ഗിഫ്റ്റ് സിറ്റി പദ്ധതി: പ്രതിഷേധം കത്തുന്നു
Mail This Article
അങ്കമാലി∙ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി അനധികൃതമായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ അയ്യമ്പുഴയിൽ പ്രതിഷേധം കത്തുന്നു. ജനകീയ മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ അമലാപുരം ഏരിയ സായാഹ്ന സമരപ്പന്തൽ ഇടവക വികാരി ഫാ.വർഗീസ് ഇടശേരി ഉദ്ഘാടനം ചെയ്തു.
കൃഷിയോഗ്യമായ ഭൂമിയിൽ അതുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്കാണ് ഊന്നൽ കൊടുക്കേണ്ടതെന്നും വീടും കൃഷിസ്ഥലവും നശിപ്പിച്ചുള്ള യാതൊരുവിധ വികസനപ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും ഫാ.വർഗീസ് ഇടശേരി പറഞ്ഞു. സമരസമിതി കൺവീനർമാരായ ബിജോയി ചെറിയാൻ, ജോസ് ചുള്ളി, കൊല്ലക്കോട് ഇടവക വികാരി ബിജോയി പാലാട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
സമര സമിതിക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു യുവജനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണു സമരപ്പന്തലിൽ എത്തിയത്. പ്രാരംഭഘട്ടത്തിൽ എല്ലാ ദിവസവും വൈകിട്ട് ഒരുമണിക്കൂർ സമരപ്പന്തലിൽ ഇരുന്ന് പ്രതിഷേധം രേഖപ്പെടുത്താനാണ് പ്രദേശവാസികളുടെ തീരുമാനം.അയ്യമ്പുഴ പഞ്ചായത്തിലെ പശ്ചിമഘട്ട താഴ്‌വരയിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന ജനവിഭാഗത്തെ ഗിഫ്റ്റ് സിറ്റിയുടെ പേരിൽ മുന്നിറിയിപ്പുപോലും ഇല്ലാതെ കുടിയിറക്കുന്നത് പ്രതിഷേധാർഹമെന്നു പരിസ്ഥിതി പ്രവർത്തകർ.
പരിസ്ഥിതി പ്രവർത്തകരായ സി.ആർ.നീലകണ്ഠൻ, ജയശങ്കർ, ബെന്നി ജോസഫ്, ജെയ്സൻ പാനികുളങ്ങര, അനിൽ കാതിക്കുടം തുടങ്ങിയവരുടെ നേതൃത്വത്തിൽ നാളെ നാലിനു പദ്ധതി പ്രദേശം സന്ദർശിക്കും. കുടിയിറക്കൽ ഭീഷണിയുള്ള ജനങ്ങളുമായും സമരസമിതി നേതാക്കളുമായും പരിസ്ഥിതി പ്രവർത്തകർ ആശയവിനിമയം നടത്തുകയും ചെയ്യും.