ആലുവ മാർക്കറ്റിലെ കച്ചവടം പൂട്ടിച്ച് കിംവദന്തി
Mail This Article
ആലുവ∙ ഒരാഴ്ചത്തെ അടച്ചു പൂട്ടലിനു ശേഷം നഗരസഭ മാർക്കറ്റ് തുറന്നെങ്കിലും കച്ചവടം നാലിലൊന്നായി കുറഞ്ഞു. മാർക്കറ്റ് കോവിഡ് വ്യാപന കേന്ദ്രമാണെന്ന പ്രചാരണത്തെ തുടർന്നുണ്ടായ അനാവശ്യ ഭീതിയാണ് ആളുകൾ വരാത്തതിനു കാരണമെന്നു വ്യാപാരികൾ പറയുന്നു. പച്ചക്കറി, ഉണക്കമീൻ എന്നിവയുടെ മൊത്ത വ്യാപാരവും ചില്ലറ വിൽപനയുമാണ് ഇന്നലെ തുടങ്ങിയത്. പച്ചമീൻ മൊത്തവ്യാപാരം തിങ്കളാഴ്ച ആരംഭിക്കും. രാത്രി 9 വരെ തുറന്നിരിക്കാറുള്ള പല കടകളും ആളുകൾ വരാത്തതിനാൽ ഉച്ചയോടെ അടച്ചു.
തൊഴിലാളികൾക്കു കയറ്റിറക്കു കൂലി കൊടുക്കാനുള്ള പണം പോലും കിട്ടുന്നില്ലെന്നാണു സ്റ്റാൾ ഉടമകളുടെ പരാതി. ഒന്നര മാസം അടച്ചിട്ട ശേഷം മാർക്കറ്റ് തുറന്ന് കച്ചവടം പൂർവ സ്ഥിതിയിലാക്കാൻ ശ്രമിക്കുന്നതിനിടെയാണു കഴിഞ്ഞ ആഴ്ചയിൽ വീണ്ടും അടച്ചുപൂട്ടിയത്. ഇതിനിടെ മാർക്കറ്റിനു പുറത്തും സമീപ ഗ്രാമങ്ങളിലും പുതിയ പച്ചക്കറി മൊത്തവ്യാപാര സ്ഥാപനങ്ങൾ ഉയർന്നു. തമിഴ്നാട്ടിൽ നിന്നു പച്ചക്കറി അവിടെ നേരിട്ട് ഇറക്കിക്കൊടുക്കുകയാണ്. അതിനാൽ ചില്ലറ വ്യാപാരികൾ പലരും ആലുവ മാർക്കറ്റിലേക്കു വരാതായി.
മാർക്കറ്റിൽ നിന്നു സ്ഥിരമായി പച്ചക്കറി കടം വാങ്ങിയിരുന്ന വകയിൽ വൻ തുക നൽകാനുള്ളവരാണ് ഇവരിൽ ചിലർ. പുതിയ മൊത്തവ്യാപാര സ്ഥാപനങ്ങളുടെ വരവ് ഇത്തരക്കാർക്കു ഗുണകരമായി. കുറച്ചു ചില്ലറ കച്ചവടക്കാർ പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ മാർക്കറ്റുകളിലേക്കും മാറിയിട്ടുണ്ട്. കച്ചവടം കുറഞ്ഞതു വ്യാപാരികളെ മാത്രമല്ല, പെട്ടി ഓട്ടോ തുടങ്ങിയ വാഹനങ്ങൾ ഓടിക്കുന്നവരെയും ചായക്കടക്കാരെയും ഒക്കെ ബാധിച്ചു.