ആലുവ മാർക്കറ്റിൽ കർശന നിയന്ത്രണം
Mail This Article
ആലുവ∙ എറണാകുളം മാർക്കറ്റ് അടച്ചതോടെ തിരക്ക് അനിയന്ത്രിതമായ ആലുവ മാർക്കറ്റിൽ പൊലീസും നഗരസഭ അധികൃതരും ചേർന്നു കടകളുടെ മുൻപിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. വ്യാപാരികളുടെ എതിർപ്പ് അവഗണിച്ചാണ് ഇരുമ്പു ബാരിക്കേഡുകൾ വച്ചത്. സർക്കാർ നിർദേശങ്ങൾ പാലിക്കാൻ വ്യാപാരികൾ ഇനിയും വിമുഖത പ്രകടിപ്പിച്ചാൽ രോഗവ്യാപന ഭീതി ഒഴിയുന്നതു വരെ മാർക്കറ്റ് അടച്ചിടാനും തീരുമാനിച്ചു.
ഇതു സംബന്ധിച്ചു മാർക്കറ്റിലെ 40 വ്യാപാരികൾക്കു നഗരസഭ മുന്നറിയിപ്പു നോട്ടിസ് നൽകി. ബാരിക്കേഡുകൾ സ്ഥാപിക്കാൻ നഗരസഭയുടെ കരാറുകാരനും തൊഴിലാളികളും എത്തിയപ്പോൾ കച്ചവടത്തെ ബാധിക്കുമെന്നു പറഞ്ഞാണ് വ്യാപാരികൾ എതിർത്തത്. തുടർന്നു നഗരസഭാധ്യക്ഷ ലിസി ഏബ്രഹാമിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും ഇൻസ്പെക്ടർ എൻ. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസും എത്തി ചർച്ച നടത്തി. ചാക്കുകൾ കയറ്റിയിറക്കാനുള്ള വഴി ഒഴിവാക്കി ബാക്കിയുള്ള സ്ഥലത്താണു ബാരിക്കേഡുകൾ കെട്ടിയത്.
ജില്ലയിലെ കോവിഡ് നിയന്ത്രണ ചുമതലയുമായി ആലുവ പാലസിൽ താമസിക്കുന്നതിനിടെ മാർക്കറ്റിലെ അപകടകരമായ തിക്കും തിരക്കും 2 മാസം മുൻപു മന്ത്രി വി.എസ്. സുനിൽകുമാർ നേരിൽ കണ്ടിരുന്നു. തുടർന്ന് അദ്ദേഹം മുൻകയ്യെടുത്ത് അൻവർ സാദത്ത് എംഎൽഎ, റൂറൽ എസ്പി കെ. കാർത്തിക്, നഗരസഭാധ്യക്ഷ ലിസി ഏബ്രഹാം, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ, ചുമട്ടുതൊഴിലാളി യൂണിയൻ ഭാരവാഹികൾ എന്നിവരുടെ യോഗം വിളിച്ചു. മാർക്കറ്റിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു.
മാർക്കറ്റിന്റെ ദൈംദിന പ്രവർത്തനത്തിനു കൃത്യമായ രൂപരേഖയും തയാറാക്കി. എന്നാൽ, ഏതാനും ദിവസം മാത്രമേ ഇതു നിലനിന്നുള്ളൂ. എറണാകുളം മാർക്കറ്റ് അടച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ചില്ലറ കച്ചവടക്കാർ ആലുവയിലേക്കു വരികയും കാര്യങ്ങൾ കൂടുതൽ അപകടകരമായ സ്ഥിതിയിലേക്കു നീങ്ങുകയും ചെയ്തു. തുടർന്ന് അൻവർ സാദത്ത് എംഎൽഎ ബന്ധപ്പെട്ടവരുടെ യോഗം വീണ്ടും വിളിച്ചു. അതിലെടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് മാർക്കറ്റിൽ ഇന്നലെ ബാരിക്കേഡുകൾ കെട്ടിയതും നിയന്ത്രണങ്ങൾ കർശനമാക്കിയതും.
അടച്ചാൽ നഷ്ടം വ്യാപാരികൾക്ക്
ആലുവ മാർക്കറ്റ് അടച്ചാൽ നഷ്ടം വ്യാപാരികൾക്കും ചുമട്ടുതൊഴിലാളികൾക്കും മാത്രമായിരിക്കും. സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ അൽപം ബുദ്ധിമുട്ടേണ്ടതായും വരും. നഗരസഭയ്ക്കു ശുചീകരണ ചെലവു വരെ ലാഭമാകും. മാർക്കറ്റിൽ നിന്നു നഗരസഭയ്ക്കു വാടകയിനത്തിൽ ഒന്നും കിട്ടുന്നില്ല എന്നതാണ് കാരണം. പഴയ മാർക്കറ്റ് കെട്ടിടം 6 വർഷം മുൻപു പൊളിച്ചിരുന്നു. പുതിയ കെട്ടിട സമുച്ചയത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കല്ലിട്ടെങ്കിലും പണി തുടങ്ങിയിട്ടില്ല. മാർക്കറ്റ് വളപ്പിലും പുറത്തുമായി പുനരധിവസിപ്പിച്ച വ്യാപാരികൾ അതിനു ശേഷം വാടക നൽകുന്നില്ല. ലോക്ഡൗൺ കാലത്തു നഗരസഭയുടെ പച്ചമീൻ ലേലച്ചന്ത അടപ്പിച്ചിരുന്നു. എന്നാൽ, പച്ചക്കറി ചന്തയിലെ കടകൾ തുറക്കാൻ അപ്പോഴും അനുമതി നൽകി.
7 കടകൾക്ക് നോട്ടിസ് നൽകി
കോവിഡ് സ്ഥിരീകരിച്ചയാൾ എത്തിയ നഗരത്തിലെ 7 വ്യാപാര സ്ഥാപനങ്ങളിൽ ഉള്ളവർ ക്വാറന്റീനിൽ പോകണമെന്ന് ആവശ്യപ്പെട്ടു നഗരസഭ നോട്ടിസ് നൽകി. ഇലക്ട്രിക് ഉപകരണങ്ങൾ വിൽക്കുന്ന കടകളാണിത്. കോവിഡ് രോഗിയുടെ റൂട്ട് മാപ്പിൽ ഇവ ഉൾപ്പെട്ടതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. 7 സ്ഥലത്തും നഗരസഭ ജീവനക്കാർ അണുനശീകരണം നടത്തി. എന്നാൽ, കടകൾ അടപ്പിച്ചിട്ടില്ല. അതിനുള്ള അധികാരം നഗരസഭയ്ക്ക് ഇല്ലെന്നും ആരോഗ്യ വകുപ്പിനാണെന്നും അധികൃതർ പറഞ്ഞു.
മന്ത്രി വി.എസ്. സുനിൽകുമാർ മുൻകയ്യെടുത്ത് ആലുവ മാർക്കറ്റിൽ നടപ്പാക്കിയ ക്രമീകരണങ്ങൾ ദിവസങ്ങൾക്കുള്ളിൽ തകിടംമറിഞ്ഞിരുന്നു. എറണാകുളം മാർക്കറ്റ് അടച്ചതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി. ഇപ്പോഴത്തെ കുത്തഴിഞ്ഞ അവസ്ഥ തുടർന്നാൽ ഇതുവരെ രക്ഷപ്പെട്ടു നിന്ന ആലുവയും സമൂഹ വ്യാപനത്തിന്റെ പിടിയിലമരും. അത്രയ്ക്കു മോശമാണു സ്ഥിതി. കോമൺസെൻസുള്ള എല്ലാവർക്കും ഇതു മനസ്സിലാകും.എന്നിട്ടും മാർക്കറ്റിലുള്ളവർ മാത്രം അനുസരിക്കാത്തത് എന്തുകൊണ്ടാണെന്നു പിടികിട്ടുന്നില്ല. നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെങ്കിൽ മാർക്കറ്റ് പൂർണമായും അടയ്ക്കും. മൊത്തവിൽപന രാവിലെ 6നു മുൻപു തീർക്കണം. അതിനു ശേഷമേ ചില്ലറ വിൽപനശാലകൾ തുറക്കാവൂ. ലിസി എബ്രഹാം, ആലുവ നഗരസഭാധ്യക്ഷ