ഒരുങ്ങുന്നു, ആഘോഷരാവ്; പുതുവർഷം അവിസ്മരണീയമാക്കാൻ നക്ഷത്ര ഹോട്ടലുകൾ
Mail This Article
ചെന്നൈ∙ പുതുവർഷാഘോഷം ഗംഭീരമാക്കാനൊരുങ്ങി നഗരത്തിലെ നക്ഷത്ര ഹോട്ടലുകൾ. 31 ന് വൈകിട്ടു മുതൽ പുതുവർഷപ്പുലരി വരെ നീളുന്ന ആഘോഷ പരിപാടികളാണ് മിക്ക സ്ഥലങ്ങളിലും ഒരുക്കിയിട്ടുള്ളത്. ഹോട്ടലുകളും പരിസരങ്ങളും ദീപാലങ്കാരങ്ങളാൽ നിറഞ്ഞു കഴിഞ്ഞു. ഡിജെ പാർട്ടികളും സംഗീത നിശകളും കരോക്കെ നൈറ്റുകളും അടക്കമുള്ള പരിപാടികൾക്കുള്ള ഒരുക്കവും പുരോഗമിക്കുകയാണ്. ഒഎംആർ നാവലൂരിലെ ഗോകുലം പാർക്ക് ശബരി ഹോട്ടലിൽ രാത്രി 8 മുതൽ 3 തരത്തിലുള്ള ആഘോഷ പരിപാടികളാണ് നടക്കുന്നത്. സ്കൈലൈൻ റൂഫ്ടോപ് ഇവന്റ്, 24x7 ബൈറ്റ്സ് ഇവന്റ്, റൂം സ്റ്റേ വിത് സ്കൈലൈൻ ഇവന്റ് എന്നിങ്ങനെ 3 പാക്കേജുകളായാണ് പരിപാടികൾ. ഡിജെ, ഡാൻസ് ഫ്ലോർ, പാർട്ടി ഗെയിമുകൾ, മാജിക്, ടാറ്റൂ ആർട്ടിസ്റ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സ്കൈലൈൻ റൂഫ്ടോപ് ഇവന്റിന്റെ പ്രത്യേകത.
ഭക്ഷ്യ വിഭവങ്ങളുടെ വൈവിധ്യവും സന്ദർശകരെ കാത്തിരിക്കുന്നു. 1500 രൂപ മുതൽ 4000 രൂപ വരെയാണ് പ്രവേശന നിരക്ക്. മുൻകൂട്ടി ബുക്ക് ചെയ്യണം. വിവരങ്ങൾക്ക് - 9789065417, 7305271437.അശോക് നഗർ ഗോകുലം പാർക്കിൽ 31ന് പ്രത്യേക ഡിന്നറും ജനുവരി 1ന് പുതുവർഷ സ്പെഷൽ ലഞ്ചുമാണ് ഒരുക്കിയിരിക്കുന്നത്.ഹോട്ടലിലെ വിവിധ റസ്റ്ററന്റുകളും പാർട്ടി ഹാളുകളും കേന്ദ്രീകരിച്ച് വിവിധ പേരുകളിലും രീതികളിലുമുള്ള ആഘോഷ പരിപാടികളാണ് സവേര ഹോട്ടലിലൊരുക്കുന്നത്. രാത്രി 8ന് പരിപാടികൾ ആരംഭിക്കും. ഭക്ഷ്യ വിഭവങ്ങളുടെ വ്യത്യസ്തതയും ഡിജെ മ്യൂസിക്കും എല്ലായിടങ്ങളിലുമുണ്ട്. പക്കാ പാർട്ടി, വിസിൽ പോട്, പെട്ട റാപ്, റെട്രോ ബീറ്റ്സ് എന്നിങ്ങനെയുള്ള പേരുകൾ തന്നെ പരിപാടികളുടെ വ്യത്യസ്തത സൂചിപ്പിക്കുന്നു. 2000 രൂപ മുതൽ 3000 രൂപ വരെയാണ് പ്രവേശന നിരക്ക്. മുൻകൂട്ടി ബുക്ക് ചെയ്യണം.
വിവരങ്ങൾക്ക് - 9710976876 ഹോട്ടൽ ഹിൽട്ടണിലെ ക്യൂ ബാറിൽ ആബ്സൊല്യൂട്ട് ന്യൂ ഇയർ പാർട്ടി, റമദ പ്ലാസയിലെ ന്യൂ ഇയർ പാർട്ടി, റാഡിസൻ ബ്ലൂവിലെ ബോളിവുഡ് കാർണിവൽ, ഒഎംആർ ഹോളിഡേ ഇൻ ഒരുക്കുന്ന കൗണ്ട് ഡൗൺ കാർണിവൽ, ഇസിആർ സീ ലൗഞ്ചിലെ ഇസിആർ ന്യൂ ഇയർ പാർട്ടി, ലേ റോയൽ മെറിഡിയനിലെ എലൈറ്റ് പാർട്ടി, ഓപ്പൺ എയർ പൂൾ സൈഡ് പാർട്ടി, ടി നഗർ ഡാങ്ക് റസ്റ്റോ ബാറിലെ ഡെസ്റ്റിനേഷൻ നിയോൺ, ഒഎംആർ തുരൈപ്പാക്കത്തെ സീബ്ര ക്രോസിങ്ങിൽ ഒരുക്കുന്ന ഹാപ്പി എൻഡിങ് എന്നിങ്ങനെ നിരവധി പാർട്ടികളും ആഘോഷങ്ങളുമാണ് പുതുവർഷപ്പിറവിയെ വരവേൽക്കാൻ നഗരത്തിൽ ഒരുങ്ങുന്നത്.
2000 രൂപ മുതൽ 4000 രൂപവരെയാണ് ശരാശരി നിരക്കുകൾ. ഹോട്ടലുകൾക്കു പുറമേ പ്രധാന പുതുവർഷാഘോഷങ്ങൾ നടക്കുന്നത് മറീന ബീച്ച് കേന്ദ്രീകരിച്ചാണ്. പതിനായിരക്കണക്കിന് ആളുകളാണ് പുതുവർഷത്തെ വരവേൽക്കാൻ 31ന് രാത്രി മറീനയിൽ എത്താറുള്ളത്. വർഷാവസാന ദിനത്തിലെ രാത്രി പ്രദേശത്ത് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചാണ് ആഘോഷ പരിപാടികൾക്ക് സൗകര്യമൊരുക്കിയിരുന്നത്. രാത്രി 12ന് ശേഷം ജനക്കൂട്ടത്തെ പിരിച്ചു വിടാനും പൊലീസ് ശ്രദ്ധിച്ചിരുന്നു. ബസന്റ് നഗർ, തിരുവാൺമിയൂർ, കൊട്ടിവാക്കം ബീച്ചുകളിലും പുതുവർഷാഘോഷങ്ങൾ പതിവാണ്.