ഓർമയിൽ പെരിയാർ; ചെന്നൈ – വൈക്കം ബസ് ജനുവരി 1 മുതൽ
Mail This Article
ചെന്നൈ ∙ ദ്രാവിഡ ആചാര്യൻ പെരിയാറിന്റെ സ്മരണകൾ നിറഞ്ഞ വൈക്കത്തെയും ചെന്നൈയെയും ബന്ധിപ്പിച്ചുള്ള തമിഴ്നാട് ഗതാഗത വകുപ്പിന്റെ എസ്ഇടിസി ബസ് സർവീസിന് ജനുവരി ഒന്നിനു തുടക്കം. ദ്രാവിഡ പ്രസ്ഥാനവുമായി വൈക്കത്തിന്റെ ചരിത്രപരമായ ബന്ധം കണക്കിലെടുത്ത് വൈക്കം–ചെന്നൈ ബസ് സർവീസ് ആരംഭിക്കണമെന്ന് ദ്രാവിഡ കഴകം പ്രസിഡന്റ് കെ.വീരമണി അടക്കമുള്ളവർ ആവശ്യപ്പെട്ടതിനെ തുടർന്നാണിതെന്ന് ഗതാഗത മന്ത്രി എസ്.എസ്.ശിവശങ്കർ പറഞ്ഞു.
തമിഴ്നാട്ടിൽ നിന്നുള്ളവർക്ക് വൈക്കം സന്ദർശിക്കുന്നതിന് ബസ് സർവീസ് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി ഒന്നിന് വൈകിട്ട് 5നു വൈക്കത്ത് നടക്കുന്ന ചടങ്ങിൽ കേരള ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ, എസ്.എസ്.ശിവശങ്കർ എന്നിവർ ചേർന്നു ഫ്ലാഗ് ഓഫ് ചെയ്യും. സമയക്രമം അടക്കമുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടും.
പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനത്തിന് വൈക്കത്തെത്തിയ തമിഴ്നാട് മന്ത്രി എം.പി.സാമിനാഥന്, ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എമേർജിങ് വൈക്കം എന്ന കൂട്ടായ്മ നിവേദനം നൽകിയിരുന്നു. പഴനി, തഞ്ചാവൂർ, വേളാങ്കണ്ണി, നാഗൂർ എന്നീ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വൈക്കം–ചെന്നൈ ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് ജോർജ് എംപിയും നിവേദനം നൽകിയിരുന്നു.