പുതുവർഷത്തിൽ 1,300 ഇലക്ട്രിക് ബസ് ഇറക്കാൻ എംടിസി പ്രകൃതിസൗഹൃദം ഇ–ബസ് യാത്ര
Mail This Article
ചെന്നൈ ∙ പുതുവർഷത്തിൽ നഗര ഗതാഗതം കൂടുതൽ പ്രകൃതിസൗഹൃദമാക്കാൻ മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (എംടിസി). അടുത്ത വർഷം 1,300 ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനാണ് എംടിസി തീരുമാനം. നിലവിൽ 3,200 എംടിസി ബസുകളാണു നഗരത്തിൽ സർവീസ് നടത്തുന്നത്. പ്രതിദിനം ഏകദേശം 32 ലക്ഷത്തോളം ആളുകൾ എംടിസി ബസുകളിൽ യാത്ര ചെയ്യുന്നതായാണു കണക്ക്. സർവീസുകളുടെ ഗുണനിലവാരം ഉയർത്താനും കൂടുതൽ ആളുകളെ പൊതു ഗതാഗത സംവിധാനം ഉപയോഗിക്കാൻ പ്രേരിപ്പിക്കാനും ഇലക്ട്രിക് ബസ് സർവീസുകൾ വഴി സാധിക്കുമെന്നാണു കണക്കുകൂട്ടൽ.
പഴയ ബസുകൾ മാറ്റി പുതിയ ലോഫ്ലോർ ബസുകൾ അവതരിപ്പിക്കുന്നതിനു പുറമേയാണ് ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കുന്നത്. ഇതോടെ നഗരത്തിലോടുന്ന ബസുകളുടെ എണ്ണം 4,500 ആയി വർധിക്കുമെന്ന് എംടിസി എംഡി ആൽബി ജോൺ വർഗീസ് പറഞ്ഞു. ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ചെന്നൈ സിറ്റി പാർട്നർഷിപ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൂടുതൽ ബസുകൾ വാങ്ങുന്നത്. ആദ്യപടിയായി 500 ലോഫ്ലോർ ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള കരാർ ഒപ്പുവച്ചതായി അധികൃതർ പറഞ്ഞു.