പുതുവർഷം: മാറുന്ന കാലത്തിനൊപ്പം കുതിച്ച് നഗരം; ചെന്നൈയ്ക്ക് വിസിൽ പോട്!
Mail This Article
ചെന്നൈ ∙ മെട്രോ നഗരമെന്ന പേര് അന്വർഥമാക്കി ചെന്നൈ മെട്രോ റെയിൽ, കോടികളുടെ കഥ പറയുന്ന വ്യവസായ നിക്ഷേപങ്ങൾ, നഗരവാസികൾ പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കിയ അമ്മ കന്റീനുകൾ, വീടുകളിലെത്തി ചികിത്സ ഉറപ്പാക്കുന്ന ആരോഗ്യ സംവിധാനം, നഗരത്തിന്റെ കായികപ്പെരുമയ്ക്ക് കരുത്തേകി കൂടുതൽ രാജ്യാന്തര മത്സരങ്ങൾ... ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കാൽ പകുതി പിന്നിടുമ്പോൾ സമസ്ത മേഖലകളിലും വികസനത്തിന്റെ പാതയിലാണ് ചെന്നൈ നഗരം. ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ മേഖലകളിൽ ചെന്നൈ മുൻനിരയിലെത്തിയ 25 വർഷമാണു കടന്നു പോയത്. ലോകം 2025ലേക്കു പ്രവേശിക്കാനൊരുങ്ങുമ്പോൾ, ഇനിയുമേറെ വികസന പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്.
ട്രാക്ക് മാറിയ ഗതാഗതം; മെട്രോ കുതിപ്പ്
നഗര ഗതാഗതം മെട്രോ ട്രെയിനുകളിൽ കുതിച്ച വർഷമാണ് കടന്നു പോയത്. ആലന്തൂരിനും കോയമ്പേടിനും ഇടയിൽ 2016 ഓഗസ്റ്റിലാണ് ആദ്യ സർവീസ് ആരംഭിച്ചത്. പിന്നീട് വിമാനത്താവളം–വാഷർമാൻപെട്ട്, സെൻട്രൽ–വിമാനത്താവളം, സെൻട്രൽ–സെന്റ് തോമസ് മൗണ്ട് എന്നീ റൂട്ടുകളിലും സർവീസ് ആരംഭിച്ചു. ഏറ്റവും ഒടുവിൽ 3 വർഷം മുൻപ്, വാഷർമാൻപെട്ടിൽ നിന്ന് വിംകോ നഗർ വരെ സർവീസ് ദീർഘിപ്പിച്ചു. 90 ലക്ഷത്തോളം പേർ ഓരോ മാസവും മെട്രോയിൽ യാത്ര ചെയ്യുന്നു. ഒരു കോടി യാത്രക്കാരെന്ന സ്വപ്ന നേട്ടം വിദൂരമല്ല. അതേസമയം, നിലവിൽ നിർമാണം നടക്കുന്ന രണ്ടാം ഘട്ട പ്രവൃത്തികൾ 2029ൽ പൂർത്തിയാകുന്നതോടെ നഗരത്തിലെവിടെയും മെട്രോയിൽ യാത്ര ചെയ്യാം.
സൈക്കിളിനെ സ്നേഹിച്ച കാലം
ബസിലും ട്രെയിനിലും ഓട്ടോയിലുമായി യാത്ര ചെയ്ത നഗരവാസികൾക്ക് പുത്തൻ യാത്രാനുഭവം നൽകി സ്മാർട്ട് ബൈക്ക് എന്നറിയപ്പെടുന്ന സൈക്കിളുകൾ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന സൈക്കിളിൽ ആർക്കും എപ്പോഴും യാത്ര ചെയ്യാം. പ്രത്യേക ആപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സൈക്കിളിൽ കയറി മറ്റൊരു പാർക്കിങ് കേന്ദ്രത്തിൽ ഇറങ്ങി അവിടെ പാർക്ക് ചെയ്യാം.
യാത്ര എളുപ്പാക്കിയ വെബ് ടാക്സി
യഥാർഥ നിരക്കിന്റെ ഇരട്ടിയോ അതിലധികമോ നൽകി ഓട്ടോയിൽ യാത്ര ചെയ്യേണ്ട നഗരവാസികളുടെ ദുരവസ്ഥയ്ക്കു വലിയ പരിഹാരമാണു വെബ് ടാക്സികൾ. ഒല, ഊബർ കാബ് സർവീസുകൾ എല്ലായിടത്തും ലഭ്യമായതോടെ ഒട്ടേറെ പേർ യാത്ര കാബുകളിലേക്കു മാറ്റി. കാബിലെ നിരക്ക് നോക്കി ഓട്ടോ ഡ്രൈവർമാരോടു വില പേശുന്നതും നഗരത്തിലെ സ്ഥിരം കാഴ്ചയായി മാറി. അടുത്തയിടെ സജീവമായ ബൈക്ക് ടാക്സികൾക്കും വൻ ഡിമാൻഡ് ആണ്.
പെഡസ്ട്രിയൻ ഷോപ്പിങ്
നഗരത്തിന്റെ ഷോപ്പിങ് സങ്കൽപങ്ങൾ പൊളിച്ചെഴുതി ടി നഗറിലെ പെഡസ്ട്രിയൻ പ്ലാസ. തിക്കിത്തിരക്കി കടകളിലേക്കു പാഞ്ഞു കയറുന്ന പതിവു രീതിയിൽ നിന്നു വ്യത്യസ്തമായി വിദേശ മാതൃകയിൽ വിശാലമായ നടപ്പാതകൾ ഒരുക്കി, വാഹനങ്ങളുടെ ശല്യമില്ലാതെ, ഓരോ കടയും കണ്ടും കയറിയും ഷോപ്പിങ്ങിന് അവസരം നൽകുന്നതാണ് ടി നഗറിലെ പെഡസ്ട്രിയൻ പ്ലാസ. വിശ്രമിക്കാൻ ഇരിപ്പിടങ്ങളും ധാരാളം. സമാനമായ പെഡസ്ട്രിയൻ പ്ലാസകൾ നുങ്കംപാക്കത്തും വാഷർമാൻപെട്ടിലും ഉടൻ വരും.
അന്നം തരുന്ന അമ്മ ഉണവകം
സർക്കാരിന്റെ ജനക്ഷേമ പദ്ധതികളിൽ വിപ്ലവകരമെന്ന് വിശേഷിപ്പാവുന്നതാണ് അമ്മ ഉണവകം. വളരെ കുറഞ്ഞ ചെലവിൽ ഭക്ഷണം നൽകുന്ന കന്റീനുകൾ പാവപ്പെട്ടവർക്കും ഒറ്റയ്ക്കു താമസിക്കുന്നവർക്കും വലിയ അത്താണിയാണ്. നഗരത്തിന്റെ ഭക്ഷണ സങ്കൽപങ്ങളിൽ വലിയ മാറ്റം വരുത്തി ഫുഡ് ട്രക്ക് അടക്കമുള്ളവ ഇതിനിടെ ജനജീവിതത്തിന്റെ ഭാഗമായി. ബീച്ചിലും മറ്റുമായി പാർക്ക് ചെയ്യുന്ന ട്രക്കിൽ നിന്നു തയാറാക്കി വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ആവശ്യക്കാരേറെയാണ്.
ഒന്നാംനിരയായി ഒഎംആർ
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ചെന്നൈയുടെ ഏറ്റവും വലിയ മുഖമുദ്രയാണ് ഓൾഡ് മഹാബലിപുരം റോഡിലെ (ഒഎംആർ) ഐടി ഇടനാഴി. നഗരത്തിന്റെ ഐടി കേന്ദ്രമായ ഇവിടെ നൂറുകണക്കിനു കമ്പനികൾ പ്രവർത്തിക്കുന്നു. നഗരത്തിലെ ഏറ്റവും വികസിത മേഖലകളിലൊന്നാണ് ഒഎംആർ തന്നെ. ആഡംബര കെട്ടിടങ്ങൾ, ഹോട്ടലുകൾ, അപ്പാർട്മെന്റുകൾ അടക്കം നഗരത്തിന്റെ പ്രധാന നോട്ടം ഇപ്പോൾ ഒഎംആറിലേക്കാണ്.
വഴി തെളിച്ച് റോഡുകൾ, മേൽപാതകളും
നഗരത്തിലെ റോഡുകളും മേൽപാതകളും 2000നു മുൻപും ശേഷവും എന്നു വിലയിരുത്താം. നഗരത്തിലെ പ്രധാന റോഡുകളും ഔട്ടർ റിങ് റോഡ് അടക്കം ചുറ്റുമുള്ള റോഡുകളും ഇന്ന് നഗരജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്തതാണ്. കത്തിപ്പാറ, കോയമ്പേട്, പാടി, ടി നഗർ, പല്ലാവരം, പെരുങ്കളത്തൂർ എന്നിവിടങ്ങളിലെ മേൽപാത സമ്മാനിക്കുന്നത് സുഗമമായ ഗതാഗതവും അനന്തമായ വികസനസാധ്യതയും.
ഓട്ടമൊബീൽ, സാങ്കേതിക മേഖലകളിൽ മുന്നോട്ട്
ടാറ്റ, ഫോഡ്, സാംസങ്, ആപ്പിൾ തുടങ്ങിയ ലോകോത്തര കമ്പനികൾ നഗരത്തിലേക്കു ചേക്കേറുന്ന കാഴ്ചയാണു കാൽ നൂറ്റാണ്ടിനിടെ കണ്ടത്. ബിഎംഡബ്ല്യു, ഹ്യുണ്ടായ്, നിസ്സാൻ, മിത്‌സുബിഷി, റോയൽ എൻഫീൽഡ് തുടങ്ങിയ കമ്പനികൾക്കും ചെന്നൈയിൽ പ്ലാന്റുകളുണ്ട്.
സാങ്കേതിക മേഖലയിൽ, രാജ്യത്തെ രണ്ടാമത്തെ വലിയ േഡറ്റ സെന്റർ ഹബ് ആയി ഇക്കാലയളവിൽ ചെന്നൈ മാറി. കഴിഞ്ഞ 25 വർഷത്തിനിടെ നഗരത്തിൽ ഓഫിസ് സ്പേസിലെ വർധന 75 ശതമാനമാണ്. ഭവന മേഖലയിലാകട്ടെ 27 മടങ്ങ് വർധന. 1999ൽ 10,100 യൂണിറ്റുകൾ ആയിരുന്നത് 2.75 ലക്ഷം യൂണിറ്റുകളായി വർധിച്ചു.
കൈവിടാതെ കായികക്കരുത്ത്
രാജ്യത്തിന്റെ കായിക ഭൂപടത്തിൽ കാൽ നൂറ്റാണ്ടിനിടെ ചെന്നൈ കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടങ്ങൾ. ഒട്ടേറെ രാജ്യാന്തര മത്സരങ്ങൾക്കാണ് ഈ നഗരം വേദിയായത്. നഗരത്തിൽ ഏറെക്കാലം അരങ്ങേറിയ ചെന്നൈ ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ കളിക്കാനെത്തിയത് ലോകത്തെ പ്രമുഖ താരങ്ങൾ. വിശ്വനാഥൻ ആനന്ദിനെ തോൽപിച്ച് മാഗ്‌നസ് കാൾസൻ ചാംപ്യനായി മാറിയ, 2013ൽ ചെന്നൈയിൽ നടന്ന ലോക ചെസ് ചാംപ്യൻഷിപ് ലോകശ്രദ്ധ നേടി. ചെപ്പോക്കിലെ ക്രിക്കറ്റ് സ്റ്റേഡിയം ലോകത്തെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നെന്ന പേര് ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. 3 വർഷത്തിനിടെ അരങ്ങേറിയ ചെസ് ഒളിംപ്യാഡ്, ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി, സ്ക്വാഷ് ലോകകപ്പ്, വോളിബോൾ ലീഗ് തുടങ്ങിയ ചാംപ്യൻഷിപ്പുകൾ രാജ്യാന്തര കായിക മേഖലയിൽ നഗരത്തിന്റെ പ്രശസ്തി വർധിപ്പിച്ചു.
പുതുവർഷ സമ്മാനം
കന്യാകുമാരിയിൽ, ത്രിവേണി സംഗമ തീരത്ത് തമിഴ്നാട് സർക്കാരിന്റെ പുതുവർഷ സമ്മാനമായി നിർമിച്ച കണ്ണാടിപ്പാലവും തിരുവള്ളുവർ പ്രതിമയും. വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ കടലിൽ നിർമിച്ച കണ്ണാടിപ്പാലം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്ന് 5.30ന് ഉദ്ഘാടനം ചെയ്യും.
തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷവും നടക്കും. ലേസർ ലൈറ്റുകളുടെ വെളിച്ചത്തിൽ പ്രകാശിച്ചു നിൽക്കുന്ന തിരുവള്ളുവർ പ്രതിമയാണ് ചിത്രത്തിൽ. മണ്ണ് കൊണ്ടു നിർമിച്ച തിരുവള്ളുവരുടെ പുതിയ പ്രതിമയുടെ അനാഛാദനവും ഇന്നാണ്.
പുതുവർഷാഘോഷത്തിനിടെയുള്ള അമിത വേഗവും റേസിങ്ങും തടയും മദ്യപിച്ച് ഓടിച്ചാൽ വാഹനം പൊലീസ് പിടിച്ചെടുക്കും
പുതുവർഷാഘോഷത്തിനിടെയുള്ള അമിത വേഗവും റേസിങ്ങും തടയും
ചെന്നൈ ∙ പുതുവർഷാഘോഷം അതിരു വിടാതിരിക്കാൻ കർശന നിർദേശങ്ങളുമായി ചെന്നൈ പൊലീസ്. മദ്യലഹരിയിൽ വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ എ.അരുൺ മുന്നറിയിപ്പ് നൽകി.
ബീച്ചുകൾ അടക്കമുള്ള പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വർധിപ്പിക്കും. അമിത വേഗവും റേസിങ്ങും തടയുന്നതിനും മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുന്നതിനും പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്നും കമ്മിഷണർ പറഞ്ഞു.
നാളെ വൈകിട്ടു മുതൽ ജനുവരി 1 വരെ ബീച്ചിലെത്തുന്നവർക്ക് കടലിൽ ഇറങ്ങാൻ അനുവാദമില്ല. ജനങ്ങൾ കടലിൽ ഇറങ്ങുന്നത് തടയാനായി നഗരത്തിലെ ബീച്ചുകളിൽ വേലിക്കെട്ടുകൾ നിർമിക്കുന്നത് അടക്കമുള്ള നടപടികൾ പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കുമെന്നും അരുൺ പറഞ്ഞു.