ബപാസി പുസ്തകമേള: മലയാള പുസ്തകങ്ങൾ തേടി ഒട്ടേറെപ്പേർ; വായനയുടെ മലയാളപ്പെരുമ
Mail This Article
ചെന്നൈ ∙ അക്ഷരപ്രേമികളുടെ ആഘോഷമായ ചെന്നൈ പുസ്തക മേളയിൽ മലയാള പുസ്തകങ്ങൾ തേടിയെത്തി നഗരവാസികൾ. മലയാള പുസ്തകങ്ങളുടെ വിപുലമായ ശേഖരവുമായി മലയാള മനോരമ ഒരുക്കിയ സ്റ്റാളിലാണ് ആദ്യ ദിനം തന്നെ സന്ദർശകരുടെ തിരക്കേറിയത്. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച, പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളാണ് സ്റ്റാളിലുള്ളത്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർ സ്റ്റാളുകളിലേക്കു പുസ്തകങ്ങൾ തേടി വരുന്നുണ്ട്. ബുക്ക് സെല്ലേഴ്സ് ആൻഡ് പബ്ലിഷേഴ്സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യ (ബപാസി) സംഘടിപ്പിക്കുന്ന 48–ാം പുസ്തക മേള നന്ദനം വൈഎംസിഎ മൈതാനത്ത് 27നു വൈകിട്ടാണ് ആരംഭിച്ചത്.
പുസ്തകങ്ങളുടെ വൈവിധ്യ ശേഖരം
277, 278 എന്നീ സ്റ്റാളുകളിലാണു മനോരമയുടെ സ്റ്റാളുകൾ പ്രവർത്തിക്കുന്നത്. വൈവിധ്യമാർന്ന വിഭാഗങ്ങളിലുള്ള പുസ്തകങ്ങളായി വായനക്കാർക്കായി വിൽപനയ്ക്കു വച്ചിട്ടുള്ളത്. ഗായിക കെ.എസ്.ചിത്രയെ കുറിച്ചുള്ള ചിത്രപൗർണമി, കടമ്മനിട്ട: കവിതയുടെ കനലാട്ടം, പണ്ഡിറ്റ് ജസ്‌രാജിനെ കുറിച്ച് ശിഷ്യൻ രമേഷ് നാരായണൻ മനസ്സ് തുറക്കുന്ന ഗുരുപ്രസാദം, ലോകത്തെ മികച്ച 10 കൃതികളുടെ പട്ടികയിൽ ഇടം പിടിച്ച ദ് കവനന്റ് ഓഫ് വാട്ടറിന്റെ മലയാളം പരിഭാഷ ജലജന്മങ്ങൾ, ബ്ലെസി രചിച്ച ജീവിതം ആടുജീവിതം, പ്രശസ്ത പാചക വിദഗ്ധൻ സുരേഷ് പിള്ളയുടെ ജീവിതം ആസ്പദമാക്കിയുള്ള രുചി നിർവാണ, ആൻമരിയ:പ്രണയത്തിന്റെ മേൽവിലാസം, അധ്യാത്മ രാമായണം,
എന്റെ സ്ത്രീയറിവുകൾ, അളിയൻസ് കഥകളും യാഥാർഥ്യവും തുടങ്ങി വ്യത്യസ്തങ്ങളായ പുസ്തകങ്ങളാണുള്ളത്. എല്ലാ പുസ്തകങ്ങൾക്കും 10 ശതമാനം നിരക്കിളവ് ലഭിക്കും.മറ്റു പ്രസിദ്ധീകരണങ്ങളായ ദ് വീക്ക്, വനിത, ടെൽ മി വൈ തുടങ്ങിയവ കുറഞ്ഞ നിരക്കിൽ വരിക്കാരാകുന്നതിനുള്ള സൗകര്യവുമുണ്ട്. ദ് വീക്ക് 500 രൂപ നിരക്കിൽ 6 മാസത്തേക്കും 800 രൂപയ്ക്ക് 10 മാസത്തേക്കും വരിക്കാരാകാം. ഇതിനൊപ്പം മനോരമ ഇയർ ബുക്ക് സൗജന്യമായി ലഭിക്കും. 800 രൂപ നിരക്കിൽ 6 മാസത്തെ വരിക്കാരാകുന്നവർക്ക് 6 മാസത്തേക്കു ടെൽ മി വൈ സൗജന്യമായി ലഭിക്കും. 1,200 രൂപ നിരക്കിൽ 10 മാസത്തേക്ക് വരിക്കാരാകുന്നവർക്ക് ടെൽ മി വൈ 10 മാസത്തേക്കു സൗജന്യമായി ലഭിക്കും.
സന്ദർശകരെ കാത്ത് 900 സ്റ്റാളുകൾ
900 സ്റ്റാളുകളിലായി ലക്ഷക്കണക്കിനു പുസ്തകങ്ങളാണു മേളയിൽ വിൽപനയ്ക്കുള്ളത്. നോവലുകൾ, ചെറുകഥകൾ, ആനുകാലികങ്ങൾ, പൊതുവിജ്ഞാനം, അക്കാദമിക് തുടങ്ങി വിവിധ തലത്തിലുള്ള പുസ്തകങ്ങളും കുട്ടികൾക്കുള്ള പുസ്തകങ്ങളുമുണ്ട്. തമിഴ്നാട് ടെക്സ്റ്റ് ബുക് ആൻഡ് എജ്യുക്കേഷനൽ സർവീസസ് കോർപറേഷൻ, ദേവസ്വം വകുപ്പ് തുടങ്ങി 10 സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളും പ്രവർത്തിക്കും.
10 രൂപയാണു പ്രവേശന ഫീസ്. തിരിച്ചറിയൽ കാർഡുമായി എത്തുന്ന വിദ്യാർഥികൾക്കു ഫീസില്ല. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8.30 വരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 8.30 വരെയുമാണു സന്ദർശന സമയം. എല്ലാ പുസ്തകങ്ങൾക്കും 10 ശതമാനം നിരക്കിളവുണ്ടാകും. വിദ്യാർഥികൾക്കായി പ്രസംഗം, ചിത്രരചന അടക്കമുള്ള മത്സരങ്ങളുണ്ടാകും. മുതിർന്നവർക്കു വിശ്രമ ഇടവും ഒരുക്കിയിട്ടുണ്ട്. മേള ജനുവരി 12നു സമാപിക്കും.