കന്യാകുമാരിയിൽ ത്രിവേണി സംഗമ തീരത്ത് മഴവില്ലഴകായ് കണ്ണാടിപ്പാലം തുറന്നു
Mail This Article
കന്യാകുമാരി∙ ത്രിവേണി സംഗമ തീരത്ത് മഴവില്ലഴകായ് കണ്ണാടിപ്പാലം. വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ കടലിൽ നിർമിച്ച കണ്ണാടിപ്പാലം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, കനിമൊഴി എംപി, മുഖ്യമന്ത്രിയുടെ ഭാര്യ ദുർഗ സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖരുടെ വൻനിര പങ്കെടുത്ത വർണാഭമായ ചടങ്ങിലാണ് പാലം സന്ദർശകർക്കായി തുറന്നുകൊടുത്തത്. തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കണ്ണാടി നടപ്പാലം നിർമിച്ചത്. ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി, പാലത്തിലൂടെ നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു.
തിരുവള്ളുവർ പ്രതിമയിൽ സ്റ്റാലിനും മറ്റു നേതാക്കളും പുഷ്പാർച്ചന നടത്തി. ബോട്ടുജെട്ടിക്കു സമീപം പ്രമുഖ ശിൽപി സുദർശൻ പട്നായിക് മണ്ണു കൊണ്ടു നിർമിച്ച പുതിയ തിരുവള്ളുവർ പ്രതിമയുടെ അനാഛാദനവും മുഖ്യമന്ത്രി നിർവഹിച്ചു. തുടർന്ന് കണ്ണാടിപ്പാലത്തിൽ ലേസർ ഷോ നടത്തി. കണ്ണാടിപ്പാലത്തിലേക്ക് പ്രവേശനം സൗജന്യമാണ്. ഇന്നു രാവിലെ 9ന് തമിഴ്നാട് ഗെസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജത ജൂബിലി ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.