2 കിലോമീറ്ററോളം വൻ ഗതാഗതക്കുരുക്ക്; എല്ലായിടത്തും തിരക്ക് കുറഞ്ഞിട്ടും തിരക്കൊഴിയാതെ കാലടി
Mail This Article
കാലടി∙ കോവിഡ് വ്യാപനത്തെ തുടർന്നു റോഡുകൾ പൊതുവേ തിരക്കൊഴിഞ്ഞ അവസ്ഥയിൽ ആണെങ്കിലും കാലടി പട്ടണത്തിൽ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. മിനിയാന്നു വൈകിട്ട് ആരംഭിച്ച ഗതാഗതക്കുരുക്ക് ഇന്നലെ രാത്രി വരെ തുടർന്നു. ചിലപ്പോൾ കിലോമീറ്ററുകളോളം കുരുക്കു നീണ്ടു. എംസി റോഡിൽ കാലടി പട്ടണത്തിൽ നിന്നു പെരുമ്പാവൂർ റോഡിൽ 2 കിലോമീറ്ററോളം ഒക്കൽ വരെയും അങ്കമാലി റോഡിൽ ഒന്നര കിലോമീറ്റർ മറ്റൂർ വരെയും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി. കാലടി ശ്രീശങ്കര പാലത്തിന്റെ രണ്ടറ്റങ്ങളിലും ഉണ്ടായിട്ടുള്ള വിള്ളലാണു കുരുക്കിനു കാരണമായി യാത്രക്കാർ പറയുന്നത്.
പാലവും അപ്രോച്ച് റോഡും ചേരുന്ന ഭാഗത്തു ടാർ ഇളകി പോയതിനെ തുടർന്നാണ് അവിടെ ആഴത്തിലുളള വിളളലായത്. ഇവിടെ എത്തുമ്പോൾ വാഹനങ്ങൾ വളരെ സാവധാനത്തിൽ പോകുന്നതു മൂലമാണു ഗതാഗതം കുരുങ്ങുന്നത്. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ വിള്ളലിൽ ചാടുമ്പോൾ വലിയ കുടുക്കം ഉണ്ടാകുന്നു. അതിനാൽ വളരെ സൂക്ഷിച്ചാണു വാഹനങ്ങൾ പോകുന്നത്. ഇവിടെ വിള്ളൽ രൂപപ്പെടാൻ തുടങ്ങിയിട്ട് 2 മാസത്തോളമായി. എന്നാൽ അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. വിള്ളൽ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ഇതിനോടു ചേർന്നുള്ള റോഡിലെയും ടാർ അടർന്നു വലിയ കുഴികളാകാൻ സാധ്യതയുണ്ട്. ഇതു ഗതാഗതം കൂടുതൽ ദുഷ്കരമാക്കും.