കാലടി എക്സൈസ് ഓഫിസ് പ്രതിയെ സൂക്ഷിക്കാൻ പ്ലൈവുഡ് മറ (മതി)
Mail This Article
കാലടി∙ മിനി സിവിൽ സ്റ്റേഷനിലേക്കു മാറിയിട്ടും കാലടി എക്സൈസ് റേഞ്ച് ഓഫിസിൽ അടിസ്ഥാന സൗകര്യങ്ങളില്ല. ഒരു ഹാളിനുള്ളിലാണ് എക്സൈസ് ഓഫിസിന്റെ എല്ലാ പ്രവർത്തനങ്ങളും . ഇൻസ്പെക്ടർ അടക്കം 18 ഓഫിസർമാരുണ്ട്. 5 പേരുടെ ഒഴിവുണ്ട്. ഓഫിസിൽ നിന്നു തിരിയാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. കോവിഡ് മാനദണ്ഡമനുസരിച്ചു സാമൂഹിക അകലം പാലിച്ചു ജോലി ചെയ്യാൻ നിർവാഹമില്ല. അറസ്റ്റ് ചെയ്യുന്ന പ്രതികൾക്കു പ്രത്യേക സെൽ ഇല്ല. ഹാളിന്റെ മൂലയിൽ പ്ലൈവുഡ് ഉപയോഗിച്ചു മറച്ച സ്ഥലമാണ് ഇപ്പോൾ ഇതിന് ഉപയോഗിക്കുന്നത്. പ്ലൈവുഡ് മറ ഒട്ടും സുരക്ഷിതമല്ലെന്ന് അധികൃതർക്കും അറിയാം.
വനിതാ എക്സൈസ് ഓഫിസർമാർക്കു വസ്ത്രം മാറാൻ പോലും പ്രത്യേക മുറിയില്ല. തൊണ്ടി മുതൽ സൂക്ഷിക്കുന്നതിന് ഇടുങ്ങിയ ഒരു മുറിയുണ്ട്. കൂടുതൽ തൊണ്ടി സാധനങ്ങൾ വന്നാൽ വരാന്തയിൽ സൂക്ഷിക്കേണ്ടി വരും. 5 വർഷം മുൻപാണ് എക്സൈസ് ഓഫിസ് മിനി സിവിൽ സ്റ്റേഷനിലേക്കു മാറ്റിയത്. കാലടി, മലയാറ്റൂർ-നീലീശ്വരം, മഞ്ഞപ്ര, അയ്യമ്പുഴ പഞ്ചായത്തുകളാണ് കാലടി എക്സൈസ് ഓഫിസിനു കീഴിലുള്ളത്.