എൺപതുകളിലും തൊണ്ണൂറുകളിലും കസെറ്റുകൾ ഇരുപുറം പാടി, ഒപ്പം തമാശ കേൾപ്പിച്ചും; അങ്ങനെയും ഒരോണക്കാലം...
Mail This Article
കൊച്ചി ∙ അങ്ങനെയും ഒരോണക്കാലമുണ്ടായിരുന്നു. എല്ലാ വർഷവും ഓണപ്പാട്ടുകളും ചിരി വിശേഷങ്ങളുമായി എത്തുന്ന ഓഡിയോ കസെറ്റുകളെ അക്ഷമയോടെ കാത്തിരുന്ന തലമുറകളുടെ ഓണക്കാലം. ടെലിവിഷൻ ചാനലുകളുടെ സുവർണ കാലത്തിനു മുൻപ്, ഇന്റർനെറ്റ് യൂ ട്യൂബും വാട്സാപ്പും ഫെയ്സ്ബുക്കുമൊക്കെ കളംപിടിക്കുന്നതിനും മുൻപ്. എൺപതുകളിലും തൊണ്ണൂറുകളിലും കസെറ്റുകൾ ഇരുപുറം പാടി, തമാശ കേൾപ്പിച്ച് ഓണ വിരുന്നൊരുക്കി.
ഓണപ്പാട്ടുകളും ഓണച്ചിരിയും
ഓണമെന്നാൽ ഗായകരും സംഗീത സംവിധായകരും ഗാന രചയിതാക്കളും മൽസരിച്ചു പാട്ടൊരുക്കും കാലം കൂടിയായിരുന്നു. ചലച്ചിത്ര ഗാനങ്ങളും ഭക്തി ഗാനങ്ങളും പോലെ ഓണപ്പാട്ടുകളും മലയാളി ഹൃദയങ്ങളിൽ ശ്രുതി മീട്ടുമായിരുന്ന കാലം. ‘‘ദാസേട്ടനും ജയചന്ദ്രനും എം.ജി.ശ്രീകുമാറും ചിത്രയും സുജാതയുമൊക്കെ പാടുന്ന കസെറ്റുകൾ അക്കാലത്തു പതിവായിരുന്നു. 27 ഓണപ്പാട്ടു കസെറ്റുകൾ വരെ പുറത്തിറങ്ങിയ കാലം എന്റെ ഓർമയിലുണ്ട്.
തരംഗിണിയും രഞ്ജിനിയും പോലുള്ള വലിയ സ്റ്റുഡിയോകളായിരുന്നു അവയ്ക്കൊക്കെ പിന്നിൽ. അതുപോലെയാണു പാരഡി – കോമഡി സ്കിറ്റുകളും എത്തിയിരുന്നത്. സൈമൺ നവോദയ തുടങ്ങിവച്ച ‘ഓണത്തിനിടയ്ക്കു പൂട്ടു കച്ചവടം’ കോമഡി കസെറ്റ് വലിയ ഹിറ്റായിരുന്നു. നാദിർഷയും ദിലീപുമൊക്കെയായിരുന്നു പിന്നിൽ. പിന്നീട് അവർ രണ്ടു പേരും മാറി ‘ദേ, മാവേലി കൊമ്പത്ത്’ എന്ന പേരിൽ ഒരുപാടു വർഷങ്ങൾ കോമഡി കസെറ്റുകൾ അവതരിപ്പിച്ചു. വലിയ വിജയമായിരുന്നു അവയെല്ലാം’’. പ്രമുഖ ഹാസ്യ കലാകാരൻ കലാഭവൻ കെ.എസ്.പ്രസാദ് ഓർക്കുന്നു.