ലിങ്ക് ട്രെയിനുകൾ ഇല്ലാതാക്കുന്നു; 9 പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസാകും, ചില പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കും
Mail This Article
കൊച്ചി∙ റെയിൽവേ ടൈംടേബിൾ പരിഷ്കരണത്തിൽ ലിങ്ക് ട്രെയിനുകൾ ഇല്ലാതാക്കി മറ്റ് 5 ട്രെയിനുകളിൽ കോച്ചുകൾ കൂട്ടുന്നു. എറണാകുളം – കാരയ്ക്കൽ, ചെന്നൈ എഗ്‌മൂർ – ഗുരുവായൂർ, കന്യാകുമാരി – കത്ര ഹിമസാഗർ എക്സ്പ്രസ്, കൊച്ചുവേളി – ഡെറാഡൂൺ, ധൻബാദ് – ആലപ്പുഴ എന്നിവയിലാണു കോച്ചുകൾ കൂട്ടുക.
തുടക്കത്തിൽ 4 എണ്ണം വരെ കൂട്ടും. യാത്രക്കാർ കുറവായതിനാൽ മംഗളൂരു – കത്ര നവയുഗ് എക്സ്പ്രസ് റദ്ദാക്കാൻ സാധ്യത. എറണാകുളം – ടാറ്റ നഗർ സർവീസ് ആരംഭിക്കും. പ്രധാന ജംക്‌ഷനുകളിൽ കോച്ചുകൾ യോജിപ്പിക്കുന്നതും വേർപ്പെടുത്തുന്നതും മൂലമുള്ള സമയ നഷ്ടവും സുരക്ഷാ പ്രശ്നങ്ങളും ഒഴിവാക്കാനാണു ലിങ്ക് ട്രെയിനുകൾ പൂർണമായി ഒഴിവാക്കുന്നത്.
ന്യൂഡൽഹി – തിരുവനന്തപുരം കേരള എക്സ്പ്രസിന്റെ സമയമാറ്റം പരിഗണനയിലുണ്ട്.കേരളത്തിലേക്കു ഡൽഹിയിൽ നിന്നു വൈകിട്ട് പ്രതിദിന ട്രെയിൻ ഇല്ലെന്ന പരാതി തീർക്കാൻ കേരള എക്സ്പ്രസ് രാത്രിയിൽ പുറപ്പെടും വിധമാക്കാനാണു ശ്രമം. രാജധാനി, മംഗള, കേരള എന്നിവയെല്ലാം ഇപ്പോൾ രാവിലെ 9നും 12നും ഇടയിലാണു പുറപ്പെടുന്നത്. ഡൽഹിയിൽ എത്തുന്നവർക്കു ജോലി തീർത്ത് വൈകിട്ടു നാട്ടിലേക്കു മടങ്ങാൻ ട്രെയിൻ ഇല്ലാത്തതിനാൽ ഒരു ദിവസം കൂടി ഹോട്ടലിൽ തങ്ങേണ്ടി വരുന്നുണ്ട്.
9 പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസാകും
കൊച്ചി∙ ടൈംടേബിൾ പരിഷ്കരിക്കുമ്പോൾ കേരളത്തിലെ 9 പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസാക്കും. നാഗർകോവിൽ – കോട്ടയം, കോയമ്പത്തൂർ – മംഗളൂരു, കോട്ടയം – നിലമ്പൂർ, പുനലൂർ – ഗുരുവായൂർ, തൃശൂർ – കണ്ണൂർ, കണ്ണൂർ – കോയമ്പത്തൂർ, മംഗളൂരു – കോഴിക്കോട്, മധുര – പുനലൂർ, പാലക്കാട് ടൗൺ – തിരുച്ചിറപ്പള്ളി പാസഞ്ചർ എന്നിവയാണു പട്ടികയിലുള്ളത്.
200 കിലോ മീറ്ററിൽ കൂടുതൽ സഞ്ചരിക്കുന്ന പാസഞ്ചറാണ് എക്സ്പ്രസാക്കുക. യാത്രക്കാർ കുറഞ്ഞ 5 ജോടി പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കും. 56387 / 88 എറണാകുളം – കായംകുളം, 56043 / 44 തൃശൂർ – ഗുരുവായൂർ, 66315 /16 എറണാകുളം – കായംകുളം മെമു, 56333 / 34 പുനലൂർ – കൊല്ലം പാസഞ്ചർ, 56377 / 78 ആലപ്പുഴ – കായംകുളം എന്നിവയാണു റദ്ദാക്കുന്നത്.
പാലക്കാട് – തിരുച്ചെന്തൂർ പാസഞ്ചർ മധുര വരെയാക്കി ചുരുക്കും. പാലക്കാടിനും പൊള്ളാച്ചിക്കും ഇടയിൽ പാസഞ്ചറായും പൊള്ളാച്ചിക്കും മധുരയ്ക്കും ഇടയിൽ എക്സ്പ്രസായും സർവീസ് നടത്തും. എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പുകൾ കാര്യമായി കുറയ്ക്കില്ല. മയ്യനാട്, ഡിവൈൻ നഗർ സ്റ്റോപ്പുകൾ ഒഴിവാക്കും.
ചെന്നൈ എഗ്‌മൂർ – കൊല്ലം എക്സ്പ്രസിന്റെ ഇടമൺ, തെന്മല, തിരുനെൽവേലി – പാലക്കാട് പാലരുവിയുടെ ന്യൂ ആര്യങ്കാവ്, തെന്മല സ്റ്റോപ്പുകൾ പിൻവലിക്കും. ഗുരുവായൂർ – എറണാകുളം പാസഞ്ചർ (56375) എറണാകുളം – തൃശൂർ, തൃശൂർ – ഗുരുവായൂർ എന്നു രണ്ടാക്കും.