെ തിരിച്ചറിയുകയും ചുവപ്പ് സിഗ്‌നലിന്റെ ൈദർഘ്യം കുറച്ച് പച്ച സിഗ്‌നലിന്റെ ദൈർഘ്യം വർധിപ്പിക്കുകയും ചെയ്യും. ഇതുവഴി എംടിസി ബസുകൾക്ക് അധികം കാത്തിരിക്കാതെ കടന്നു പോകാൻ സാധിക്കും. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസിന്റെ കൂടി സഹായത്തോടെ, ബസുകളുടെ തൽസമയ വിവരങ്ങൾ ശേഖരിച്ചാണ് പദ്ധതി നടപ്പാക്കുക. അതേസമയം, ഇതു മറ്റു വാഹനങ്ങളെ ബാധിക്കില്ലെന്നും അവയുടെ സുഗമമായ യാത്ര കൂടി കണക്കിലെടുക്കുമെന്നും എംടിസി വൃത്തങ്ങൾ അറിയിച്ചു.
ജനുവരിയിൽ സിഗ്‌നൽ മുൻഗണനാ സംവിധാനം നടപ്പാക്കി തുടങ്ങാനാണു തീരുമാനം. വേഗത്തിൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തുന്നതോടെ കൂടുതൽ യാത്രക്കാർ ബസുകളിൽ യാത്ര ചെയ്യുമെന്നും ബസ് സമയക്രമം കൃത്യമായി പാലിക്കാനാകുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ. ബസ് ഗതാഗതം ആധുനിക രീതിയിലേക്കു മാറ്റുന്നതിനുള്ള നിർണായക ചുവടുവയ്പായാണ് ഇതിനെ വിലയിരുത്തുന്നത്. സിഗ്‌നലുകളിലെ കാത്തിരിപ്പ് മൂലമുണ്ടാകുന്ന ഇന്ധനച്ചെലവ് കുറയ്ക്കാനും വായു മലിനീകരണം കുറയ്ക്കാനും സാധിക്കും.
ഒന്നും ശരിയല്ല; എംടിസി ആപ്പിന് റെഡ് സിഗ്‌നൽ
എംടിസി ബസ് യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ മൊബൈൽ ആപ്ലിക്കേഷൻ കൂടുതൽ പേരും ഉപയോഗിക്കുന്നില്ലെന്ന് റിപ്പോർട്ട്. സാങ്കേതിക തടസ്സങ്ങളും തെറ്റായ റൂട്ട് വിവരങ്ങളുമാണ് യാത്രക്കാരെ ആപ്പ് ഉപയോഗിക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു. ആപ് പ്രവർത്തനം പാതിയിൽ നിലയ്ക്കുക, സമയ ക്രമത്തിലെ പിശകുകൾ, സർവീസുകൾ നടത്താത്ത ബസുകളുടെ വിവരങ്ങൾ എന്നിവയെല്ലാം യാത്രക്കാർക്കു തലവേദന സൃഷ്ടിക്കുന്നു. മെട്രോ നിർമാണത്തെ തുടർന്ന് റൂട്ട് മാറിയിട്ടും പഴയ റൂട്ട് ആണ് ആപ്പിൽ കാണിക്കുന്നതെന്നും യാത്രക്കാർ പറയുന്നു.